പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമ നിലവിലെ രൂപത്തില്‍ റിലീസ് ചെയ്താല്‍ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനു നിര്‍ദേശം നല്‍കി. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണു താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഹര്‍ജിക്കാന്‍ പറയുന്നു.
തന്റെ ജീവിതത്തിലുണ്ടായ യഥാര്‍ഥ സംഭവങ്ങളും അതിനൊപ്പം വ്യാജമായവ ഇടകലര്‍ത്തിയുമാണു സിനിമ. വ്യാജ സീനുകളും തന്റെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതാണെന്നു പ്രേക്ഷകര്‍ കരുതും. ഇതുവഴി തന്റെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകുമെന്നും ഹര്‍ജിയില്‍ അറിയിച്ചു. സിനിമയ്ക്കു നിലനില്‍ക്കുന്ന വിലക്കില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് തീരുമാനമെടുക്കേണ്ട സംഭവം ഇതാദ്യമാണ്.
എന്നാല്‍ ചിത്രം കുറുവച്ചന്റെ കഥയല്ലെന്നും സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്നുമായിരുന്നു തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ വിശദീകരണം. ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ചിത്രത്തിന്റെ പേര് മാറ്റി ‘കടുവ’ എന്ന പേരില്‍ ചിത്രീകരണം ആരംഭിക്കാന്‍ കോടതിയില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അനുമതി നേടുകയായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായാലും ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ താന്‍ അനുവദിക്കില്ല എന്നായിരുന്നു പിന്നീട് കുറുവച്ചന്റെ പ്രതികരണം.
ഏറെ നാളായി ചിത്രീകരണം പൂര്‍ത്തിയായി റിലീസിനൊരുങ്ങിയ ചിത്രം ഈ മുപ്പതാം തീയതി റിലീസ് ചെയ്യാനിരിക്കവേ വീണ്ടും ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കേണ്ട അവസ്ഥ ഉണ്ടായി. ”ചില അപ്രവചനീയമായ സാഹചര്യങ്ങള്‍ കൊണ്ട് വീണ്ടും റിലീസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരാധകരും തിയറ്റര്‍ ഉടമകളും വിതരണക്കാരും ക്ഷമിക്കണം” എന്നായിരുന്നു കടുവയുടെ റിലീസ് മാറ്റിവച്ചതിനെക്കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.
English summary; Prithviraj’s kaduva is trapped by the real Kuruvachan
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.