22 November 2024, Friday
KSFE Galaxy Chits Banner 2

ദേശീയ ഐക്യത്തിന് വെറുപ്പിന്റെ രാഷ്ട്രീയമല്ല മാര്‍ഗം

Janayugom Webdesk
July 7, 2022 5:33 am

ന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ ‘ദി ഹിന്ദു‘വിലെ ഒരു മുഖപ്രസംഗം,‍ രാജ്യത്ത് സമീപകാലത്ത് വ്യാപകമായി‍ നടക്കുന്ന സംഘടിതമായ ന്യൂനപക്ഷ വേട്ടയെ സംബന്ധിച്ചായിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ കാണുന്നത് അതിവേഗം വളര്‍ന്ന് ശക്തിപ്രാപിച്ചുവരുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളാണ്. ഇത്തരമൊരു പ്രവണത ഒറ്റപ്പെട്ടതല്ല; മറിച്ച് ഒരു സാധാരണ പ്രവണതയായി മാറിയിരിക്കുന്നു എന്നാണ് അതിലെ പ്രധാനവരികള്‍. ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി, മുഖപ്രസംഗത്തിലെ ഈ പരാമര്‍ശം എത്രയോ ശരിയാണെന്നും അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ഭാവിയുടെ മാത്രമല്ല, ജനാധിപത്യ വ്യവസ്ഥയുടെയും മതനിരപേക്ഷതയുടെയും സംരക്ഷണാര്‍ത്ഥം കൂടി ഈ പ്രവണത എന്തുവിലകൊടുത്തും പ്രതിരോധിക്കപ്പെടുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതാണെന്നും വിവരിച്ച് പണ്ഡിതോചിതമായ ദീര്‍ഘമായൊരു ലേഖനം ആ ദിനപ്പത്രത്തില്‍ തന്നെ നല്‍കിയിരുന്നു.
മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അരങ്ങേറുന്നത് ആഭ്യന്തരതലത്തിലാണെങ്കിലും ആധുനിക ആഗോളവല്കൃത ഭൗമ, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഇവയുടെ ആഘാതങ്ങള്‍ സമീപ രാജ്യങ്ങളില്‍ മാത്രമല്ല, വിദൂരരാജ്യങ്ങളിലും അലയടിക്കുക എന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ ഇത്തരം പ്രത്യാഘാതങ്ങളും പ്രതികരണങ്ങളും പെട്ടെന്ന് തന്നെ ഉണ്ടാകും. ചിലപ്പോള്‍ അല്പം വൈകിയും.
ഇന്ത്യയെപ്പോലൊരു കൊളോണിയല്‍ ചൂഷണമുക്ത വികസ്വര രാജ്യത്തെ ന്യൂനപക്ഷ വിരുദ്ധവാക്കുകളും പ്രവൃ‍ത്തികളും അതിവേഗം ആഗോള മാധ്യമലോകത്ത് ഇടം കണ്ടെത്തുന്നു. വിശിഷ്യാ, ഭാഷാമാധ്യമങ്ങള്‍ വ്യാപകമായ തോതില്‍ പ്രചാരത്തിലിരിക്കുമ്പോള്‍. ഇന്ത്യന്‍ ജനസംഖ്യയില്‍ 15 ശതമാനത്തിലേറെ വരുന്ന മുസ്‌ലിം ന്യൂനപക്ഷ മതവിശ്വാസികളെ ‘ബുള്‍ഡോസര്‍’ പ്രയോഗത്തിലൂടെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനും ഉന്മൂലനം ചെയ്യാനും കേന്ദ്ര ഭരണത്തിലിരിക്കുന്ന അസല്‍ ഫാസിസ്റ്റ് സ്വഭാവമുള്ള ബിജെപി സംഘ്പരിവാര്‍ ഭരണകൂടം ലക്ഷ്യമിടുമ്പോള്‍ അതിനെതിരെ ശക്തമായ പ്രതികരണം ഇന്ത്യക്ക് വെളിയില്‍ നിന്നുപോലും ഉണ്ടാകാന്‍ ഏറെ സമയം വേണ്ടിവരുന്നില്ല.


