മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ലോക്‌സഭ അംഗീകരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിന് തൊട്ടുപിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിന് അംഗീകാരം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പാര്‍ട്ടി വ്യത്യാസമില്ലാതെ അംഗങ്ങള്‍ തീരുമാനത്തെ പിന്തുണച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് സാധാരണനില പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ മണിപ്പൂരില്‍ ഒരു അക്രമവും ഉണ്ടായിട്ടില്ലെന്നും ഷാ അവകാശപ്പെട്ടു. സമാധാനപരമായ പരിഹാരത്തിനായി മെയ്തി, കുക്കി സമുദായങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ സ്ഥിതി ശാന്തമാണ്. അതേസമയം ആളുകള്‍ ക്യാമ്പുകളില്‍ കഴിയുന്നിടത്തോളം സ്ഥിതി തൃപ്തികരമാണെന്ന് പറയാന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
അതേസമയം മണിപ്പൂരില്‍ കാലാവധി അവസാനിച്ച ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടരണമോ എന്ന വിഷയം ഹൈക്കോടതി പരിഗണിക്കുമെന്ന് സുപ്രീം കോടതി. നിലവിലുള്ള ഭരണസമിതി തുടരണമോ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണച്ചുമതല നിര്‍വഹിക്കണോ എന്ന് ഹൈക്കോടതിക്ക് തീരുമാനിക്കാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മൂന്നു മാസത്തിനകം വിഷയത്തില്‍ തീര്‍പ്പ് കല്പിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് തല്‍സ്ഥാനത്ത് തുടരാനും അഡ്മിനിസ്ട്രേറ്റീവ് ഭരണം നടത്താനുമുള്ള അധികാരം 1994ലെ മണിപ്പൂര്‍ പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷന്‍ 22 അനുസരിച്ച് തീരുമാനിക്കാം. വംശീയ കലാപം കാരണം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുക അസാധ്യമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് വിഷയം ഹൈക്കോടതി തീരുമാനിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.