രാജിവെച്ചതിന് പിന്നാലെ ജെ ഡി യു നേതാവ് നിതീഷ് കുമാറിനെതിരെ ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാൻ. രാഷ്ട്രീയ ഭാവി സംരക്ഷിക്കാനാണ് നിതീഷിന്റെ ശ്രമമെന്നും വിശ്വാസ്യത ഇല്ലാത്ത രാഷ്ട്രീയ നേതാവായി നിതീഷ് മാറിയെന്നും ചിരാഗ് കുറ്റപ്പെടുത്തി. ധൈര്യമുണ്ടെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാൻ നിതീഷ് തയ്യാറാകണമെന്നും ചിരാഗ് പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജെഡിയുവിന് ലഭിച്ചത് വെറും 43 സീറ്റുകളാണ്. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ അവർ സംപൂജ്യരാകും. ജനഹിതത്തെയാണ് നിതീഷ് അട്ടിമറിച്ചത്. അയാൾക്ക് ധാർഷ്യമാണ്. സംസ്ഥാനത്ത് യാതൊരു വികസന പ്രവർത്തനങ്ങളും നിതീഷ് കുമാർ സർക്കാർ നടത്തിയിട്ടില്ലെന്നും ചിരാഗ് പസ്വാൻ ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ കാലുമാറിയേക്കുമെന്ന് താൻ മുന്നറിയിപ്പ് നൽകിയതാണെന്നും അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും ചിരാഗ് പറഞ്ഞു.
നിതീഷ് സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ ഇരുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അധികാരത്തിനായി എന്തിനും മടിക്കാത്ത നിതീഷ് പുതിയ സുഹൃത്തക്കളെ പോലും സാഹചര്യത്തിന് അനുസരിച്ച് വഞ്ചിക്കും’,ചിരാഗ് പറഞ്ഞു. ബിഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ഗവർണർ തയ്യാറകണം. ഉടൻ തന്നെ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നും ചിരാഗ് ആവശ്യപ്പെട്ടു. ജെ ഡി യു- ബി ജെ പി സഖ്യത്തിലെ അതൃപ്തിക്കൊടുവിലായിരുന്നു നീതിഷിന്റെ രാജി. കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി വിഷയങ്ങളിൽ ബി ജെ പിയുമായി നിതീഷ് പരസ്യമായി കൊമ്പുകോർത്തിരുന്നു. എന്നാൽ മഹാരാഷ്ട്രയിൽ ഉൾപ്പെടെ ബി ജെ പി നടത്തിയ രാഷ്ട്രീയ നീക്കത്തിന് സമാനമായ തന്ത്രങ്ങൾ ബിഹാറിലും പയറ്റാൻ ബി ജെ പി ശ്രമിച്ചതോടെയാണ് ബിജെപിയെ പോലും ഞെട്ടിച്ച് കൊണ്ടുള്ള നീതിഷിന്റെ രാജി.
ജെഡിയു മുൻ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ആർസിപി സിങ്ങിനെ മുൻനിർത്തി ജെഡിയുവിനെ പിളർത്താനായിരുന്നു ബി ജെ പി ശ്രമിച്ചത്.തിരിച്ചടിയിൽ ബി ജെ പി വെറുതെ നിൽക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നിലവിലെ കണക്കുകൾ വലിയ അട്ടിമറിക്ക് സാധ്യത നൽകുന്നില്ലേങ്കിലും ബി ജെ പി വെറുതെയിരിക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭയിൽ നിലവിൽ ബി ജെ പിക്ക് 77 എംഎൽഎമാരാണ് ഉള്ളത്.
ആർ ജെ ഡിക്ക് 79 ഉം കോൺഗ്രസിന് 19 സീറ്റും ഉണ്ട്. ജെ ഡി യുവിന് 45 അംഗങ്ങളാണ് ഉള്ളത്. 243 അംഗനിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 പേരുടെ പിന്തുണയാണ്. 12 ഇടത് എംഎൽഎമാരും 4അംഗങ്ങളുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയും നിതീഷിനെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എംഎൽഎമാരെ മറുകണ്ടം ചാടിച്ച് ഭരണം പിടിക്കുകയെന്നത് ബി ജെ പിയെ സംബന്ധിച്ച് അത്ര എളുപ്പമായേക്കില്ല.
English Summary:President’s rule should be imposed in Bihar and elections should be held: Chirag Paswan
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.