ഇതുകൂടി വായിക്കൂ:  ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതെന്ത്?


ലേഖകന്റെ ജന്മനാടായ എറണാകുളം ജില്ലയിലെ ചേന്ദമംഗലം എന്നൊരു ചെറിയ ഗ്രാമമുണ്ട്. ഉദ്ദേശം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പുരാതനമായൊരു ഹിന്ദു ക്ഷേത്രവും ഒരു മുസ്‌ലിം മസ്ജിദും ഒരു ക്രിസ്ത്യന്‍ പള്ളിയും മാത്രമല്ല, ഒരു ജുതപ്പള്ളിയും ഇവിടുണ്ട്. പതിറ്റാണ്ടുകളായി മതവിശ്വാസികള്‍ തമ്മില്‍ യാതൊരു സ്പര്‍ധയുമില്ലാതെ ഇടകലര്‍ന്ന് ഈ പ്രദേശത്ത് സമാധാനപരമായ കുടുംബജീവിതം നയിച്ചുവരുന്നതായി കാണാന്‍ കഴിയുന്നു. ഇതില്‍ ജൂതസമൂഹത്തില്‍ ഇപ്പോള്‍ ആരും തന്നെ അവിടെ താമസക്കാരായിട്ടില്ല.
മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ഒരുമിച്ച് പൂക്കള്‍ ശേഖരിക്കുകയും വിവിധ മതവിശ്വാസികളുടെ വീടുകളിലെല്ലാം പൂക്കളങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. ആ നല്ലകാലം ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്ക്കുന്നുണ്ട്. തിരുവോണ ദിവസം മുസ്‌ലിം, ക്രിസ്ത്യന്‍, യഹൂദ മതവിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ ലേഖകന്റെ പുരാതന നായര്‍ തറവാട്ടില്‍ ഒത്തുകൂടി പഴവും പപ്പടവും പായസവും വിവിധ തരം ഉപ്പേരികളും ഒരുമിച്ചിരുന്ന് ആസ്വദിച്ചിരുന്ന കാലഘട്ടം ഇനി സ്വപ്നത്തില്‍ സങ്കല്പിക്കാന്‍ മാത്രമേ കഴിയൂ. കാരണം സാംസ്കാരിക ഔന്നത്യത്തില്‍ നാം മലയാളികള്‍പോലും മനുഷ്യനല്ലാതായി മാറി ഊറ്റംകൊണ്ടിരിക്കുകയാണിന്ന്.

ഇന്ത്യയോടൊപ്പം നമ്മുടെ നാടും അസഹിഷ്ണുത മനോഭാവത്തിന് അടിപ്പെടുകയും ബഹുസ്വരതയില്‍ ഊന്നിയുള്ള സംസ്കാരം തിരസ്കരിക്കുകയും ചെയ്തിരിക്കുകയാണെന്ന് തോന്നുന്നു. മതനിരപേക്ഷതയുടെ സ്ഥാനത്ത് മതസ്പര്‍ധയ്ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണായി കേരളം മാറുകയാണോ എന്ന് തോന്നിപ്പോകുന്നു. ഏതാനും സമീപകാല സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ സംസ്ഥാനത്ത് ഒരു നഗരത്തില്‍ മാത്രമാണ് അതിന്റെ പേരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അതും മിതമായ തോതില്‍ മാത്രവുമായിരുന്നു, തികച്ചും താല്ക്കാലികവും. എന്നാല്‍ ഇന്നത്തെ സ്ഥിതി ഒരു പരിധിവരെയെങ്കിലും ആശങ്കക്കിട നല്‍കുന്നു. ഈ സ്ഥിതി ഒഴിവാക്കിയേ തീരൂ.


