20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 14, 2024
December 11, 2024
December 9, 2024
December 8, 2024
September 22, 2024
August 14, 2024
May 19, 2024
March 23, 2024
December 27, 2023

രാഷ്ട്രപതി: അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയത് 12 പേർ , തെരഞ്ഞെടുപ്പിന്റെ രീതി എങ്ങനെ?

Janayugom Webdesk
July 17, 2022 11:29 pm

1950ൽ ഇന്ത്യ റിപ്പബ്ലിക്കായതിനുശേഷം അഞ്ച് വർഷ കാലാവധി പൂർത്തിയാക്കി അധികാരമൊഴിഞ്ഞത് 12 പേര്‍. രാഷ്ട്രപതി സ്ഥാനത്തേക്ക് 15ാമത്തെ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് മാത്രമാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 12 വർഷവും 107 ദിവസവുമാണ് ഇദ്ദേഹം രാഷ്ട്രപതി സ്ഥാനത്തിരുന്നത്. രാഷ്ട്രപതിയാകുന്നതിന് മുമ്പ് രാജേന്ദ്ര പ്രസാദ് ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷനായിരുന്നു.
ഇന്ത്യയിലെ ആദ്യ ഉപരാഷ്ട്രപതിയായിരുന്ന എസ് രാധാകൃഷ്ണൻ 1962ൽ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തിയും ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തിയുമാണ് എസ് രാധാകൃഷ്ണൻ.
സക്കീർ ഹുസൈൻ, ഫക്രുദ്ദീൻ അലി അഹമ്മദ് എന്നീ രണ്ട് രാഷ്ട്രപതിമാര്‍ അധികാരത്തിലിരിക്കെ അന്തരിച്ചു. ഇരുവരും മൂന്ന് വര്‍ഷ കാലയളവില്‍ മാത്രമാണ് രാഷ്ട്രപതി സ്ഥാനത്ത് ഇരുന്നത്. മൂന്നാമത്തെ രാഷ്ട്രപതിയായി 1967 മേയ് 13ന് അധികാരത്തിലേറിയ സക്കീര്‍ ഹുസൈന്‍ 1969 മേയ് മൂന്നിന് അന്തരിച്ചു. ഫക്രുദ്ദീൻ അലി 1977 ഫെബ്രുവരി 11 നാണ് അന്തരിച്ചത്.
1969ൽ ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള 35 ദിവസം ആക്ടിങ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. സക്കിർ ഹുസൈന്റെ മരണത്തെത്തുടർന്ന്, 1967ൽ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട വി വി ഗിരി ഇന്ത്യയുടെ താല്ക്കാലിക രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം രാജിവച്ചു. വി വി ഗിരി ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുന്നതുവരെ ഇന്ത്യയുടെ താല്ക്കാലിക രാഷ്ട്രപതിയായി ഹിദായത്തുള്ള സേവനമനുഷ്ഠിച്ചു.
രാഷ്ട്രപതിയായും താല്കാലിക രാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരേയൊരു വ്യക്തിയാണ് വി വി ഗിരി. രാഷ്ട്രപതിയാകുന്നതിനുമുമ്പ് ഫക്രുദ്ദീൻ അലി അഹമ്മദ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ കാലത്ത് രാഷ്ട്രപതിയായിരുന്നത് ഇദ്ദേഹമാണ്. രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിന്റെ മരണത്തെത്തുടർന്ന്, 1974ൽ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ബി ഡി ജട്ടി ഇന്ത്യയുടെ താല്ക്കാലിക രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു. ഇദ്ദേഹം മൈസൂർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
36 പേരുടെ നാമനിർദ്ദേശ പത്രിക തള്ളിയതിനെ തുടർന്ന് നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ വോട്ടെടുപ്പ് വേണ്ടി വന്നില്ല. 1977 ജൂലൈ 25 മുതല്‍ 1982 ജൂലൈ 25 വരെയാണ്‌ റെഡ്ഡി രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്. രണ്ടുതവണ ലോക്‌സഭാ സ്പീക്കറായും ഇരുന്നിട്ടുണ്ട്. 1969ല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായെങ്കിലും വി വി ഗിരിയോട് പരാജയപ്പെടുകയായിരുന്നു.
1977 ഫെബ്രുവരിയിൽ ഫക്രുദ്ദീൻ അലി അഹമ്മദിന്റെ മരണശേഷം വൈസ് പ്രസിഡന്റ് ബി ഡി ജട്ടി അഞ്ച് മാസത്തിലേറെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റു.
മൂന്ന് വര്‍ഷക്കാലം ഉപരാഷ്ട്രപതിയായ ശേഷം 1987ല്‍ ആര്‍ വെങ്കിട്ടരാമന്‍ രാഷ്ട്രപതിയായി ചുമതലയേറ്റു. തുടര്‍ന്ന് ശങ്കര്‍ ദയാല്‍ ശര്‍മ്മയും 1997ല്‍ കെ ആര്‍ നാരായണനും രാഷ്ട്രപതിയായി.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് എങ്ങനെ?

