
വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ ഉണ്ടെന്ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായി നിപ രോഗബാധ സ്ഥിരീകരിച്ചത് പശ്ചിമ ബംഗാളിലാണെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് വൈറസിന്റെ അളവ് കൂടുതലെന്നും കേന്ദ്ര ആരോഗ്യ ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള എൻ ഐ വി യിലെ മാക്സിമം കണ്ടെയിൻമെന്റ് ലബോറട്ടറിയിലെ പരീക്ഷണങ്ങളിൽ നിന്ന് തെളിഞ്ഞു.
പതിനാല് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവെ പൂർത്തിയായപ്പോൾ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നിവിടങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. തെലുങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗറിലും വൈറസിന്റെ സാന്നിധ്യമില്ല. രാജ്യത്ത് നിപ രോഗബാധ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ തുടർച്ചയായ നിരീക്ഷണത്തിന്റെ ആവശ്യകത കണ്ടറിഞ്ഞാണ് ഇന്ത്യയൊട്ടാകെ സർവേ നടത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയ്ക്ക് നിർദ്ദേശം നൽകിയത്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും (സൂനോട്ടിക് വൈറസ് ) മലിനമായ ഭക്ഷണത്തിലൂടെയും പടരുന്ന നിപ വൈറസ് ബാധ മാരകമാണ്. ’ പറക്കും കുറുക്കൻ ’ എന്നറിയപ്പെടുന്ന ടെറോപസ് ഇനത്തിലുള്ള വവ്വാലുകളാണ് രോഗവാഹകർ. പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെ ആരംഭിച്ച് ശ്വാസകോശത്തിലേക്കും ന്യൂമോണിയ, മാരകമായ എൻസെഫലൈറ്റിസ് വരെയുള്ള ക്ലിനിക്കൽ ശ്രേണിക്ക് കാരണമാകുന്ന അണുബാധ തീവ്രമാകുന്നതോടെ 48 മണിക്കൂറിനുള്ളിൽ രോഗി കോമയിലേക്ക് എത്തുന്നു. ആർടി- പിസിആർ, എലിസ ടെസ്റ്റുകളിലൂടെയാണ് മനുഷ്യരിൽ രോഗബാധ കണ്ടെത്തുന്നത്.
മലേഷ്യയിലെ പന്നിഫാമുകളിൽ 1999 ലാണ് നിപ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിൽ ആദ്യമായി രോഗബാധയുണ്ടായത് 2001 ഫെബ്രുവരിയിൽ പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ്. 66 പേർക്ക് രോഗം പിടിപെട്ടു, 45 പേർ മരിച്ചു. അന്ന് വൈറസിനെ കണ്ടെത്താനുള്ള സങ്കീർണമായ ടെസ്റ്റുകൾ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ഫോർ ഡയഗ്നോസിസിൽ അയച്ച് നടത്തിയ പരിശോധനയിൽ 2006 ലാണ് രോഗബാധയ്ക്ക് പിന്നിൽ നിപ വൈറസാണെന്ന് കണ്ടെത്തിയത്. രണ്ടാമത്തെ വ്യാപനം 2007 ൽ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ. അപ്പോഴേയ്ക്കും പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ BSL — 3 ലബോറട്ടറി സ്ഥാപിച്ചതു കൊണ്ട് വൈറസിനെ തിരിച്ചറിയാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനുമായി.
പിന്നീട് 2018 മേയിൽ കേരളത്തിൽ കോഴിക്കോടായിരുന്നു വ്യാപനം. 18 പേർക്ക് രോഗബാധയുണ്ടായി, 16 പേർ മരിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യ നിപ വൈറസ് വ്യാപനമായിരുന്നു ഇത്. 2019 ജൂണിൽ കേരളത്തിൽ വീണ്ടും നിപ ബാധ ഉണ്ടായെങ്കിലും രോഗം പിടിപെട്ടയാളെ മരണത്തിൽ നിന്ന് രക്ഷിക്കാനായി. 2021 ൽ വീണ്ടും കോഴിക്കോട് ഉണ്ടായ നിപ രോഗബാധയെ തുടർന്ന് ഒരാൾ മരിച്ചു. 2018 ഒഴികെയുള്ള മൂന്ന് തവണയും വൈറസ് വാഹകർ പഴംതീനി വവ്വാലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
English Summary:Presence of Nipah virus in bats
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.