ഇതുകൂടി വായിക്കൂ:  ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രതിസന്ധി


കേന്ദ്ര ഭരണകക്ഷിയായ ബിജെപിയിലെ തന്നെ ഉന്നതസ്ഥാനീയരായ നേതാക്കളുടെ പ്രവാചകനിന്ദാതന്ത്രം മോഡി ഭരണത്തിന് സ്വന്തം ബാധ്യതയില്‍ നിന്നും എളുപ്പത്തില്‍ കൈകഴുകാന്‍ കഴിയാത്തതാണ്. ഇതില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്നവരില്‍ പ്രധാനി ബിജെപിയുടെ ദേശീയ വക്താവായ നൂപുര്‍ ശര്‍മയാണെങ്കില്‍ അവര്‍ക്കൊപ്പം രംഗത്തുവന്നത് ദേശീയ തലസ്ഥാനനഗരിയിലെ ഭരണകക്ഷിയുടെ മാധ്യമവിഭാഗം ചുമതലക്കാരനായ നവീന്‍ കുമാര്‍ ജിന്‍ഡലുമാണ്. രാജ്യത്തിനകത്തും പുറത്തും നബിനിന്ദ വിളിച്ചോതിയ പ്രസ്താവന പുറത്തുവന്നതോടെ അതിശക്തമായ പ്രതിഷേധവും പ്രതികരണങ്ങളും മിന്നല്‍ വേഗത്തിലാണ് ഉയരുന്നത് കാണാനായത്.

നൂപുര്‍ ശര്‍മ്മയെ സംബന്ധിച്ചിടത്തോളം മുസ്‌ലിം വിരുദ്ധ നടപടി ഇതാദ്യത്തേതല്ല. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഒരു വിദ്യാര്‍ത്ഥിനിയായിരിക്കെ ഒരു പ്രഭാഷണം നടത്താന്‍ പ്രത്യേകം ക്ഷണം സ്വീകരിച്ചെത്തിയ മുസ്‌ലിം പണ്ഡിതന്‍ പ്രൊഫ. എസ് എ ആര്‍ ഗീലാനിയുടെ മുഖത്തു തുപ്പിയതിന് നേതൃത്വം നല്കിയത് നൂപുര്‍ ശര്‍മയല്ലാതെ മറ്റാരുമായിരുന്നില്ല. അന്നുവരെ മതനിരപേക്ഷതയില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ കൂട്ടായ്മയാണ് ഡല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്‍ ഭരണത്തിലിരുന്നതെങ്കില്‍ നൂപുര്‍ ശര്‍മയുടെ നേതൃത്വത്തില്‍ തീവ്ര ഹിന്ദുത്വ പ്രചരണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ബിജെപിയുടെ പോഷകസംബന്ധമായ എബിവിപി ഡല്‍ഹി യൂണിവേഴ്സിറ്റി ഭരണം പിടിച്ചെടുക്കുന്നത്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നും നിയമത്തില്‍ ബിരുദാനന്തര ബിരുദം കൂടി നേടിയതോടെ നൂപുര്‍ ശര്‍മ്മ പാര്‍ട്ടിയുടെ ദേശീയ വക്താവുമായി.
നൂപുറിന്റെ പരാമര്‍ശത്തിനെതിരെ ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിലും പേഴ്സ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഉണ്ടായ പ്രതികരണങ്ങള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഈ ഭൂപ്രദേശത്തെ മുഴുവന്‍ രാജ്യങ്ങളുമായി അതിവിപുലവും ആഴമേറിയതുമായ രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങളാണ് ഇന്ത്യക്കുള്ളത്. ഇവിടങ്ങളില്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കളാണ് പണിയെടുക്കുന്നതും കോടിക്കണക്കിന് രൂപ വിദേശ നിക്ഷേപങ്ങളിലൂടെ നിരവധി ഇന്ത്യന്‍ കുടുംബങ്ങളെ നിലനിര്‍ത്തിപ്പോരുന്നതും. ചെറിയ സംസ്ഥാനമായ കേരളത്തില്‍ നിന്നുപോലും ലക്ഷക്കണക്കിന് പേരാണ് ഗള്‍ഫ് മേഖലയിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും അമേരിക്കയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും പൗരത്വം പോലും സ്വീകരിച്ചു കഴി‍യുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങളുമായും സമാനമായ ബന്ധങ്ങളാണ് ഉള്ളത്. നിലവില്‍ രൂപപ്പെട്ടുവന്നിട്ടുള്ള വിശ്വാസ്യതാ പ്രതിസന്ധിക്ക് ആഭ്യന്തര മാനങ്ങള്‍‍ മാത്രമാണ് തുടക്കത്തില്‍ ഉണ്ടായതെങ്കിലും ഇവ ആഗോളതലത്തിലേക്കും വ്യാപിക്കുമെന്നതും ആശങ്കയുണ്ടാക്കുന്നു.


