കുട്ടിക്കാലത്ത് കുഞ്ഞുങ്ങള്‍ ഓരോ ആഗ്രഹങ്ങള്‍ പറയും. ഹനിക്കു പൊലീസാകണം, വലുതാവുമ്പോള്‍ ഞാന്‍ ഡ്രൈവറാകും. കാലമങ്ങുമാറിയപ്പോഴും കുട്ടിമനസിലെ ആഗ്രഹങ്ങള്‍ ഇതിലെല്ലാം ഒതുങ്ങിനിന്നിരുന്നു. ചിലര്‍ പറയും തനിക്ക് കള്ളനായാല്‍ മതിയെന്ന്. പക്ഷേ ആരും തങ്ങള്‍ അടിച്ചുതളിക്കാരനോ/കാരിയോ ആകണമെന്നു പറയാറില്ല. അടുക്കളപ്പണി വേണമെന്ന ആഗ്രഹം ഒട്ടുമേ ഉണ്ടാകാറില്ല. പക്ഷേ വര്‍ത്തമാനകാലത്ത് കോണ്‍ഗ്രസുകാര്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു. പ്രിയങ്കാഗാന്ധിയുടെ തുണിയലക്കുന്ന പണി കിട്ടേണമേ, അതല്ലെങ്കില്‍ അവരുടെ ഭര്‍ത്താവ്‍ റോബര്‍ട്ട് വാദ്രയുടെ കണക്കപ്പിള്ളയെങ്കിലുമാകണേ… എങ്കില്‍ ഒരു രാജ്യസഭാ സീറ്റ് ഉറപ്പ്. ശ്രീനിവാസന്‍ കൃഷ്ണന്‍ എന്ന ഒരജ്ഞാതനെ രാഷ്ട്രീയ പ്രബുദ്ധ കേരളത്തില്‍ നിന്നും രാജ്യസഭയിലേക്കയയ്ക്കാന്‍ തീട്ടൂരം നല്കിയത് പ്രിയങ്കയും കണവനും ചേര്‍ന്ന്! പ്രിയങ്ക കോണ്‍ഗ്രസിനു നല്കിയ സേവനങ്ങളെങ്കിലും മാനിക്കേണ്ടേ. ഇക്കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ 97 ശതമാനം സ്ഥാനാര്‍ത്ഥികളുടെയും കെട്ടിവച്ച കാശ് യോഗിയുടെ ഖജനാവിനു മുതല്‍ക്കൂട്ടായ ബഹുസമര്‍ത്ഥ ആകെ കോണ്‍ഗ്രസിനു വേണ്ടി തടുത്തുകിട്ടിയത് രണ്ടു ശതമാനം വോട്ട്. നെഹ്രുകുടുംബത്തിന്റെ മണിത്തൊട്ടിലായിരുന്ന യുപിയിലാണ് ഈ രണ്ടു ശതമാനം. അവിടെ ചെറിയ പാര്‍ട്ടിയായ സിപിഐക്കുപോലും .057 ശതമാനം വോട്ടു കിട്ടി. ഇതെല്ലാമായപ്പോള്‍ ഇനിയെങ്കിലും പ്രിയങ്ക ഒന്നടങ്ങുമെന്നാണ് മാലോകര്‍ കരുതിയത്. എവിടെ അടങ്ങാന്‍. രാഹുലിന്റെ പെങ്ങളല്ലേ, ഇറ്റാലിയന്‍ സങ്കരയിനമല്ലേ, ജനം പിടിച്ചുകെട്ടിയ വാഴയും പിഴുതുകൊണ്ട് ഒരോട്ടമല്ലായിരുന്നോ, ഇന്ത്യാ മഹാരാജ്യത്ത് രാജ്യസഭയിലേക്ക് കോണ്‍ഗ്രസിനു നില്ക്കാന്‍ ഒരു തരിമണ്ണില്ല. ആകെയുള്ളത് കേരളത്തില്‍ ഒരു രാജ്യസഭാ സീറ്റ്. ആ സീറ്റ് തന്റെ അനുയായി എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനു നല്കാന്‍ വില്ലാളിവീരനും വീരമണികണ്ഠനും