ഭരണഘടനയുടെ 62ആം അനുച്ഛേദം അനുസരിച്ച് നിലവിലെ രാഷ്ട്രപതി സ്ഥാനമൊഴിയുന്നതിന് മുമ്പുതന്നെ പുതിയ രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടത്തണം. ഭരണഘടനയുടെ 324ാം അനുച്ഛേദം, 1952ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ മേൽനോട്ടവും നിയന്ത്രണവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും. ഔദ്യോഗിക പദവിയിൽ പ്രവേശിച്ച തീയതി മുതൽ അഞ്ച്‍ വർഷത്തേക്കാണ് രാഷ്ട്രപതി അധികാരമേൽക്കുക. കാലാവധി അവസാനിച്ചാലും അദ്ദേഹത്തിന്റെ പിൻഗാമി ഓഫിസിൽ പ്രവേശിക്കുന്നതുവരെ രാഷ്ട്രപതിക്ക് തുടരാനാകും. നിലവിലെ സാഹചര്യത്തിൽ 48.9 ശതമാനം വോട്ട് വിഹിതം ബി.ജെ.പിക്ക് സ്വന്തമായുണ്ട്. പ്രതിപക്ഷ പാർട്ടികൾക്കും മറ്റു പാർട്ടികൾക്കും 51.1 ശതമാനം വോട്ട് വിഹിതവും.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് എങ്ങനെ?

എം.പിമാരെയും എം.എൽ.എമാരെയുംപോലെ ജനങ്ങൾ നേരിട്ടല്ല രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ഒരു ഇലക്​ടറൽ കോളജിനാണ് രാഷ്ട്രപതിയെ തെര​ഞ്ഞെടുക്കാൻ അവസരം. ലോക്സഭ, രാജ്യസഭ, സംസ്ഥാനങ്ങളിലെ നിയമസഭകൾ, ഡൽഹി, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭ അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നതാണ് ഇലക്ടറൽ കോളജ്. രാജ്യസഭയിലേക്കും സംസ്ഥാന ലെജിസ്​േലറ്റീവ് കൗൺസിലുകളിലേക്കും നാർമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾ ഇലക്ടറൽ കോളജിന്റെ ഭാഗമല്ല.
ഇലക്ടറൽ കോളജ് അംഗങ്ങളു​ടെ വോട്ടുകൾക്ക് വലിയ മൂല്യമുണ്ടാകും. ഉദാഹരണത്തിന് ഓരോ എം.പിയുടെയും വോട്ടിന് 700 മൂല്യമാണുള്ളത്. നേരത്തേ ഇത് 708 ആയിരുന്നു.
എം.എൽ.എമാരുടെ വോട്ടിന്റെ മൂല്യം ഓരോ സംസ്ഥാനത്തെയും ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. 1971ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ചാണ് എം.എൽ.എമാരുടെ വോട്ടുകളുടെ മൂല്യം നിശ്ചയിക്കുന്നത്. അതിനാൽ ഓരോ സംസ്ഥാനത്തെയും എം.എൽ.എമാരുടെയും വോട്ടിന്റെയും മൂല്യം വ്യത്യാസപ്പെട്ടിരിക്കും. ഉയർന്ന ജനസാന്ദ്രതയുടെ ഉത്തർപ്രദേശിലെ ഒരു എം.എൽ.എയുടെ വോട്ടിന്റെ മൂല്യം 208 ആണ്. അതേസമയം ജനസംഖ്യ കുറവുള്ള അരുണാചൽ പ്രദേശിൽ ഒരു എം.എൽ.എയുടെ വോട്ടിന്റെ മൂല്യം എട്ട് ആയിരിക്കും. സിക്കിമിൽ ഏഴും. 152ആണ് കേരളത്തിലെ ഒരു എം.എൽ.എയുടെ വോട്ടുമൂല്യം. 10,86,431 ആണ് ഇലക്ടറൽ കോളജിലെ ആകെ മൂല്യം. ഇലക്റൽ കോളജിൽ 5,49,442 മൂല്യം ലഭിച്ചാൽ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടും.
4895 ആണ് ഇലക്ടറൽ കോളജിലെ അംഗങ്ങളുടെ എണ്ണം. ഇതിൽ 776 ലോക്സഭ അംഗങ്ങളും 4120 എം.എൽ.എമാരും ഉൾപ്പെടും. എന്നാൽ ജമ്മു കശ്മീരിലെ 87 എം.എൽ.എമാരുടെ അഭാവത്തിൽ ഇലക്ടറൽ കോളജിലെ അംഗങ്ങളുടെ എണ്ണം 4809 ആയി ചുരുങ്ങും.

ഇന്ത്യയിലെ രാഷ്ട്രപതിമാര്‍ ആരെല്ലാം…

ഡോ. രാജേന്ദ്രപ്രസാദ്
ഡോ. എസ്. രാധാകൃഷ്ണൻ
സക്കീർഹുസൈൻ
വി.വി. ഗിരി
ഫക്രുദ്ദീൻ അലി അഹ്മദ്
നീലം സഞ്ജീവ റെഡ്ഡി
ഗ്യാനി സെയിൽസിങ്
ആർ. വെങ്കിട്ടരാമൻ
ശങ്കർ ദയാൽ ശർമ
കെ.ആർ. നാരായണൻ
എ.പി.ജെ. അബ്ദുൽകലാം
പ്രതിഭാപാട്ടീൽ
പ്രണബ് മുഖർജി
രാംനാഥ് കോവിന്ദ്

Eng­lish Sum­ma­ry: Pres­i­dent: 12 peo­ple com­plet­ed their five-year term, how was the election?

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.