27 October 2024, Sunday
KSFE Galaxy Chits Banner 2

സ്കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി: മന്ത്രി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
May 30, 2022 9:35 pm

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജൂൺ ഒന്നിനു രാവിലെ 9.30ന് കഴക്കൂട്ടം ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഇതേസമയം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം നടക്കും.

സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചു വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനുള്ള ചർച്ചകൾ പൂർത്തിയാക്കി.

കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമും എത്തിക്കഴിഞ്ഞു. യുപി, എൽപി അധ്യാപകരുടെ പരിശീലനം പൂർത്തിയാക്കി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകർക്ക് സ്കൂൾ തുറന്ന ശേഷം പരിശീലനം നൽകും.

എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ അടക്കം മാനേജ്മെന്റിന്റെ ഒരു അവകാശവും സർക്കാർ കവർന്നെടുക്കില്ല. സ്കൂളുകളിൽ പിടിഎ ഫണ്ട് പിരിവിന്റെ പേരിൽ കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

സ്കൂള്‍ തുറക്കല്‍: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൂടിക്കാഴ്ച നത്തി. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേമ്പറിലായിരുന്നു ചർച്ച. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്കൂൾ തുറക്കുന്ന ദിവസം മുതല്‍ റോഡുകളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് കൈക്കൊണ്ട കാര്യങ്ങളടക്കം ചര്‍ച്ച ചെയ്തു.

വിദ്യാലയങ്ങൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അധികാരികളുടെ സഹായം ലഭ്യമാക്കണം. സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തുന്നതിനും നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും നടപടി ഉണ്ടാവണം.

എല്ലാ സ്കൂളിനു മുന്നിലും രാവിലെയും വൈകുന്നേരവും പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ച് കുട്ടികൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനും ഗതാഗതം ക്രമീകരിക്കുന്നതിനും സഹായിക്കണമെന്ന നിർദേശവും മന്ത്രി മുന്നോട്ട് വച്ചു. ഇക്കാര്യങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഡിജിപി ഉറപ്പ് നൽകി. ആവശ്യങ്ങൾക്ക് തൊട്ടടുത്ത സ്റ്റേഷൻ അധികൃതരുടെ സഹായം തേടാൻ പ്രിൻസിപ്പൽമാരും ഹെഡ്ടീച്ചർമാരും മടിക്കരുതെന്നും മന്ത്രി പറഞ്ഞു.

അനാവശ്യ ഭീതി പരത്തരുത്: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷ സംബന്ധിച്ച് അനാവശ്യ ഭീതി പരത്താനുള്ള ശ്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും സുഗമമായി പരീക്ഷയും മൂല്യനിർണയവും നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ജൂൺ 13നാണ് ആരംഭിക്കുന്നത്. ജൂൺ 30നകം പരീക്ഷ പൂർത്തിയാക്കും. പരീക്ഷാ പേപ്പറിൽ 150 ചോദ്യങ്ങൾ നൽകുന്നുണ്ട്. വിദ്യാർത്ഥികൾക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും. മോഡൽ പരീക്ഷ ജൂൺ രണ്ടിനാണ്. 4,22,651 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

 

Eng­lish summary;Preparations for school open cer­e­mo­ny com­plet­ed: Min­is­ter Sivankutty

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.