25 December 2024, Wednesday
KSFE Galaxy Chits Banner 2

തിരുപ്പതി ലഡുവിലെ രാഷ്ട്രീയവും മതവും

കല്യാണി ശങ്കര്‍
October 4, 2024 4:45 am

തിരുമല തിരുപ്പതി ദേവസ്ഥാനം വിൽക്കുന്ന ശ്രീവരി ലഡു പോലുള്ള നിരുപദ്രവകാരിയായ ഒരു പലഹാരം വിവാദങ്ങളിലും സംശയങ്ങളിലും പെട്ടുഴലുകയാണ്. വിവാദം വേഗത്തില്‍ അവസാനിക്കുകയല്ല, കഴിഞ്ഞ ആഴ്ചയിൽ ഏറെ മുന്നോട്ടുപോവുകയാണുണ്ടായത്. ഇത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് തന്റെ മുൻഗാമി ജഗൻ മോഹൻ റെഡ്ഡിയെ തോല്പിക്കാനുള്ള രാഷ്ട്രീയ ആയുധമായി. മറ്റ് പാർട്ടികളായ കോൺഗ്രസും ബിജെപിയും ഇത് തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുന്നു. ചിലർ അതിനെ മതപരമായ പ്രശ്നമായി കാണുമ്പോള്‍, മറ്റുചിലർ ഭക്ഷണത്തിന്റെ ഗുണനിലവാര പ്രശ്നമായി കാണുന്നു. ലഡു ദൈവികമായ പ്രസാദമാണെന്നും മലിനമായ ലഡു ദൈവത്തിന് സമർപ്പിക്കരുതെന്നും ആത്മീയ നേതാക്കൾ പറയുന്നു.

ലഡുവിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ രാഷ്ട്രീയം, മതം, ഭക്ഷണ ഗുണനിലവാരം, പൊതുജനങ്ങൾ എന്നിവ തമ്മിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥയെ എടുത്തുകാണിക്കുന്നുണ്ട്. പഞ്ചസാര, ഏലക്ക, ഉണക്കമുന്തിരി, കശുവണ്ടി, ചെറുപയർ എന്നിവ ചേർത്ത് ശുദ്ധമായ നെയ്യിലാണ് സ്വാദിഷ്ടമായ ലഡു ഉണ്ടാക്കുന്നത്. ആധുനിക അടുക്കളയിൽ തയ്യാറാക്കുന്ന പ്രസാദത്തിന് ദിവസേന 14 ടൺ പശുവിൻ നെയ്യ് ഉപയോഗിച്ചിരുന്നു. ആദ്യം ദൈവത്തിന് സമർപ്പിക്കുകയും പിന്നീട് ‘പ്രസാദമായി’ ഭക്തർക്ക് വിതരണം ചെയ്യുകയുമാണ് രീതി. പ്രതിവർഷം 500 കോടി രൂപയുടെ വില്പനയാണ് നടക്കുന്നത്.
ജഗനെ അക്രമിക്കാനാണ് ലഡു വിവാദം നായിഡു ഉയര്‍ത്തിയത്. മൃഗക്കൊഴുപ്പ് കലർന്ന ലഡു പ്രസാദമായി വില്‍ക്കാന്‍ റെഡ്ഡി സർക്കാർ അനുവദിച്ചതായി അദ്ദേഹം ആരോപിച്ചു. തന്റെ മൂന്നാം ടേമിൽ, ടിഡിപി പിന്തുണയ്ക്കുന്ന മോഡി സർക്കാർ 100 ദിവസം പൂർത്തിയാക്കിയതിന്റെ ആഘോഷവേളയിലാണ് അദ്ദേഹം ആരാേപണം ഉന്നയിച്ചത്. മുമ്പ് അറുപതുകളിലും എഴുപതുകളിലും ലഡു ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. പച്ചക്കറി കൊഴുപ്പായ ഡാൽഡ വനസ്പതി, നെയ്യില്‍ ചേർക്കുന്നത് സംബന്ധിച്ചാണ് അന്ന് ആശങ്കകളുണ്ടായത്. അധികക്കൊഴുപ്പിനായുള്ള വനസ്പതിയുടെ ഇറക്കുമതി ഉപേക്ഷിക്കുകയും വിതരണക്കാരെ തടയുകയും ചെയ്തു.
മറ്റൊരിക്കല്‍ വെങ്കിടേശ്വര ഭഗവാന്റെ തിലകത്തെക്കുറിച്ച് രണ്ട് വൈഷ്ണവ വിഭാഗങ്ങൾ തമ്മിൽ തർക്കമുയര്‍ന്നു. ഇരുകൂട്ടരും വെങ്കിടേശ്വരന്റെ നെറ്റിയിൽ വ്യത്യസ്ത തിലകങ്ങളാണ് ചാർത്തുന്നത്. ഒടുവില്‍ രണ്ട് തിലകങ്ങളും മാസത്തിൽ 15 ദിവസം വീതം ഉപയോഗിക്കണമെന്ന് സുപ്രീം കോടതി വിധിച്ചു.
ജൂണിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപിയാണ് വിജയിച്ചത്. ഭരണത്തിലിരുന്ന ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആർസിപി പരാജയപ്പെട്ടു. വിജയത്തിനുശേഷമാണ് ലഡു വിഷയം ടിഡിപി ഉപയോഗിച്ചത്. ജഗൻ സർക്കാരിന്റെ ചെലവ് ചുരുക്കൽ നടപടികൾ തിരുമല ലഡുവിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്തുവെന്നും നിലവാരമില്ലാത്ത നെയ്യ് വാങ്ങുന്നതിലേക്ക് നയിച്ചുവെന്നും ടിഡിപി ആരോപിച്ചു. ജഗന്റെ ഭരണകാലത്ത് ഹിന്ദുമത ആചാരങ്ങളെ അവഗണിച്ചതായും നായിഡു ആരോപിച്ചു. ജഗനും അദ്ദേഹത്തിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ രാജശേഖർ റെഡ്ഡിയും ക്രിസ്ത്യന്‍ വിശ്വാസികളാണ് എന്നതാണ് ആരോപണത്തിനു പിന്നിലെ രഹസ്യം.

