23 December 2024, Monday
KSFE Galaxy Chits Banner 2

സിമന്റിനും കമ്പിക്കും തീവില; നിർമ്മാണ മേഖല താളം തെറ്റുന്നു

ബേബി ആലുവ
കൊച്ചി
March 27, 2022 8:47 pm

സിമന്റ്, കമ്പി തുടങ്ങിയവയുടെ വിലയിലുണ്ടായ കുതിപ്പുമൂലം നിർമ്മാണ മേഖലയിൽ വൻ പ്രതിസന്ധി. ഇതിന് അനുബന്ധമായി നിർമ്മാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മറ്റു സാമഗ്രികളുടെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്.
യുദ്ധവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലവർദ്ധനവും ഇന്ധന വിലയിലുണ്ടാകുന്ന പെരുപ്പവും തുടങ്ങി പലതും ഉല്പാദകർ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, നിർമ്മാണ മേഖല സജീവമാകുന്ന ജനുവരി മുതലുള്ള മൂന്നു നാലു മാസത്തെ കാലയളവിൽ സിമന്റിനും കമ്പിക്കും മറ്റുമുണ്ടാകുന്ന ഡിമാന്റ് കാലേക്കൂട്ടി കണ്ട്, അവ സ്വരൂപിച്ചു വച്ച് വൻകിട കമ്പനികൾ കൊള്ള ലാഭമുണ്ടാക്കുകയാണെന്ന മറുപക്ഷവുമുണ്ട്. ജൂൺ മാസമാകുമ്പോൾ വില ഇനിയും കുതിക്കുമെന്നും അവർ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ നിർമ്മാണ മേഖലയിൽ നിലനിന്ന തളർച്ച മാറി, ഇടക്കാലത്തു നിർത്തി വച്ചിരുന്നതും അല്ലാത്തതുമായ ചെറുതും വലുതുമായ നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കമായിരുന്നു. ജനുവരിക്കു മുമ്പേ അവശ്യ വസ്തുക്കളുടെ വില കുറഞ്ഞതും മേഖലയിൽ ഉണർവേകി. രാംകോ, ഇന്ത്യാ സിമന്റ്, ഡാൽമിയ, ചെട്ടിനാട് തുടങ്ങിയവയുടെയൊക്കെ വില 50 കിലോയ്ക്ക് 100 മുതൽ 120 രൂപ വരെ കുറഞ്ഞ് 370‑ലെത്തിയിരുന്നു.

കമ്പിയുടെ വില 63 രൂപയായി. എന്നാൽ, ഇവയ്ക്ക് ആവശ്യക്കാരേറിയതോടെ അതനുസരിച്ച് വില വീണ്ടും ഉയരുകയായിരുന്നു. സിമന്റ് വില 420 — 450, കമ്പി 86–90 എന്നിടത്തേക്കു കുതിച്ചു. ഒരു ക്വിന്റൽ കമ്പിയുടെ വിലയിൽ 2000 രൂപയുടെ വരെ ഉയർച്ചയുണ്ടായതായി വ്യാപാരികൾ പറയുന്നു. രാജ്യത്തെ സിമന്റ് വില 10 ശതമാനത്തോളം ഉയർന്നിരിക്കുകയാണെന്നാണ് ബ്രോക്കറേജ് റിപ്പോർട്ടുകൾ. പ്രധാന സാമഗ്രികൾക്കു വില കൂടിയതോടെ പൈപ്പ്, ഷീറ്റ്, ചെങ്കല്ല്, കരിങ്കല്ല്, കൃത്രിമ മണൽ തുടങ്ങിയ വസ്തുക്കൾക്കും വില കയറി. യുദ്ധത്തിന്റെ സാഹചര്യത്തിൽ

കൽക്കരി, മെറ്റ്കോക്ക് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലയിൽ 24 മുതൽ 40 ശതമാനം വരെ വില വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് സിമൻറ് കമ്പനികളുടെ വാദം. അതിന്റെ കൂടെ ലഭ്യതക്കുറവും കൂടിയായപ്പോൾ നിലവിലെ വിലയിൽ വർദ്ധനവ് അനിവാര്യമായി എന്നും കമ്പനികൾ പറയുന്നു.
അതേസമയം, നിർമ്മാണ സാമഗ്രികൾക്ക് ഡിമാൻറ് ഏറെയുണ്ടാകുന്ന സമയങ്ങളിൽ തമിഴ് നാട് സിമന്റ് ലോബിയുടെ കള്ളക്കളി പതിവാണെന്നു കരാറുകാരും ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ യുദ്ധത്തെ മറപിടിക്കുന്നു എന്നു മാത്രം. സിമന്റിനും കമ്പിക്കും പുറമെ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായി വരുന്ന എല്ലാ വസ്തുക്കളുടെയും വില ഉയരുന്നതിനാൽ പണി നിർത്താനുള്ള ആലോചനയിലാണ് കരാറുകാർ.

Eng­lish Sum­ma­ry: Price hike in con­struc­tion site; labours in crisis

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.