14 November 2024, Thursday
KSFE Galaxy Chits Banner 2

ജന ഗണ മനയില്‍ മാസ്സ് അഭിനയവുമായി പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും

മഹേഷ് കോട്ടയ്ക്കല്‍
April 28, 2022 8:53 pm

ജന ഗണ മനയില്‍ മാസ്സ് അഭിനയവുമായി പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം കേന്ദ്ര കഥാപാത്രങ്ങളായി ഇരുവരും അഭിനിയച്ച സിനിമ കൂടിയാണ് ജന ഗണ മന. പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ബിജിഎമ്മും ഇല്ലാതെ തന്നെ സമൂഹത്തിലെ അവസ്ഥകള്‍ ചൂണ്ടിക്കാണിക്കാന്‍ ഡിജോ ജോസ് ആന്റണി എന്ന സംവിധായകന് കഴിഞ്ഞു എന്നത് തന്നെയാണ് ജന ഗണ മനയിലെ മാസ്സ്. തീര്‍ത്തും വ്യത്യസ്തമായി പുതുമയുള്ള രീതിയില്‍ കഥ പറഞ്ഞെടുക്കാന്‍ എഴുത്തുകാരന്‍ ഷാരിസ് മുഹമ്മദിനും സംവിധായകനും സാധിച്ചു എന്നത് തന്നെയാണ് സിനിമയുടെ വിജയം. കഥകളും ഉപകഥകളുമായി പ്രേക്ഷകര്‍ക്ക് പ്രവചിക്കാനാവാത്ത രീതിയിലുള്ള നിരവധി ട്വിസ്റ്റുകളും സിനിമയെ വ്യത്യസ്തമാക്കുന്നു. സമീപ കാലങ്ങളിലെ പ്രസക്തിയുള്ള നിരവധി വിഷയങ്ങള്‍ സിനിമയില്‍ വ്യക്തമാക്കുന്നുണ്ട്.

ഒരു സാധാരണക്കാരനായ പൗരന്‍ നീതിന്യായ വ്യവസ്ഥയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന പല ചോദ്യങ്ങളും സിനിമ ചോദിച്ചു കൊണ്ടേയിരിക്കുന്നു. ഇവിടെ നമ്മള്‍ ഒരോരുത്തരും കണ്ടതും കേട്ടുതുമായ സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭവങ്ങള്‍ തന്നെയാണ് കാണാനാവുക. ആ ചോദ്യങ്ങള്‍ക്ക് പൂര്‍ണമായും ഉത്തരം നല്‍കാതെ സിനിമ കാണുന്ന ഓരോരുത്തരേയും സ്വയം ചിന്തിപ്പിക്കുക കൂടിയാണ് ഇവിടെ. ഓരോ സിനിമകളും പുത്തന്‍ പ്രകടനങ്ങള്‍ കൊണ്ട് മികച്ചവയാക്കി മാറ്റുന്ന സുരാജ് വെഞ്ഞാറമൂട് ഇത്തവണയും തനിക്ക് ലഭിച്ച വേഷം മികവുറ്റ ഒന്നാക്കി മാറ്റി. സുരാജിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. എന്നാല്‍ ഒരു സസ്‌പെന്‍സ് ഒളിപ്പിച്ചുവെച്ചുകൊണ്ടാണ് സംവിധായകന്‍ പൃഥ്വിരാജിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ഇരുപകുതികളിലുമായി സുരാജിന്റെയും പൃഥ്വിരാജിന്റെയും വണ്‍ മാന്‍ ഷോ കാണാം.

ആദ്യ പകുതിയില്‍ അസി. കമ്മീഷണര്‍ സജന്‍ കുമാറായി സുരാജും, രണ്ടാം പകുതിയില്‍ വക്കീല്‍ അരവിന്ദ് സ്വാമിനാഥായി പൃഥ്വിരാജിന്റെയും മികച്ച പ്രകടനം ഒരോ പ്രേഷകര്‍ക്കും കാണാന്‍ സാധിക്കും. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സബ മറിയം ആയാണ് മംമ്ത മോഹന്‍ദാസെത്തുന്നത്. രണ്ടു ഭാഷകള്‍ ഇടകലര്‍ത്തി പറയുന്ന ഡയലോഗുകള്‍ പലയിടങ്ങളിലും സിനിമ വ്യത്യസ്തമാക്കുന്നു. രാമനഗരം എന്ന സ്ഥലം കേന്ദ്രീകരിച്ചാണ് ആദ്യ പാതിയിലെ സംഭവവികാസങ്ങള്‍. പാതയോരത്ത് ഒരു സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കാണപ്പെടുന്നു. സ്ത്രീ റേപ്പ് ചെയ്യപ്പെട്ടതിന് ശേഷമാണ് കൊല്ലപ്പെട്ടതെന്നും പുറത്ത് വരുന്നു. മരിച്ച സ്ത്രീ ആരാണെന്ന് വെളിപ്പെടുന്നതോടെയാണ് ചിത്രത്തിന്റെ തുടക്കം.