ഇതുകൂടി വായിക്കൂ:  സമവായശ്രമത്തില്‍ പതിയിരിക്കുന്നത് ചരിത്ര നിഷേധം


ന്യൂനപക്ഷ മുസ്‌ലിം സമുദായാംഗങ്ങള്‍ മാത്രമല്ല, മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വാസമര്‍പ്പിച്ചിട്ടുള്ള ഭൂരിഭാഗം വരുന്ന ഇന്ത്യന്‍ ജനതയും വിദേശ സുഹൃദ് രാജ്യങ്ങളും അവിടങ്ങളിലെ ജനങ്ങളും സംതൃപ്തരല്ല. മോഡി സര്‍ക്കാരിന്റെ കീഴിലുള്ള ഭരണഘടനാ സ്ഥാപനങ്ങളായ ദേശീയ മനുഷ്യാവകാശ കമ്മിഷനും ദേശീയ ന്യൂനപക്ഷ കമ്മിഷനും ഇതേപ്പറ്റി ഒരക്ഷരം ഉരിയാടിയിട്ടില്ലെന്നതും അത്ഭുതകരമാണ്.
മതിയായ നിയമത്തിന്റെ പിന്‍ബലമോ വ്യക്തമായ തെളിവുകളോ മുന്നറിയിപ്പോ ഇല്ലാതെ നിരാലംബരായ മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിലും പരിസര പ്രദേശങ്ങളിലും ഒറ്റതിരിഞ്ഞ് ബുള്‍ഡോസര്‍ രാജിന് കീഴ്പ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ഇടതടവില്ലാതെ നടത്തിവരികയാണ്. യുപിയിലെ ആദിത്യനാഥ് സര്‍ക്കാരും മധ്യപ്രദേശിലെ ചൗഹാന്‍ സര്‍ക്കാരും സമാനമായ ബുള്‍ഡോസര്‍ അതിക്രമങ്ങള്‍ തുടര്‍ന്നുവരികയുമാണ്. ലക്ഷ്യം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍തന്നെ. തീര്‍ത്തും വിവേചനപരവും അനീതിയില്‍ ഊന്നിയുമുള്ള ഇത്തരം നടപടികള്‍ ബിജെപി-സംഘപരിവാര്‍ ആധിപത്യമുള്ള ഭരണകൂടങ്ങളുടെ ഫാസിസ്റ്റ് സ്വഭാവം തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. ഗോള്‍വാള്‍ക്കറിസത്തിന്റെ സംഘടിതമായ ആവര്‍ത്തനംതന്നെ.
ഇന്ത്യന്‍ ഭരണഘടന മുന്തിയ പ്രാധാന്യം നല്കി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന തത്വം സാമൂഹ്യനീതിയും സമത്വവും സാഹോദര്യവും മുറുകെപ്പിടിക്കുക എന്നതാണല്ലോ. ഇതൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, തീര്‍ത്തും അവഗണിക്കപ്പെടുകയുമാണ്. തല്‍സ്ഥാനത്ത് ഉടലെടുത്തിരിക്കുന്നതും ഊട്ടിയുറപ്പിക്കപ്പെടുന്നതും വെറുപ്പ് എന്ന വികാരമാണ്. വെറുപ്പിന്റെയും ശത്രുതയുടെയും ഉത്ഭവം മതത്തിന്റെ പേരില്‍ മാത്രമായിരിക്കുന്നു.