ഭൂമിപ്രപഞ്ചനും ഭൂലോകനാഥനുമായ കെ സുധാകരനോട് പ്രിയങ്ക കല്പിച്ചിരുന്നു. കല്പന നിറവേറ്റപ്പെട്ടില്ലെങ്കിലും കേരളീയര്‍ക്കറിയാന്‍ വയ്യാത്ത ഈ ശ്രീനിവാസന്‍ മലയാളി ആയിരുന്നു എന്ന കാര്യം ഇവിടത്തെ കോണ്‍ഗ്രസുകാരടക്കം അറിഞ്ഞതാണ് ആകെയുള്ള മിച്ചം. കോടാനുകോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയതിന് കോടതികയറിയിറങ്ങുന്ന വാദ്രയുടെ കൂട്ടുപ്രതിയാണെന്നത് കോണ്‍ഗ്രസുകാര്‍ തന്നെ കാട്ടുതീപോലെ പടര്‍ത്തി. സീറ്റ് പക്ഷെ പാതിരാത്രിയില്‍ മറ്റൊരു കൊച്ചിക്കാരിയുടെ കയ്യിലെത്തുകയും ചെയ്തു. പണ്ട് തലസ്ഥാനത്തെ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഒരു എസ്ഐ ഉണ്ടായിരുന്നു. കണിയാപുരം വെട്ടുറോഡില്‍ ഉജ്ജയിനി മഹാകാളി അമ്മന്‍ കോവിലിനടുത്തു താമസിച്ചിരുന്ന ഒരു ചെട്ടിയാര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെയും ബഹുജനസംഘടനകളുടെയും നീക്കങ്ങള്‍ മണത്തറിയാനുള്ള ഡ്യൂട്ടിയാണ് ചെട്ടിയാര്‍ക്ക്. ഈ സംഘടനകളെല്ലാം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തും. ഒപ്പം തങ്ങള്‍ പറഞ്ഞ കാര്യങ്ങളുടെ ഒരു ലഘുലേഖയും നല്കും. പത്രസമ്മേളനം മുന്തിയ ഹോട്ടലുകളില്‍ ലേശം സ്മോള്‍ അടി സഹിതമെങ്കില്‍ തീനും കുടിയും കഴിഞ്ഞ് ലഘുലേഖകള്‍ അവിടെ തന്നെ ഉപേക്ഷിച്ചാവും ചില മാധ്യമകില്ലാടികളുടെ മടക്കം. ചെട്ടിയാര്‍ എല്ലാ ദിവസവും വൈകുന്നേരമാവുമ്പോള്‍ പത്രം ഓഫീസുകളിലെ ബ്യൂറോകളിലുള്ള ചവറ്റുകൊട്ടയില്‍ തപ്പും. ചുരുട്ടിയെറിഞ്ഞ ലഘുലേഖകള്‍ നുള്ളിപ്പെറുക്കിയെടുത്ത് ഓഫീസിലെത്തി റിപ്പോര്‍ട്ട് തയാറാക്കും. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കമുണ്ടെന്നാവും ചെട്ടിയാരുടെ പല റിപ്പോര്‍ട്ടുകളും. ലഘുലേഖകള്‍ കിട്ടിയില്ലെങ്കില്‍ ആ സംഘടന ഒരു ഭൂലോക തരികിടയെന്നാവും റിപ്പോര്‍ട്ട്! സ്പെഷ്യല്‍ ബ്രാഞ്ചുപോലെ പൊലീസില്‍ ഇത്ര സുഖകരമായ ഒരു ലാവണമില്ലെന്ന് ചെട്ടിയാരുടെ സാക്ഷ്യം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ബഡാ ഹോട്ടലിന്റെ പ്രചരണ വാഹനങ്ങളായി പത്തു ബൈക്കുകള്‍ നുഴഞ്ഞുകയറിയെന്ന വാര്‍ത്ത കണ്ടപ്പോഴാണ് ചെട്ടിയാരെ ഓര്‍ത്തുപോയത്.
