21 November 2024, Thursday
KSFE Galaxy Chits Banner 2

പൂജാ ഖേദ്കര്‍ കേസും ഭരണഘടനാ സ്ഥാപനങ്ങളും

കെ ദിലീപ്
നമുക്ക് ചുറ്റും
July 23, 2024 4:30 am

ക്കഴിഞ്ഞ ജൂലെെ 19ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്,‍ പൂജാ ഖേദ്കര്‍ എന്ന പ്രൊബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കിയതിനും അനുവദനീയമായതിലും കൂടുതല്‍ തവണ സിവില്‍ സര്‍വീസ് പരീക്ഷ കൃത്രിമ രേഖകള്‍ ചമച്ച് എഴുതിയതിനും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. തുടര്‍ന്ന് പുറത്തുവന്ന വസ്തുതകള്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനടക്കം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ വിശ്വാസ്യതയ്ക്ക് നേരെ ചോദ്യങ്ങളുയര്‍ത്തുകയാണ്. സമാന സ്വഭാവത്തില്‍ ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നു എന്ന് പരീക്ഷാ ഏജന്‍സി തന്നെ കോടതി മുമ്പാകെ സമ്മതിച്ച, രാജ്യത്തെ ഭാവി ഭിഷഗ്വരന്‍മാരെ സൃഷ്ടിക്കാനുള്ള നീറ്റ് പരീക്ഷയെക്കുറിച്ചുള്ള കേസ് സുപ്രീം കോടതിയുടെ മുമ്പാകെയാണ്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് രാജ്യത്ത് വര്‍ധിച്ചുവരുന്ന അഴിമതിയിലേക്കും കെടുകാര്യസ്ഥതയിലേക്കുമാണ്.
പൂജാ ഖേദ്കര്‍ കേസ് രാജ്യവ്യാപകമായിത്തന്നെ സിവില്‍ സര്‍വീസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ നടന്നിരിക്കാവുന്ന അഴിമതികളെക്കുറിച്ചുള്ള വലിയ ചര്‍ച്ചയായി മാറുകയാണ്. സ്വകാര്യ കാറില്‍ ബീക്കണ്‍ ലെെറ്റ് ഘടിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡും വച്ച് തുടര്‍ച്ചയായി ട്രാഫിക് നിയമലംഘനം നടത്തിയതിന് പൂനെ പൊലീസ് വാഹനം പിടിച്ചെടുത്തത് മുതലാണ് ഐഎഎസ് പ്രൊബേഷണറായ പൂജ സിവില്‍ സര്‍വീസില്‍ കയറിക്കൂടാന്‍ വ്യാജരേഖകള്‍ ചമച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നത്. 2022ല്‍ യുപിഎസ്‌സി നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയിലെ 821-ാം റാങ്കുകാരിയാണ് പൂജ. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും അംഗപരിമിതര്‍ക്കുമുള്ള രണ്ട് ക്വാട്ടയിലെയും ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണ് പൂജ ഐഎഎസില്‍ കടന്നുകയറിയത്. ഐഎഎസ് ലഭിക്കാന്‍ സാധ്യതയില്ലാത്ത റാങ്കായിരുന്നിട്ടും ഒന്നില്‍ കൂടുതല്‍ ശാരീരിക വെെകല്യങ്ങളുണ്ടെന്ന് പൂനെയിലെ യശ്വന്ത് റാവു ചവാന്‍ മെമ്മോറിയല്‍ ആശുപത്രിയിലെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. ആ സര്‍ട്ടിഫിക്കറ്റില്‍ വെറും ഏഴ് ശതമാനം വെെകല്യമുണ്ട് എന്നാണ് പറഞ്ഞതെങ്കില്‍ക്കൂടി, 40 ശതമാനത്തിലധികം ശാരീരിക പരിമിതികളുള്ളവര്‍ക്കുള്ള ക്വാട്ടയില്‍ പൂജ കടന്നുകൂടിയതെങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു. ഡല്‍ഹി എയിംസിലെ മെഡിക്കല്‍ പരിശോധനയില്‍ നിന്നും എങ്ങനെ പൂജയ്ക്ക് ഒഴിവാകാനായി എന്നതും പരിശോധിക്കപ്പെടണം. 

