26 December 2024, Thursday
KSFE Galaxy Chits Banner 2

ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു

Janayugom Webdesk
നെടുമ്പാശ്ശേരി
May 21, 2022 9:51 pm

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന സിയാൽ അക്കാദമിയിലാണ് ക്യാമ്പ് ഒരുക്കുന്നത്. ക്യാമ്പ് സജ്ജീകരിക്കുന്നതിനുള്ള താൽക്കാലിക പന്തലിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇത്തവണ ഹാജിമാർക്ക് വേണ്ടി വിപുലമായ സൗകര്യങ്ങളാണ് സിയാൽ അക്കാദമിയിൽ ഒരുക്കുന്നത്. ഹജ്ജ് ക്യാമ്പിന് വേണ്ടി മുൻപ് നിർമ്മിച്ചിരുന്ന ക്യാന്റീൻ, ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങൾ അറ്റകുറ്റ പണികൾ നടത്തി ഈ വർഷവും ഉപയോഗപ്പെടുത്തും. 

ഹാജിമാർ, ക്യാമ്പ് വളണ്ടിയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ താമസം, ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹജ്ജ് സെൽ ഓഫീസ്, എയർലൈൻസ് ഓഫീസ്, അലോപ്പതി — ഹോമിയോ വിഭാഗങ്ങൾ, ബാങ്ക് കൗണ്ടറുകൾ തുടങ്ങിയവക്ക് അക്കാദമി കെട്ടിടത്തിൽ സൗകര്യം ഒരുക്കും. നിസ്കാര സ്ഥലം, വിശ്രമ കേന്ദ്രം, അസംബ്ലി ഹാൾ എന്നിവയായിരിക്കും താല്‍കാലിക പന്തലിൽ സജ്ജീകരിക്കുക. 

നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് വഴി ഇത്തവണ 8000 ത്തോളം തീർത്ഥാടകർ യാത്രയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ ഹജ്ജ് തീർത്ഥാടനത്തിന് സൗകര്യം ഒരുങ്ങുന്നത്. അവസാനമായി ഹജ്ജ് തീർത്ഥാടനത്തിന് അനുമതി ഉണ്ടായിരുന്ന 2019 ൽ നെടുമ്പാശ്ശേരിയ്ക്ക് പുറമെ കരിപ്പൂരിൽ നിന്നും യാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ രാജ്യത്ത് നിന്നുള്ള ഹജ്ജ് എംബാർക്കേഷൻ പോയന്റുകളുടെ എണ്ണം 21 ൽ നിന്നും പത്തായി ചുരുക്കിയതോടെയാണ് കരിപ്പൂരിനെ ഒഴിവാക്കിയത്. ജൂൺ മൂന്നിനാണ് ഹജ്ജ് ക്യാമ്പ് ഔദ്യോഗികമായി ആരംഭിക്കുന്നത്. നാലിന് ആദ്യ വിമാനം പുറപ്പെടും. 

Eng­lish Summary:Preparations for the Hajj camp have begun
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.