ഏദൻതോട്ടം കാടുകയറിതുടങ്ങിയിട്ട് നാളുകൾ എത്രയായി! ആദാമിന്റെയും ഹവ്വയുടെയും പ്രതിമകൾ മൊത്തം പായല് പിടിച്ചു കിടക്കുന്നുണ്ട്. കാടു പിടിച്ച മനസിലാണ് ഡ്രോയിങ് മാഷ് സദാനന്ദൻ ചിത്രം വരയ്ക്കാൻ പഠിപ്പിച്ചു തന്നത്. കാടുകൾ വെട്ടിത്തെളിച്ചു അവിടെ രണ്ട് കഥാപ്രാത്രങ്ങളെ സൃഷ്ടിച്ചു.
ഒന്ന്- പൂവ്
രണ്ട് ‑പൂമ്പാറ്റ.
വലുതാകുമ്പോൾ ഉപകരിക്കും എന്നൊരു ഉപദേശവും.
വലുതായപ്പോൾ ചെറിയ ജോലിയിൽ ഒതുങ്ങുന്ന ഒരു തയ്യൽക്കാരനും, ചെറിയ കവിയും ആയി തീർന്നു. അവന്റെ പേര് ആദം. വയസ്സ് നാൽപ്പത്. കല്യാണം കഴിച്ചിട്ടില്ല.
കവി എന്നാൽ സ്കൂൾ കാലത്തെ ഏതാനും എഴുത്തുകൾ മാത്രമാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം കവിതാ രചനക്ക്. പിന്നെ അങ്ങോട്ട് എഴുതിയത് വിരലിൽ എണ്ണാവുന്നത്. പക്ഷെ ഉള്ളത് പറയാമല്ലോ എല്ലാം എണ്ണം പറഞ്ഞ കവിതകൾ ആയിരുന്നു.
തയ്യൽക്കാരനും പെണ്ണ് കിട്ടിയില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അതിന് തന്റെ പുതിയ കള്ളി(ഡിസൈൻ )ബ്ലൗസ് കാണിച്ചു ചിരിക്കും ആദം. എന്നിട്ട് പറയും ചിലർക്ക് ഈ ഡിസൈൻ പിടിക്കും. ചിലർക്ക് ഇത് പിടിക്കില്ല വേറെ മതിയെന്ന് പറയും. അങ്ങനെ അങ്ങനെ പരസ്പരം പറഞ്ഞു പറഞ്ഞു നീണ്ടു പോയി. ലേഡീസ് വർക്ക് മാത്രമേ ചെയ്യാറുള്ളൂ. പുതിയ പുതിയ വസ്ത്രഡിസൈനുകൾ അയാളുടെ മനസ്സിൽ നിറഞ്ഞു. എല്ലാത്തിനും കാരണം ആ പഴയ ഡ്രോയിങ് മാഷ് തന്നെയാണെന്ന് സ്വയം മനസ്സിൽ പറഞ്ഞു പോന്നു. ആദം അങ്ങനെയാണ്. തന്റെ തെറ്റുകൾ ചിലപ്പോൾ സൂചിയിലും നൂലിലും, മെഷീനിലും ചാരി രക്ഷപെടാൻ സ്വയം ശ്രമിക്കും.
ദുബായിൽ തുന്നൽപണിക്ക് വന്നതിൽ പിന്നെയാണ്, ഡ്രോയിങ് മാഷുടെ പഴയ പൂവും പൂമ്പാറ്റയും വീണ്ടും പൊടിതട്ടി എടുക്കാൻ തുനിഞ്ഞത്. ആദം അവിടെയും ലേഡീസ് തയ്യൽകടയിൽ! ഏറ്റവും കൂടുതൽ ഫിലിപ്പിനോ കസ്റ്റമർ ആയിരുന്നു. ആദ്യകാലങ്ങളിൽ ഭാഷ ഒരു പ്രശ്നം തന്നെയായിരുന്നു ആദാമിന്. പക്ഷെ ആദം തന്നെ സ്വയം പറയും “എല്ലാവർക്കും മനസിലാകുന്ന ഭാഷ നമ്മുടെ കയ്യിലുണ്ടല്ലോ… ഏതാണാ ഭാഷ? ആംഗ്യഭാഷ!”