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജനറല്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 32 വയസു വരെ ആറ് തവണയും പിന്നാക്ക, മറ്റ് പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് ഒമ്പത് തവണ 42 വയസുവരെയും എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്ക് 37 വയസുവരെ എത്ര തവണയും സിവില്‍ സര്‍വീസ് പരീക്ഷ എഴുതാം എന്നാണ് നിയമം. എന്നാല്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവരില്‍ ഉള്‍പ്പെടുന്നു എന്ന്, എട്ട് ലക്ഷത്തില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ പൂജ ഐഎഎസ് പരീക്ഷ എഴുതിയത് 12 പ്രാവശ്യമാണ്; വ്യാജ ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച്. എന്നാല്‍ ട്രെയിനിങ് കാലത്ത് സ്വന്തം ആസ്തി 22 കോടിയാണെന്നാണ് പൂജ സത്യവാങ്മൂലം നല്‍കിയത്.
ഇനി പൂജയുടെ വിദ്യാഭ്യാസ കാലഘട്ടം പരിശോധിച്ചാല്‍ പൂനെയിലെ കാശിഭായ് നവാലെ മെഡിക്കല്‍ കോളജില്‍ ഗോത്ര വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലാണ് എംബിബിഎസ് പഠനം നടത്തിയത് എന്നാണ് കണ്ടെത്തിയിരി‌ക്കുന്നത്. ഇത്രയൊക്കെ കൃത്രിമങ്ങള്‍ പൂജ ഒറ്റയ്ക്ക് ചെയ്യാന്‍ ഒരു സാധ്യതയുമില്ല. പിന്നെയെങ്ങനെ എന്ന ചോദ്യത്തിനുത്തരം സ്വാഭാവികമായും ചെന്നുനില്‍ക്കേണ്ടത് മാതാപിതാക്കളിലാണ്. പൂജയുടെ പിതാവ് ദിലീപ് ഖേദ്കര്‍‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. കൃത്യമായി പറഞ്ഞാല്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ വകുപ്പില്‍. അദ്ദേഹം സര്‍വീസിലിരുന്ന കാലത്ത് രണ്ടുതവണ സസ്പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2018ല്‍ കോലാപ്പൂര്‍ റീജിയണല്‍ ഓഫിസില്‍ ജോലി ചെയ്യുന്ന കാലത്ത് ഒരു തടിമില്ലുടമ അഴിമതി നിരോധന ബ്യൂറോയ്ക്ക് നല്‍കിയ പരാതിയില്‍. രണ്ടാമത് 2020ല്‍ മഹാരാഷ്ട്ര സിവില്‍ സര്‍വീസ് റൂള്‍സ് പ്രകാരം സോണ അലോയ്ഡ് ആന്റ് സ്റ്റീല്‍സ് എന്ന സ്ഥാപനം, കെെക്കൂലി ചോദിച്ച് ഭീഷണിപ്പെടുത്തി എന്നുപറഞ്ഞ് നല്‍കിയ പരാതിയില്‍. ഇക്കൂട്ടത്തില്‍ ചെറിയ സ്ഥാപനങ്ങളുടെ ധാരാളം പരാതികള്‍ കൂടി ഉണ്ടായിരുന്നു. പരിധിയില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ അന്വേഷണം നടന്നുവരികയുമാണ്. അദ്ദേഹം റിട്ടയര്‍ ചെയ്തശേഷം അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ നല്‍കിയ അഫിഡവിറ്റില്‍ 40 കോടി രൂപയാണ് ആസ്തിയായി കാണിച്ചത്. കുടുംബത്തിന് 110 ഏക്കര്‍ കൃഷിയിടവും 1.6 ലക്ഷം ചതുരശ്രടയി വരുന്ന ആറ് ഷോപ്പിങ് മാളുകളും ഏഴ് ഫ്ലാറ്റുകളും നാല് കാറുകളും രണ്ട് കമ്പനികളില്‍ പങ്കാളിത്തവും 17 ലക്ഷത്തിന്റെ സ്വര്‍ണവാച്ചും ഉണ്ടായിരുന്നു.
ഇതൊക്കെയാണ് പൂജാ ഖേദ്കര്‍ എന്ന ഐഎഎസ് ട്രെയിനി യുപിഎസ്‌സി വഴി സിവില്‍ സര്‍വീസില്‍ കയറിക്കൂടാന്‍ നടത്തിയ കൃത്രിമങ്ങളുടെ ഇതുവരെ വെളിവായ വിവരങ്ങള്‍. പൂജാ ഖേദ്കറെ കുരിശിലേറ്റും മുമ്പ് നമുക്ക് നമ്മളോട് തന്നെ ചോദിക്കാനുള്ള ധാരാളം ചോദ്യങ്ങളുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി നിസാരവല്‍ക്കരിക്കാനാവുമോ? ഒറ്റ വാക്കിലുള്ള ഉത്തരം ഇല്ല എന്നാണ്. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നു. വ്യാപം അഴിമതിക്കേസില്‍ കുറ്റാരോപിതരും ഇരകളും വളരെ ദുരൂഹമായ സാഹചര്യങ്ങളില്‍ മരിച്ചുവീണു, അന്വേഷണ ഉദ്യോഗസ്ഥരടക്കം. അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ഇന്ന് പാര്‍ലമെന്റ് അംഗമാണ്. വ്യാപം അഴിമതിയുടെ വ്യാപ്തിയെക്കുറിച്ച് ഇന്നാരും അന്വേഷിക്കുന്നില്ല. ഇങ്ങനെ എത്രയെത്ര അഴിമതികള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും സിവില്‍ സര്‍വീസ് നിയമനങ്ങളിലും ആരും ശ്രദ്ധിക്കാതെ പോയിരിക്കുന്നു എന്ന് കൃത്യമായ കണക്കില്ല. ആരോപണങ്ങള്‍ ഉയരുന്നതുപോലെ തന്നെ കെട്ടടങ്ങുന്നു. 

