മാതൃ-ശിശു സൂചകങ്ങളിൽ പുരോഗതി നേടിയെന്ന് അവകാശപ്പെടുമ്പോഴും മാസം തികയാതെയുള്ള പ്രസവങ്ങളില്‍ ഇന്ത്യ മുന്നിലെന്ന് റിപ്പോര്‍ട്ട്. 2020ല്‍ ലാന്‍സെറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആഗോള തലത്തിൽ മാസം തികയാതെയുള്ള ജനനങ്ങളിൽ 20 ശതമാനം ഇന്ത്യയിലാണ്. 30.2 ലക്ഷം ശിശുക്കളാണ് ഇത്തരത്തില്‍ രാജ്യത്ത് പിറന്നുവീഴുന്നത്.
ഉയർന്ന ജനസംഖ്യാ നിരക്ക്, ഗർഭകാല പരിചരണം, സേവനങ്ങൾ ലഭ്യമാക്കാൻ പര്യാപ്തമല്ലാത്ത ആരോഗ്യ സംവിധാനം എന്നിവയാണ് മാസം തികയാതെയുള്ള പ്രസവത്തിന് പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗർഭാവസ്ഥയുടെ 37 ആഴ്ചയ്ക്ക് മുൻപ് ജനിക്കുന്ന കുഞ്ഞിനെയാണ് മാസം തികയാതെയുള്ള ജനനം എന്ന നിർവചനത്തിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ പ്രസവത്തിന് 40 ആഴ്ചകള്‍ വേണമെന്നാണ് കണക്കാക്കുന്നത്.
194 രാജ്യങ്ങളിലാണ് ലാന്‍സെറ്റ് പഠനം നടത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന, യുണിസെഫ്, ലണ്ടൻ സ്കൂള്‍ ഓഫ് ഹൈജീൻ ആന്റ് ട്രോപ്പിക്കല്‍ മെഡിസിൻ എന്നിവയില്‍ നിന്നുള്ള ഗവേഷകരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ഓരോ രാജ്യത്തും 2020ൽ ഉണ്ടായ മാസം തികയാതെയുള്ള ജനനങ്ങളുടെ കണക്കെടുക്കുകയും അവ 2010ലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്.
2020ല്‍ ലോകത്ത് 134 ലക്ഷം കുട്ടികള്‍ മാസം തികയാതെ ജനിച്ചതായും ഇതില്‍ 10 ലക്ഷം കുട്ടികള്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചതായും ഗവേഷകര്‍ പറയുന്നു. പത്തില്‍ ഒരു കുഞ്ഞ് 37 ആഴ്ച പൂര്‍ത്തിയാകുന്നതിന് മുമ്പ് ജനിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവില്‍ ഇന്ത്യയിലെ കണക്കനുസരിച്ച് ഓരോ ആയിരം ജനനങ്ങളിൽ 13 എണ്ണം മാസം തികയാതെയുള്ള പ്രസവങ്ങളായിരുന്നു.
ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് അകാല ജനനത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും ഗര്‍ഭിണികളുടെ ആരോഗ്യത്തിനും പോഷണത്തിനും മുൻതൂക്കം നല്‍കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്ക് മരണം സംഭവിക്കുകയോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍, അംഗവൈകല്യം, വളര്‍ച്ചാപ്രശ്നങ്ങള്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: Premature births are highest in India
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.