ആദ്യമൊക്കെ അങ്ങനെ പിടിച്ചു നിൽക്കുമെങ്കിലും മെല്ലെ മെലെ അത്യാവശ്യം ഇരുവർക്കും മനസിലാകുന്ന ഇംഗ്ലീഷ് ഒക്കെ ആദം പഠിച്ചു കഴിഞ്ഞിരുന്നു. മണലിൽ എപ്പോഴാണ് ഏദൻതോട്ടം പിറക്കാൻ തുടങ്ങിയത്? പൂവും പൂമ്പാറ്റകളും വിടരാനും പറക്കാനും തുടങ്ങിയത്? അത്
‘ഇവ്വ് ക്രിസ്റ്റീന’ യെ കണ്ടത് മുതൽ സൗന്ദര്യത്തിൽ മാത്രമല്ല ആദം വീണ് പോയത് അവളുടെ ആത്മാർത്ഥ സ്നേഹത്തിനു മുന്നിൽ കൂടിയാണ്. സ്നേഹം നിങ്ങൾ കരുതുന്നത് പോലെ കാര്യസാധ്യത്തിന് അല്ല. നിഷ്കളങ്കമായ സ്നേഹം എന്നൊക്കെ പറയില്ലേ അത് പോലത്തെ ഒന്ന്. പ്രധാനമായും ഫിലിപ്പീനി ഫുഡ് തീറ്റിക്കുക എന്നതാണ് കൃസ്റ്റീനയുടെ പ്രധാന ഹോബി. നല്ല നല്ല ഫുഡ് ഉണ്ടാക്കി തന്റെ ആദമിനെ സന്തോഷിപ്പിക്കുക. തിന്നുന്നത് കണ്ണ് നിറയെ കണ്ട് ആനന്ദം അണിയുക. ചെറിയ കുട്ടികളെ തീറ്റിക്കുന്നത് പോലെ വാരി വായിൽ വെച്ച് കൊടുക്കുക.
നല്ല കവി നല്ല പാചകക്കാരൻ ആയിരിക്കും എന്ന് ആദം പറഞ്ഞു.
“പായസം യു മീൻ സ്വീറ്റ്… ”
നല്ല പായസം ഉണ്ടാക്കാൻ ആയിരുന്നു ആദമിന്റെ ആഗ്രഹം. പക്ഷെ അവൾക്ക് അത് പിടിച്ചില്ല, അതിനു പകരമാണ് കോഴിക്കാൽ സൂപ്പ് അവൾ ഉണ്ടാക്കി കുടിപ്പിച്ചത്. മനസില്ലാ മനസോടെയാണ് ആദം അത് കുടിച്ചു തീർത്തത്. കോഴിയുടെ ആ മഞ്ഞക്കാൽ മനസ്സിൽ വരുമ്പോൾ ഓക്കാനം വരുമെങ്കിലും പ്രണയച്ചുടിൽ അത് മുഴുവൻ കുടിച്ചു വറ്റിച്ചു.
“യൂ മേ നോട്ട് ലൈക് സം ഔർ ഫുഡ് ”
ചിലത് മാത്രം അല്ല എല്ലാം എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ അവൾ ഒരു പഴംപൊരി ഉണ്ടാക്കി കൊണ്ടുവന്നു അത് കഴിച്ചപ്പോൾ ആണ് ഇത്തരം ഫുഡും അവർക്ക് ഇത് ഉണ്ടാക്കാൻ അറിയാം എന്ന് മനസിലാക്കിയത്. ഇത്ര ടേസ്റ്റിലും പഴംപൊരി ഉണ്ടാക്കാം എന്ന് പഠിച്ചതും. അവൾക്കും തന്നോട് കടുത്ത പ്രണയമാണെന്ന് പിന്നീടാണ് അറിഞ്ഞത്. പിന്നീട് അവൾ കടയിലെ നിത്യസന്ദർശകയായി. അവളുടെ ഡ്രസിന്റെ ബട്ടൻസും അത്യാവശ്യം ഓവർലോക്കും എല്ലാം അവൾതന്നെ ചെയ്യും.
കാലം മെഷീൻ ചവിട്ടിയപോലെ വേഗത്തിൽ പോയികൊണ്ടിരുന്നു.
ആദം നാട്ടിൽ നിന്നും വന്നിട്ട് മൂന്ന് വർഷം കഴിഞ്ഞു. ക്രിസ്റ്റീന വന്നിട്ട് അഞ്ചു വർഷം ആകാൻ പോകുന്നു.