മുഖ്യമന്ത്രിയുടെ സഞ്ചാരപഥത്തില്‍ നുഴഞ്ഞുകയറിയ ബൈക്കുകളെ സംബന്ധിച്ച് മുന്‍കൂട്ടി വിവരങ്ങളടങ്ങുന്ന ലഘുലേഖ കിട്ടാത്തതുകൊണ്ടുണ്ടായ സുരക്ഷാ വീഴ്ചയെന്നായി റിപ്പോര്‍ട്ട്. എങ്ങനെയുണ്ട് നമ്മുടെ സ്പെഷ്യല്‍ ബ്രാഞ്ച്! നമ്മുടെ ചാനല്‍ ചര്‍ച്ചാ കോവിദര്‍ക്ക് എന്തേ തലച്ചോറിനു കോവിഡ് ബാധിച്ചോ. സമകാലിക വിഷയങ്ങളില്‍ വ്യത്യസ്താഭിപ്രായങ്ങള്‍. നാലു മാലോകരെ അറിയിക്കാനാണ് ഇത്തരം ചര്‍ച്ചകളെന്നാണ് വയ്പ്. പക്ഷേ കാര്യങ്ങള്‍ ജനം മനസിലാക്കരുതെന്ന് ഇവര്‍ക്ക് വാശിയുള്ളതുപോലെ. കെ റയിലായാലും ഉക്രെയ്‌ന്‍ ആയാലും ഒരു വിഷയവും നേരേ ചൊവ്വേ ജനത്തിനു മനസിലാകരുതെന്ന് ഇക്കൂട്ടര്‍ വ്രതമെടുത്തപോലെ. സഹികെട്ട ശ്രോതാക്കള്‍ ഈ അന്തിചര്‍ച്ചകളെ കളിയാക്കി ട്രോള്‍ പ്രവാഹം തന്നെ ആരംഭിച്ചിരിക്കുന്നു. എല്ലാം ചിന്താബന്ധുരമായ ട്രോളുകള്‍. ഈയിടെ ഒരു സംസ്ഥാന മന്ത്രി ഒരു ചാനലില്‍ വലിഞ്ഞുകയറി നാട്ടാര്‍ക്ക് ക്ലാസെടുത്തത് ഇങ്ങനെ: ‘ദേശീയവും സാര്‍വദേശീയവുമായ വര്‍ഗശക്തികളുടെ ബലാബലം എന്നുള്ളത് രണ്ട് ഉല്പാദനശക്തികളും ഉല്പാദബന്ധം ഇവയുടെ നിലവാരനിര്‍ണയത്താല്‍ സാമൂഹ്യ സാമ്പത്തിക അടിത്തറ വളരെ ആഴത്തില്‍ നിര്‍ണയിക്കുന്നതാണ്. വസ്തുനിഷ്ഠ ഘടകത്തെ മാത്രം നോക്കി ആത്മനിഷ്ഠ ഘടകത്തെ കാണാതെ ഒരു ഘട്ടത്തെ മൂര്‍ത്തമായി നിര്‍ണയിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോഴാണ് ആത്മനിഷ്ഠഘടകം വസ്തുനിഷ്ഠ ഘടകമാകാതെ ജൈവനിഷ്ഠ ഘടകമാകുന്നത്.’ മന്ത്രിയുടെ ഈ വാക്കുകള്‍ കേട്ട് വായ തുറന്നിരിക്കുന്ന പ്രേക്ഷകരോട് ട്രോളന്‍ ചോദിക്കുന്നു, വല്ലതും മനസിലായോ! കെ റയിലിനെക്കുറിച്ചുള്ള ഒരു ചര്‍ച്ച അവതരിപ്പിക്കുന്നയാള്‍ കെ റയിലിന് അനുകൂലമായി പറയുന്നതു കേട്ടോളൂ. ‘കാര്യം യശസേ അര്‍ത്ഥകൃതേ, വ്യവഹാരമിതേ, ശിവേദനക്ഷതേ, സത്യപരനിര്‍വൃതേ, വാര്‍ത്താസമഹത ശതോപതേ’… ഇതുകേട്ട കെ റയിലിനെ എതിര്‍ക്കുന്ന ചാനലിസ്റ്റ് ചാടി