22 January 2026, Thursday

പൂമരചോട്ടിലെ സ്നേഹ തണൽ

എൻ ശ്രീകുമാർ
March 30, 2025 7:16 pm

കുട്ടികളുടെ മനസും അവരുടെ ആസ്വാദന നിലവാരവും തിരിച്ചറിയുന്ന ബാലസാഹിത്യ കൃതികളുടെ കുറവ് മലയാളത്തിൽ ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. ബാലമനസുകൾക്ക് ആസ്വദിക്കാൻ ഏറ്റവും ഉചിതമായൊരു കാവ്യ സമാഹരമാണ് രവി കൊല്ലംവിളയുടെ സ്നേഹപ്പൂമരം. 

ഭാഷയുടെ ഏറ്റവും സുന്ദരമായ രൂപമാണ് കവിത. അത് ഭാഷ വ്യവഹാരങ്ങളിൽ ഏറ്റവും തിളക്കമുള്ള മുത്താണ്. കവിതയും കഥയും തുളുമ്പുന്ന മാധുര്യം നമ്മുടെ കുഞ്ഞുങ്ങൾക്ക് അന്യമാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങൾ വന്നതോടെ എല്ലാവരും സാമൂഹ്യ മാധ്യമങ്ങളുടെ കെട്ടുപാടുകൾക്കുള്ളിലാണ്. നമ്മുടെ കുഞ്ഞുങ്ങളും പുസ്തകങ്ങളെക്കാൾ മൊബൈൽ ഫോൺ ഇഷ്ടപ്പെടുന്ന കാലത്ത് വായനയിലേക്ക് കുട്ടികളെ തിരിച്ചു കൊണ്ട് വരുക ഏറെ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. 

കുഞ്ഞു മനസിനെ തൊടാൻ കഴിയുന്ന സവിശേഷമായ ഭാഷയാണ് രവി കൊല്ലംവിളയുടേത്. പൂമരത്തിന്റെ പരിമളവും സൗന്ദര്യവും അതിനുണ്ട്. കുഞ്ഞുങ്ങൾക്ക് ആ സ്നേഹത്തണലിൽ ആവോളം വിശ്രമിക്കാനുള്ള അവസരമാണ് രവി കൊല്ലംവിള ഒരുക്കിയിട്ടുള്ളത്.
പലപ്പോഴും നമ്മുടെ പരിസ്ഥിതി സംബന്ധമായ രചനകളിൽ സർഗാത്മകതയുടെ വരൾച്ച അനുഭവപ്പെടാറുണ്ട്. ഈ പുസ്തകത്തിലെ ബഹുഭൂരിപക്ഷം രചനകളും മണ്ണിനേയും പൂക്കളെയും ചെടികളെയും മഴയേയും കുറിച്ചുള്ളതാണ്. ജൈവ വൈവിദ്ധ്യത്തിന്റെ മനോഹര ദൃശ്യങ്ങൾ മഴവില്ല് വരച്ചിട്ടിരിക്കുന്ന അമ്പത് ബാല കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോ രചനയോടൊപ്പവും വർണാഭമായ ചിത്രീകരണവുമുണ്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ വായിച്ചു ആസ്വദിക്കാൻ കഴിയുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഹരിത ഗീതങ്ങളുടെ മധുര സംഗമം ഒരുക്കുന്ന വായനാനുഭവം നമ്മുടെ കുഞ്ഞുങ്ങളെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാൻ പ്രേരിപ്പിക്കുന്നതാണ്. ഭൂമിയെ അറിയാനും സ്നേഹിക്കുവാനും ഭൂമി നമുക്കായി ചൊരിയുന്ന സൗഭാഗ്യങ്ങളിൽ ആനന്ദം കൊള്ളാനും നമ്മെ നിരന്തരം പ്രേരിപ്പിക്കുന്ന രചനകൾ കൊണ്ട് സമൃദ്ധമാണ് സ്നേഹപ്പൂമരം. 

‘ഞാൻ മാത്രമാകുമ്പോൾ എന്തു ദുഃഖം
എല്ലാരുമുള്ളപ്പോൾ എന്തു വർഷം’ എന്ന് കവി പാടുമ്പോൾ കൂട്ടായ്മയുടെ സുവിശേഷം നാം കേൾക്കുന്നു. ഈ പുഴ ഒഴുകുമ്പോൾ ജീവിതം തളിർക്കുന്നു.
ഈ പുഴ വരളുമ്പോൾ സ്വപ്നവും തകരുന്നു എന്നു പാടുമ്പോൾ ഇളം മനസുകളിൽ ഒരു നന്മ കാലത്തിന്റെ പുഴയെ കവി കുടിയിരുത്തുന്നു. കുഞ്ഞിമരത്തിന്റെ ചില്ലകൾ ഓരോന്നായി വെട്ടി മാറ്റപ്പെടുമ്പോൾ കുഞ്ഞിക്കിളിയുടെ ദുഃഖം നമ്മുടെ ദുഖമായി മാറേണ്ട കാലത്തെ സ്നേഹപ്പൂമരം നമ്മെ ഓർമിപ്പിക്കുന്നു. ബാല്യകാലത്ത് തന്നെ ഇളം മനസിൽ അന്നദാതാക്കളായ കർഷകരോട് സ്നേഹവും ആദരവും ഐക്യവും വളർത്താൻ ഈ രചനയിലെ കർഷകൻ കുട്ടികളെ ഓർമ്മിപ്പിക്കുന്നുണ്ട്. മഹാന്മാഗാന്ധിയും കല്ലേൻ പുക്കുടനും മയിലമ്മയും ഈ പുസ്തകത്തിലെ മനോഹരമായ കുഞ്ഞിക്കവിതകളിലൂടെ പുനർജനിക്കുന്നുണ്ട്. വളരെ കുറഞ്ഞ വരികളിൽ പരിചിത പദങ്ങളുടെ മനോഹര വിന്യാസത്താൽ രചിക്കപ്പെട്ട പുസ്തകം നമ്മുടെ പ്രീ സ്കൂൾ കുട്ടികൾക്ക് നല്ല വായനാനുഭവം നൽകാൻ കഴിയുന്നവയാണ്. 

സ്നേഹപ്പൂമരം
(ബാലസാഹിത്യം)
രവി കൊല്ലംവിള
ഉണ്‍മ പബ്ലിക്കേഷന്‍സ്
വില: 200 രൂപ

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.