“നാട്ടിൽ പോണ്ടേ” എന്ന് ഇരുവരും പരസപരം ചോദിക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പരസ്പരം ഇരുവരെയും തനിച്ചാക്കി പോകാൻ ഒരു പ്രയാസം. അങ്ങനെയാണ് നാട്ടിൽ പോവുന്നത് നീണ്ടു നീണ്ടു പോയത്.
‘കുഞ്ഞുകുട്ടി പരാധീനകൾ ഒന്നും നിനക്കില്ലല്ലോ‘എന്ന് ആദത്തിന്റെ നാട്ടിലുള്ള എല്ലാ ഫ്രണ്ട്സും വാട്സാപ്പിൽ പറയും. പിന്നെ നാട്ടിൽ പോയിട്ട് എന്ത് ആക്കാനാ.
എന്നിരുന്നാലും നാട്ടിൽ പോകണം. തെയ്യം കാണണം. വയലിലൂടെ നടക്കണം. അശോകേട്ടന്റെ ചായക്കടയിൽ പോയി ചായ കുടിക്കണം. പഴയ ചങ്ങാതിമാരോടൊത്തു സൊറ പറയണം.… അവൾക്കും ഉണ്ടാകില്ലേ ഇത്തരം ആഗ്രഹങ്ങൾ…?
പക്ഷെ അവർ എന്തിനാണ് ഇങ്ങനെ നിൽക്കുന്നത്.
“വിൽ യു മാരി മി? ”
ചോദിച്ചത് ആദ്യം അവളായിരുന്നു, തിന്ന പഴംപൊരിയും കേക്കും കോഴിക്കാൽ സൂപ്പും തൊണ്ട നീക്കി പുറത്ത് വരുന്നത് പോലെ തോന്നി.
മറുപടി എന്ത് കൊടുക്കും എന്നറിയാതെ ഒരു നിമിഷത്തെ നിശബ്ദത.…
കൂപ്പുകൈകളിൽ പനിനീർ പൂവ് വിരിഞ്ഞുവോ, അറിയില്ല.
നാളെ പറയാം എന്ന് ആദം മറുപടി കൊടുത്തു.
അന്ന് തന്നെ ഈ കാര്യം ചങ്ങായി അബുക്കയോട് പറഞ്ഞു, “നീ കുടുങ്ങി മോനെ… “എന്ന് പറഞ്ഞു അബൂക്ക ചിരിച്ചു.
“എടാ നിന്നെ മയക്കാൻ നിനക്ക് തരുന്ന ഭക്ഷണത്തിൽ സ്വന്തം മൂത്രം കലർത്തുന്ന ഇനങ്ങളാ ഫിലിപ്പീനികൾ.”
അങ്ങനെ എങ്ങാനും അവൾ എന്നെ മയക്കിയിട്ടുണ്ടാകുമോ? നാളെ എന്ത് ഉത്തരം അവൾക്ക് കൊടുക്കും? പതിവുപോലെ അവൾ നേരത്തെ തന്നെ എത്തി. പതിവിലും അവൾ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. കണ്ണുകളിൽ ഒരു ലജ്ജ. വാക്കുകൾ കുറവ്. കണ്ണുകൾകൊണ്ട് ആംഗ്യം മാത്രം. പുരികം അങ്ങോട്ടും ഇങ്ങോട്ടും ആക്കി ചേഷ്ട കാണിക്കാൻ തുടങ്ങി.
ഇന്ന് നല്ല മഞ്ഞനിറമുള്ള മാർദ്ദവമായ കേക്ക് കൊണ്ടാണ് വരവ്. മൂത്രത്തിന്റെ കഥ കേട്ടപ്പോൾ കേക്ക് തിന്നാൻ ഒന്ന് മടിച്ചു. പിന്നെ അബൂക്ക മുന്നിൽ നിന്ന് ഇങ്ങനെ പറയും പോലെ തോന്നി “നിന്നെയൊക്കെ നേരത്തെ മൂത്രം കുടുപ്പിച്ചു മയക്കി മോനെ. ഇനി ഇത് തിന്നാതിരുന്നിട്ട് കാര്യമില്ല.”