നമ്മുടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ അവരുടെ രക്ഷിതാക്കള്‍ കിടപ്പാടവും കെട്ടുതാലിയും പണയംവച്ച് കിട്ടിയ പണവുമായി നീറ്റടക്കമുള്ള മത്സരപ്പരീക്ഷകള്‍ക്കും ഐഎഎസ് അടക്കമുള്ള തൊഴില്‍ പരീക്ഷകള്‍ക്കും അഹോരാത്രം പഠിക്കുന്നു. പൊതുവിജ്ഞാനവും വിഷയവിജ്ഞാനവും ഒക്കെ ആര്‍ജിച്ച് പരീക്ഷകള്‍ എഴുതുന്നു. അതേസമയം കെെക്കൂലിയിലൂടെയും അഴിമതിയിലൂടെയും ഒക്കെ ദുര്‍ഗന്ധം വമിക്കുന്ന ധനമാര്‍ജിച്ച ഒരു വിഭാഗം കൃത്രിമമാര്‍ഗങ്ങളിലൂടെ നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളെയും സ്വാധീനിച്ച് അധികാര ശൃംഖലയുടെ മുകളറ്റത്ത് കയറിയിരിക്കുന്നതാണ് നാം കാണുന്നത്. പൂജ ഖേദ്കറുടെ ദൃഷ്ടാന്തം എല്ലാ ചേരുവകളുമൊത്തുചേരുന്നു എന്നതിനാല്‍ കുറ്റമറ്റതാണ്.
അസല്‍ ധ്വരമാരില്‍ നിന്ന് 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷവും നമ്മള്‍ നിലനിര്‍ത്തിയത് കോളനി ഭരണത്തിന്റെ വാല്‍ക്കഷണമായ ഇന്ത്യന്‍ സിവില്‍ സര്‍വീസാണ്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് പോലും ‘എനിക്ക് ഭരണസംവിധാനം മാറ്റാനായില്ല. അത് കോളനി ഭരണകാലത്തേതായി തുടരുന്നു’ എന്ന് വിലപിക്കാനിടയാക്കിയ അതേ ഭരണസംവിധാനം കടുകിട വ്യത്യാസമില്ലാതെ ഇപ്പോഴും തുടരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി സുബ്ബറാവു പറഞ്ഞത് 25 ശതമാനമെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥര്‍ അഴിമതിക്കാരോ, കഴിവില്ലാത്തവരോ ആണെന്നാണ്. ഈ 25 ശതമാനം പൂജ ഖേദ്കറുടെ പാതയിലൂടെ വന്നവരാണോ എന്ന് എങ്ങനെ പറയാനാവും?
ഓരോ തൊഴിലിനും ആ തൊഴിലിനോട് പ്രതിബദ്ധതയുള്ളവരെ കണ്ടെത്തേണ്ടതുണ്ട്. പട്ടിയെ തൊടാന്‍ അറപ്പുള്ളവന്‍ വെറ്ററിനറി ഡോക്ടറും പാവങ്ങളോട് പ്രതിബദ്ധതയില്ലാത്തവന്‍ സര്‍ക്കാരുദ്യോഗസ്ഥനും, വെറും കാശിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭിഷഗ്വരനും സൃഷ്ടിക്കപ്പെടുന്ന സമ്പ്രദായം പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു എന്നതിലേക്കാണ് പൂജാ ഖേദ്കര്‍ സംഭവം വിരല്‍ചൂണ്ടുന്നത്. ചങ്ങാത്ത മുതലാളിത്തം പിടിമുറുക്കുന്ന ഏത് ജനാധിപത്യ വ്യവസ്ഥിതിയിലും മറ്റെല്ലാത്തിനുമുപരി പണമാണ് നിയമവാഴ്ചയെ നിയന്ത്രിക്കുക എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ കേസ്. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.