ശാരി അവതരിപ്പിക്കുന്ന റിട്ട. ഹെഡ്മിസ്ട്രസിന്റെ മൂത്ത മകളാണ് സബ. ഇവരും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന് നീതി തേടുന്ന രംഗങ്ങളും വളരെ ഭംഗിയായി തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട് ഇവിടെ. ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുരോഗമിക്കുന്നത്. പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതിനെതിരെ വന്‍ പ്രതിഷേധം എങ്ങും കാണാം. പ്രതിഷേധക്കാരെ പൊലീസ് അടിച്ചമര്‍ത്തുന്നതും കുറ്റവാളികളെ കണ്ടെത്താനുളള പൊലീസിന്റെ അന്വേഷണങ്ങളെല്ലാം പ്രേക്ഷകനെ ത്രില്ലടിപ്പിക്കും. അതേ സമയം പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായും ക്രിമിനലുകളായും മുദ്രകുത്തുന്ന പ്രവണതയും ചിത്രത്തിലൂടെ സംവിധായകന്‍ വ്യക്തമാക്കുന്നു. മേലുദ്യോഗസ്ഥര്‍ക്ക് വഴങ്ങി നിസ്സഹായനായ പൊലീസ് ഉദ്യോഗസ്ഥനായ സജനേയും പിന്നീട് ഉണ്ടാകുന്ന ട്വിസ്റ്റുകളും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം നല്‍കും. പ്രതികളെ എന്‍കൗണ്ടറിലൂടെ കൊല്ലുന്നതോടെ സജനെന്ന(സുരാജ്) പൊലീസ് ഉദ്യോഗസ്ഥനെ ആക്ടിവിസ്റ്റുകളും മീഡിയയും വിദ്യാര്‍ത്ഥി സംഘവും പൊതുജനവും നല്‍കുന്ന ഹീറോ പരിവേഷം ആദ്യ ഭാഗം അവസാനിക്കുന്നിടം വരെ തുടരും.

തുടര്‍ന്ന് സജനെന്ന പൊലീസുകാരന്‍ നേരിടുന്ന നിയമ നടപടികളാണ് രണ്ടാം പകുതിയില്‍. ആരും പ്രതിക്ഷിക്കാത്ത രീതിയില്‍ കേസില്‍ പ്രതിഭാഗം അഭിഭാഷകനായി എത്തുന്ന അരവിന്ദ് സ്വാമിനാഥന്‍ (പൃഥ്വിരാജ്) എത്തും. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി ഷമ്മി തിലകന്റെ പ്രകടനവും മികച്ചതാണ് ചിലയിടങ്ങളിലെല്ലാം ഒരു നിമിഷം നമ്മെ വിട്ടു പിരിഞ്ഞ തിലകനെ ഓര്‍ത്തു പോകും. രണ്ടാം പാതിയില്‍ ദീര്‍ഘ നേരം കോടതി മുറിയിലെ നീണ്ട വാദങ്ങളോടെയാണ് സിനിമ പുരോഗമിക്കുന്നത്. ഇവിടെയാണ് സിനിമയുടെ കെട്ടുറപ്പുള്ള തിരക്കഥ വ്യക്തമാക്കുന്നത്. രണ്ടാം പകുതി വേഗത്തില്‍ തീരുന്ന പോലെ ആയിരുന്നെങ്കിലും ഏവരെയും ത്രില്ലടിപ്പിക്കും. വര്‍ഗീയത, രാഷ്ട്രീയക്കാര്‍ക്ക് ബലിയാടകേണ്ടി വരുന്ന സാധാരണക്കാരന്റെ അവസ്ഥ, ഉന്നത വിദ്യാഭ്യാസ രംഗത്ത് അവസ്ഥകള്‍ ഇവ എല്ലാം തുറന്ന് പറഞ്ഞ് കൊണ്ട് നീളുന്നു രണ്ടാം പാതി.

ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ജീവിതം അവസാനിച്ച വിദ്യാര്‍ത്ഥിയുടെ കഥ പറഞ്ഞ് കൊണ്ടാണ് സിനിമ ക്ലൈമാക്‌സിലേക്ക് നീങ്ങുന്നത്. തുടര്‍ന്ന് നടക്കുന്നതെല്ലാം ഒരോ പ്രേക്ഷകരേയും മുള്‍മുനയില്‍ നിര്‍ത്തും എന്നത് തീര്‍ച്ച. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൃഥ്വിക്കും സുരാജിനും മംമ്ത മോഹന്‍ദാസിനും പുറമെ ശ്രീദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരസ്, വിനോദ് സാഗഡ, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയ് കുമാര്‍, വൈഷ്ണവി വേണുഗോപാല്‍ തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങളായി ചിത്രത്തിലെത്തിയത്. സൂദീപ് ഇളമണ്‍ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങും ജേക്‌സ് ബിജോയ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം കാലിക പ്രസക്തിയുളള വിഷയം തനിമ ചോരാതെ അവതരിപ്പിക്കുന്നതോടൊപ്പം പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സിനിമ കൂടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.