വിവാദം രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് ജഗന്‍ ആരോപണം നിഷേധിച്ചു. തനിക്കെതിരായ രാഷ്ട്രീയ പകപോക്കലിന് ചന്ദ്രബാബു ശ്രമിക്കുകയാണെന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പരാതിയും നല്‍കി. വൈഎസ്ആർസിപി നായിഡുവിനെ വിമർശിക്കുകയും ശുദ്ധീകരണ ചടങ്ങ് നടത്തുകയും ചെയ്തു. അതേസമയം ജഗന് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടു.
രണ്ടാഴ്ചയോളം ലഡു വിവാദം ആളിപ്പടര്‍ന്നിട്ടും മറ്റ് പാർട്ടികളുടെ പിന്തുണ ജഗന് ലഭിച്ചില്ല. ഇടക്കാലത്ത് കോൺഗ്രസിൽ ചേർന്ന ജഗന്റെ സഹോദരി ശർമ്മിള, ആന്ധ്രാ പിസിസി അധ്യക്ഷയാണ്. ഗവർണറെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ഉപമുഖ്യമന്ത്രിയും നായിഡുവിന്റെ സഖ്യകക്ഷിയും സിനിമാതാരവുമായ പവൻ കല്യാൺ വിഷയം മതത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുത്തു. മോശം നെയ്യ് ഗുരുതരമായ കുറ്റമാണെന്നവകാശപ്പെട്ട അദ്ദേഹം 11 ദിവസം വ്രതവും അനുഷ്ഠിച്ചു. നായിഡു രാഷ്ട്രീയം കളിക്കുമ്പോൾ, സനാതന ധർമ്മം സംരക്ഷിക്കപ്പെടണമെന്നു പറഞ്ഞ് മതപരമായ കാർഡിറക്കുകയാണ് കല്യാണ്‍.