വീഴുന്നു; പക്ഷേ ആഗോളവല്ക്കരണത്തിന്റെ ആവര്‍ത്തിച്ചുള്ള സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഒരു അക്ലിന്നമായിട്ടുള്ള ദേശീയതയെ വിമുക്തയായി ചിത്രീകരിക്കുന്ന ചില സ്വാഭാവികവികിരണങ്ങളുണ്ടല്ലോ, അതു ഘടികാരോല്‍കൃഷ്ടമായി മാറുന്ന വേറിട്ടൊരു ദേശീയത മാത്രമല്ലേ!’ ചോദ്യം കേട്ടപ്പോള്‍ കെ റയിലിനെക്കുറിച്ചു നമുക്കെന്തു മനസിലായി. അതിനാല്‍ ഈ അന്തിച്ചര്‍ച്ച സമയത്ത് ചലച്ചിത്രഗാനോപഹാരമാക്കിക്കൂടേ! മാവോയിസ്റ്റ് നേതാവായ രൂപേഷിനെതിരായി സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയ നാലു ദേശദ്രോഹ കേസുകളും കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കി. പുറത്തിറങ്ങിയ രൂപേഷ് സ്വയം ചോദിച്ചു കാണും താനെങ്ങനെ മാവോയിസ്റ്റായെന്ന്! ഇന്ത്യയിലെ മാവോയിസ്റ്റ്-നക്സലൈറ്റ് പ്രസ്ഥാനങ്ങളുടെ പിതാക്കളായ കനുസന്യാലും ചാരുമജ്ജുംദാരും ജംഗള്‍ സന്താളും ഇതേ ചോദ്യം ചോദിച്ചു കാണണം. നിങ്ങളെന്നെ മാവോയിസ്റ്റാക്കിയത് എന്തിനെന്ന് ആരോടൊക്കെയോ വിളിച്ചു ചോദിച്ചിട്ട് കനുസന്യാല്‍ ആത്മഹത്യയില്‍ അഭയം തേടി. ഇന്ത്യയിലിതാ സായുധ വിപ്ലവവസന്തത്തിന്റെ ഇടിമുഴക്കം എന്ന് ചിലരൊക്കെ പറഞ്ഞതു കേട്ട് ആയുധമെടുത്ത ജംഗള്‍ സന്താള്‍ സായുധവിപ്ലവമോഹം നശിച്ച് നിരാശമൂത്ത് മുഴുക്കുടിയനായി. ചാരുമജ്ജുംദാറും തങ്ങളില്‍ സായുധവിപ്ലവമോഹത്തിന്റെ പരാഗരേണുക്കള്‍ വാരിവിതറി വഞ്ചിച്ചവരെ ശപിച്ച് അകാലത്തില്‍ അന്‍പത്തിമൂന്നാം വയസില്‍ പൊലിഞ്ഞു. കഴിഞ്ഞയാഴ്ച മറ്റൊരു വാര്‍ത്തവരുന്നു. കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് മുഖ്യമന്ത്രി പിണറായി വിജയന്‍ 3.94 ലക്ഷം രൂപ നല്കിയെന്ന്. ലൈഫ് മിഷനില്‍ വീടും നല്കും. അതുവരെ താമസിക്കാന്‍ സര്‍ക്കാര്‍ വാടകവീടും നല്കി. ഇനി ജോലിയും പ്രതിമാസ വേതനവും ഏര്‍പ്പെടുത്തും. ലിജേഷിനെ ആരായിരുന്നു മാവോയിസ്റ്റാക്കിയത്? വൃത്തം പൂര്‍ത്തിയായി വരുമ്പോള്‍ ഇതിനൊരു ഉത്തരവും വേണ്ടേ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.