ഇതുകൂടി വായിക്കൂ:  വിവാദവിധി ഭിന്നിപ്പ് രൂക്ഷമാക്കും


ഭാഷാടിസ്ഥാനത്തിലുള്ള ചരിത്രവും സംസ്കാരവും പരിശോധനാ വിഷയമാക്കുമ്പോഴും ഇന്ത്യ ഭാഷാ ന്യൂനപക്ഷത്തിന്റെ ഒരു ഭൂപ്രദേശമായിട്ടാണ് അറിയപ്പെടുന്നതും വിശേഷിപ്പിക്കപ്പെടുന്നതും. ഇന്ത്യയുടെ ലിങ്ഗ്വിസ്റ്റിക്ക് സര്‍വെയും ഗണേഷ് ഡേവി എന്ന ഭാഷാ ഗവേഷകന്റെ കണ്ടെത്തലുകളും വെളിവാക്കുന്നത് നമ്മുടെ രാജ്യം ഭാഷാ വൈവിധ്യങ്ങളുടെ വിളനിലമായിരുന്നു എന്നാണ്. എന്നിരുന്നാല്‍തന്നെയും രാജ്യത്തിന്റെ ഐക്യത്തിനും സമഭാവനയ്ക്കും ഭാഷാ വൈവിധ്യം അന്നൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ലെന്നാണ് ചരിത്രാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.
‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന മഹാനായ ശ്രീനാരായണഗുരുവിന്റെ സന്ദേശം തന്നെയാണ് ഭാഷാ സംബന്ധമായ ചിന്തയുടെയും അടിസ്ഥാനം. മതമായാലും ഭാഷയായാലും വൈവിധ്യം എന്നത് ഒരു പ്രശ്നമേ അല്ല. ദേശീയഐക്യം നിലനിര്‍ത്താനും സംരക്ഷിക്കാനും ഭാഷയെയും കരുവാക്കാന്‍ സമീപകാലത്ത് കേന്ദ്ര ബിജെപി ഭരണകൂടം നടത്തിവന്ന തന്ത്രം പാളിപ്പോകാന്‍ ഇടയാക്കിയതും നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യന്‍ ജനതയുടെ മേന്മയായി, വികാരമായി ഇന്നും തുടരുന്നതിന്റെ ലക്ഷണമല്ലാതെ മറ്റൊന്നുമല്ല. നാം എക്കാലവും മുറുകെ പിടിച്ചുവന്നിട്ടുള്ള ഈ വൈവിധ്യത്തോടൊപ്പം മത‑ഭാഷാ-സംസ്കാരിക വൈജാത്യമുള്ളവരെക്കൂടി ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയാണ് ദേശീയ ഐക്യത്തിന്റെ കാതലായ അംശം.
ചുരുക്കത്തില്‍ ‘വി, ദ പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന ഇന്ത്യന്‍ ഭരണഘടന നല്കുന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ വജ്രജൂബിലി വര്‍ഷത്തിലും നമ്മെ നയിക്കേണ്ടത്.
കേന്ദ്ര മോഡി ഭരണകൂടത്തിന് ഇതെത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നതാണ് നമ്മെ അലട്ടുന്ന പ്രശ്നം. ഇതെല്ലാം അംഗീകരിക്കുമ്പോള്‍തന്നെ രാജസ്ഥാനിലെ ഉദയ്‌പുരില്‍ നൂപുര്‍ ശര്‍മ്മക്ക് അനുകൂലമായൊരു പോസ്റ്റ് ഇട്ടതിന് ഒരു തയ്യല്‍ക്കാരന്റെ കഴുത്തറുത്ത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് മുസ്‌ലിം തീവ്രവാദി യുവാക്കളുടെ ക്രൂരമായ നടപടിയും 1983 ലെ ഒരു സിനിമാ ദൃശ്യം പങ്കിട്ടതിന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സുബൈറിനെ തടവിലാക്കിയ നടപടിയും അപലപിക്കേണ്ടതുതന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.