മാധ്യമങ്ങളും പൊതുപ്രവർത്തകരും ചില രാഷ്ട്രീയ നേതാക്കളും ലഡുവിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്തതോടെയാണ് വിവാദം വ്യാപകമായത്. ഇത് വിശ്വാസികള്‍ക്കും ഭക്തർക്കുമിടയിൽ രാജ്യവ്യാപകമായി അമര്‍ഷമുണ്ടാക്കി. ബിജെപി അനുബന്ധ സംഘടനയായ വിഎച്ച്പി, അയോധ്യയിലെ പുരോഹിതര്‍, ചില മതസംഘടനകൾ തുടങ്ങിയവര്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. അയോധ്യയിലെയും പുരി ജഗന്നാഥ ക്ഷേത്രത്തിലെയും പുരോഹിതന്മാർ അവരുടെ പ്രസാദവും ഗുണനിലവാര പരിശോധനയ്ക്ക് അയച്ചിരിക്കുന്നു. ക്ഷേത്രങ്ങളെ ഭരണകൂട നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യത്തിനും ലഡു വിവാദം കാരണമായിട്ടുണ്ട്. ഇത് ഇടയ്ക്കിടെ ഉയർന്നുവന്നിരുന്നതാണെങ്കിലും ഒരു സർക്കാരും ക്ഷേത്രങ്ങൾ വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നില്ല.
വിവാദം പരിശോധിക്കാന്‍ സംസ്ഥാന സർക്കാർ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അതിനിടെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനാ സമിതി അധ്യക്ഷൻ സുർജിത് സിങ് യാദവ് സുപ്രീം കോടതിയെ സമീപിച്ചു. വിവാദത്തില്‍ ആന്ധ്രാ സര്‍ക്കാരിനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനുമെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതി ഉയര്‍ത്തിയത്. തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണത്തിന് എന്ത് തെളിവാണുള്ളതെന്ന് സുപ്രീം കോടതി മുഖ്യമന്ത്രിയോട് ചോദിച്ചു. സര്‍ക്കാര്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കെ തെളിവുകളില്ലാതെ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കേണ്ട ആവശ്യകത എന്തെന്നും സുപ്രീം കോടതി ചോദിച്ചു. കുറഞ്ഞത് ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തില്‍നിന്ന് അകറ്റി നിര്‍ത്തണമെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
വിവാദമുണ്ടാക്കിയ നഷ്ടം തടയാൻ തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ശ്രമിച്ചുവരികയാണ്. അവര്‍ ശുദ്ധീകരണ ചടങ്ങ് നടത്തുകയും ലഡുവിൽ മായമില്ലെന്ന് ഭക്തർക്ക് ഉറപ്പ് നൽകുകയും ചെയ്തു. എന്നിട്ടും പ്രശ്നം വികസിച്ചുകൊണ്ടിരിക്കുന്നു. കോടതിയിലെത്തിയതിനാൽ പരിഹാരത്തിന് കൂടുതൽ സമയമെടുത്തേക്കാം. കോടതിയില്‍ നിന്ന് വിമര്‍ശനമുണ്ടായെങ്കിലും വിഷയം കത്തിനില്‍ക്കുന്നത് ചന്ദ്രബാബുവിനും മോഡിക്കും അനുഗുണമാണ്. പക്ഷേ ഇത്തരമൊരു സങ്കീര്‍ണമായ പ്രശ്നം നിയന്ത്രണാതീതമാവുകയും ഇടപെട്ടില്ലെങ്കിൽ ക്രമസമാധാന പ്രശ്നമായി മാറുകയും ചെയ്യും. നിലനിൽക്കുന്നിടത്തോളം മതപരമായ സംവേദനക്ഷമതയുടെ അപകടസാധ്യത വർധിക്കും.

രാഷ്ട്രീയവും ഭക്ഷണവും മതവും സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകതയാണ് ലഡു വിവാദം കാണിക്കുന്നത്. ആത്മീയ കാര്യങ്ങളിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുമെന്ന് രാഷ്ട്രീയ‑മത നേതാക്കൾ ശ്രദ്ധാപൂർവം പരിഗണിക്കണം. വിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോൾ അത് വികാരാധീനമാകും. വൈകാരിക വിഷയമാക്കാതിരിക്കാൻ രാഷ്ട്രീയക്കാർ ജാഗ്രത പുലർത്തണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.