സത്യം രണ്ടും കല്പ്പിച്ചു തിന്നുകതന്നെ! കേക്ക് ഒന്ന് മണപ്പിച്ചു നോക്കി. നല്ല മണം. വാനിലയാണോ അതോ പനിനീർ പൂവിന്റെ മണമോ? അതല്ല രണ്ടും ചേർന്ന ഒരു പ്രത്യേകതരം മണമോ? ഇപ്പോൾ കട അടച്ചു നമുക്ക് നിന്റെ റൂമിൽ പോയി ഭക്ഷണം കഴിക്കാമെന്ന് ആദം ക്രിസ്റ്റിനയോട് പറഞ്ഞു.
ക്രിസ്റ്റീനക്ക് ആ വാക്കുകൾ അത്ഭുതവും അതിലേറെ ആശ്ചര്യവും ഉണ്ടാക്കി. നാളിതുവരെയായിട്ടും ഒരിക്കൽ പോലും അവളുടെ റൂമിൽ പോയിട്ടില്ല. പല പ്രാവശ്യം അവൾ ക്ഷണിച്ചിട്ടും ഒഴിഞ്ഞു മാറിയിട്ടേ ഉള്ളൂ.
പക്ഷെ ഇന്ന്.…
അവൾ തുള്ളിച്ചാടി താക്കോൽ എടുക്കാൻ നോക്കി. അതിനിടയിൽ അയാൾ ആ താക്കോൽകൂട്ടം അയാൾ ആദ്യം കൈകളിലാക്കി കളഞ്ഞിരുന്നു. ‘അങ്ങനെ ഒരു മനസ്സിന്റെ താക്കോലും കൈക്കലാക്കാൻ നിന്നെ വിടൂല്ല മോളെ’ എന്ന് ആദം മനസിൽ പറഞ്ഞു.
പെട്ടെന്നുതന്നെ അവൾ പുറത്തിറങ്ങി. കടയ്ക്ക് ഷട്ടർ വീണു.
അവളുടെ അടുക്കും ചിട്ടയുമുള്ള മുറി കണ്ട് ആദാമിന് അവളോട് ആരാധന തോന്നി. അങ്കിളിന്റെ മോള് ജെസിയെയാണ് അപ്പോൾ ആദാമിന് ഓർമ്മ വന്നത്. ജെസിയും ഇങ്ങനെ അടുക്കും ചിട്ടയും സൂക്ഷിക്കുന്ന ആളായിരുന്നു. അല്ലെങ്കിൽ ഇപ്പോൾ എന്തിനു അവളെ ഓർക്കണം. വെറുമൊരു ടൈലറിന് കല്യാണം കഴിച്ചു കൊടുക്കില്ലെന്നു അവളുടെ അപ്പൻ പ്രഖ്യാപിച്ചപ്പോൾ കൊടി പിടിച്ചു നിന്നവൾ ആണ്. ഇപ്പോൾ ക്രിസ്റ്റീന മാത്രം മതി മനസിൽ. അവൾ ”എന്താണ് കുടിക്കാൻ വേണ്ടത്” ഔപചാരികതയ്ക്ക് വേണ്ടി ചോദിച്ചു.
“ങേ…” ഒരു സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നപോലെ, “ഒന്നും വേണ്ട, ഇത്തിരി വെള്ളം കിട്ടിയാൽ മതി” എന്ന് പറഞ്ഞുകൊണ്ട് വന്ന ബിരിയാണി മേശമേൽ വച്ചു.
അവൾ അവനെ സോഫമേൽ പിടിച്ചിരുത്തി. അവന്റെയുള്ളിൽ പഴയ ഡ്രോയിങ് മാഷ് വരച്ച പൂമ്പാറ്റ വിരിയാൻ തുടങ്ങി. ചിറകുകൾ മുളച്ചു. മുന്നിൽ നിന്ന് പനിനീർപൂവ് വിടരുന്നു. മുള്ളുകൾ ഇല്ലാത്ത പനിനീർ പൂവ്!
ഡ്രോയിങ് മാഷ് ഭാവിയിൽ ഉപകരിക്കും എന്ന് പറഞ്ഞത് ഇതിനായിരിക്കുമോ? അവർ പരസ്പരം ചിത്രം വരയ്ക്കാൻ തുടങ്ങി. തേൻ നുകരുന്ന നേരത്തും അവൾ ആ മന്ത്രം ഉരുവിട്ടു ”വിൽ യൂ മ്യാരി മി.”
പെട്ടെന്ന് ഒരു സ്വപ്നത്തിൽ എന്നൊണം ആദം ഞെട്ടിയെണീറ്റു. ഡ്രസ് വേഗത്തിൽ ചേഞ്ച് ചെയ്യാൻ തുടങ്ങി. ഇപ്പോൾ ഒരു കസ്റ്റമർ വരും. “എവിടെ ചാവി?” ആദാമിന്റെ ശബ്ദം ഉറക്കെയായി.
ചാവി അവൾ ഫ്രിഡ്ജിന്റെ മുകളിൽ നിന്നും എടുത്തു കൊടുത്തു. അവൾ പൊട്ടിക്കരഞ്ഞു. ഒരു ഫിലിപ്പീനി പെണ്ണ് കരയുന്നത് ആദം ആദ്യമായി കാണുകയാണ്. ഞാൻ വരും എന്ന് പറഞ്ഞു കണ്ണ് തുടച്ചു, റൂമിന്റെ വാതിൽ അടഞ്ഞു, അപ്പോഴും അവൾ കരയുകയാണ്. മേശമേൽ വെച്ച ബിരിയാണി കഴിച്ചില്ലല്ലോ എന്ന് പറഞ്ഞു ഇരുവരുടെ മുഖത്തും നോക്കി ഇരുന്നു.
കടയുടെ ഷട്ടർ തുറന്നു. കസ്റ്റമർ ഒന്നും ഇല്ലായിരുന്നു പക്ഷെ അവളുടെ ‘വിവാഹം കഴിക്കുമോ‘എന്ന വാക്കാണ് അവനെ തളർത്തികളഞ്ഞത്. അതാണ് എണീറ്റ് ഓടിയത്.
രണ്ട് ദിവസം അവൾ കടയിൽ വന്നില്ല, അങ്ങോട്ടും ഇങ്ങോട്ടും അവർ ഫോണും വിളിച്ചില്ല, രണ്ട് ദിവസത്തിന് ശേഷം നാട്ടിലേക്കുള്ള ടിക്കറ്റ് ക്രിസ്റ്റീന ആദാമിന് വാട്സ്ആപ്പ് ചെയ്തു കൊടുത്തു. ആദം തന്റെ നാട്ടിലേക്കുള്ള ടിക്കറ്റ് അവൾക്ക് അയച്ചു കൊടുത്തു.
ഒന്ന് കാണണം എന്ന് അവൾ തിരിച്ചു മെസേജ് ഇട്ടു.
ഞാൻ രാത്രി അങ്ങോട്ട് വരാം ആദം മെസേജ് അങ്ങോട്ടും ഇട്ടു.
രാത്രി വാതിൽക്കൽ അവൾ നിന്നു. അകത്തു വരണ്ട എന്നു പറയുംപോലെ തോന്നി ആ നിൽപ്പ് കണ്ടപ്പോൾ. അവസാനമായിട്ട് അവൾ ഒരു ആഗ്രഹം കൂടി പറഞ്ഞു “നിന്റെ കുഞ്ഞിനെ വയറ്റിൽ തന്നിട്ട് എന്നെ യാത്ര അയക്കാമോ? എന്റെ നാട്ടിലേക്ക്. പിന്നെ ഒരിക്കലും ഞാൻ നിന്നെത്തേടി വരില്ല. കുഞ്ഞു സുഖമായി വളരും.”
നെറ്റിയിൽ ഒരു ചുംബനം നൽകി ആദം അവളുടെ ആഗ്രഹം നിരസിച്ചു. ആ നിമിഷമാണ് ആദം ടൈലർ കാരനിൽ നിന്നും കവി ആയി മാറിയത്.
പച്ചയായ കവി!
പിറ്റേന്നാണ് അവരുടെ ഇരുവരുടെയും ഫ്ലൈറ്റ്. എയർപോർട്ടിൽ അവര്‍ ഒന്നിച്ചെത്തി. കൈകൾ ഒന്നുകൂടി അമർത്തി, ചേർത്ത് പിടിച്ചു. സമയമായി അവളുടെ വാക്കുകൾ മുറിഞ്ഞു.
പൂവും പൂമ്പാറ്റയും രണ്ടും രണ്ടറ്റത്തേക്ക് പറന്നു. ഒപ്പം ഫ്ലൈറ്റുകളും…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.