22 December 2024, Sunday
KSFE Galaxy Chits Banner 2

സഹകരണ പ്രസ്ഥാനങ്ങളിലൂടെ മുന്നോട്ട്

വി എന്‍ വാസവന്‍
സഹകരണ, രജിസ്ട്രേഷന്‍ മന്ത്രി
November 14, 2021 4:15 am

2021ലെ സഹകരണ വാരാഘോഷത്തിന് നവംബർ 14 ന് തുടക്കമാകുകയാണ്. സഹകരണ പ്രസ്ഥാനങ്ങൾക്ക് പ്രസക്തി വർധിക്കുന്ന കാലഘട്ടത്തിലാണ് ഇത്തവണത്തെ വാരാഘോഷം. അതുകൊണ്ടു തന്നെ സഹകരണ മേഖലയുടെ പ്രാധാന്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടക്കേണ്ടത്. സഹകരണ പ്രസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനും പരസ്പര സഹായത്തോടെ മുന്നേറുന്നതിനും കേരളത്തിൽ സജീവമായ ഇടപെടലുകളാണ് നടന്നിരുന്നത്. കാർഷിക മേഖലയിൽ സഹകരണ സംഘങ്ങൾ വിത്തു സംഘങ്ങളും വളം സംഘങ്ങളുമായി വളരാൻ തുടങ്ങി. കർഷക പ്രസ്ഥാനങ്ങളുടെ ഭാഗമായും സഹകരണ സംഘങ്ങൾ ശക്തിപ്പെട്ടിരുന്നു. കാർഷിക മേഖലയിൽ നിന്നും ചെറുകിട സംരംഭക മേഖലയിലേക്കും പരസ്പര സഹായസംഘങ്ങൾ വളർന്നു തുടങ്ങി. 

അക്കാലത്ത് ദേശസാൽകൃത ബാങ്കുകൾ ഗ്രാമപ്രദേശങ്ങളിൽ കാർഷിക വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ തുടങ്ങി. ഷെഡ്യൂൾഡ് ബാങ്കുകളും ഇത്തരം മേഖലകളിലേക്ക് കടന്നുവന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ഭാഗമായി കാർഷിക മേഖലയിൽ വായ്പകൾ നൽകുന്നതിനും ഇത്തരം ബാങ്കുകൾ തയാറായിരുന്നു. എന്നാൽ കാലക്രമേണ യഥാർത്ഥ കർഷകർ ബാങ്കുകളുടെ വായ്പാ പരിധിക്ക് പുറത്തായി. കർഷകരെന്ന വ്യാജേന ജന്മികളും ചില സ്ഥാപിത താല്പര്യക്കാരും സ്ഥാപനങ്ങളും വായ്പകൾ നേടാൻ തുടങ്ങി. ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി നവ ലിബറൽ നയങ്ങൾ നടപ്പാക്കി തുടങ്ങിയതോടെ ഗ്രാമപ്രദേശങ്ങളിൽ നിന്നും ബാങ്കുകൾ പൂർണമായും പിന്മാറിത്തുടങ്ങി. ഈ ഘട്ടത്തിൽ അമുൽ പോലുള്ള സഹകരണ പ്രസ്ഥാനങ്ങൾ വിജയഗാഥ രചിച്ചുതുടങ്ങിയിരുന്നു. മൾട്ടിനാഷണൽ കമ്പനികളെ പോലും ബഹുദൂരം പിന്നിലാക്കി വർഗീസ് കുര്യന്റെ നേതൃത്വത്തിൽ അമുൽ ജൈത്രയാത്ര നടത്തുന്ന തലത്തിലേക്ക് ഉയർന്നു. അവശത അനുഭവിച്ചിരുന്ന ഡയറി കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ലോകത്തെ തന്നെ ഏറ്റവും മികച്ച സഹകരണ പ്രസ്ഥാനമായി വളർത്തിയെടുക്കാൻ വർഗീസ് കുര്യന്റെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിരുന്നു.

എന്നാൽ കേരളം, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ സഹകരണ പ്രസ്ഥാനങ്ങൾ അടിസ്ഥാന മേഖലയോട് ചേർന്ന് മികച്ച പ്രവർത്തനം കാഴ്ചവച്ചു മുന്നേറിക്കൊണ്ടേയിരുന്നു. ദേശസാൽകൃത ബാങ്കുകൾ പിന്മാറിയ ഇടങ്ങളിലൊക്കെ സാധാരണക്കാരന് കൈത്താങ്ങായി സഹകരണ മേഖല ഉയർന്നു വന്നു. ത്രിതല സംവിധാനത്തിൽ സഹകരണ മേഖല ശക്തി പ്രാപിച്ച് വളർന്ന് പന്തലിക്കുന്ന ഘട്ടത്തിലാണ് കൂടുതൽ പുരോഗമനപരമായ വ്യതിയാനങ്ങൾ വരുത്താനുള്ള തീരുമാനങ്ങളുണ്ടാകുന്നത്. ഇതിന്റെ ഭാഗമായി വിദഗ്ധർ അടങ്ങുന്ന കമ്മിറ്റികൾ രൂപീകരിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ത്രിതല സംവിധാനത്തിൽ നിന്നും ദ്വിതല സംവിധാനത്തിലേക്കുള്ള മാറ്റം ചർച്ച ചെയ്യപ്പെടുന്നത്. ഇതോടെ ഒരു തലത്തിലുള്ള കമ്മിഷൻ, പലിശ ഇനങ്ങളിലുണ്ടാകുന്ന അധിക ചെലവ് ഇല്ലാതാക്കാനും സഹകാരികൾക്ക് ലാഭകരമായ ഇടപാടുകൾ, പ്രത്യേകിച്ച് വായ്പകൾ ലഭ്യമാക്കാനും കഴിയുമെന്ന നിലയിൽ എത്തുകയും ചെയ്തു. ഇതാണ് സംസ്ഥാന സഹകരണ ബാങ്കിനെ കേരള ബാങ്ക് എന്ന പേരില്‍ പ്രധാന ബാങ്കാക്കി മാറ്റുകയും ജില്ലാ ബാങ്കുകൾ ലയിപ്പിക്കുകയും ചെയ്തതിലൂടെ ലക്ഷ്യം വച്ചത്. കേരള ബാങ്കിൽ നിന്നും സഹകാരികൾക്ക് ലഭിക്കുന്ന ആധുനിക ബാങ്കിങ് സൗകര്യങ്ങളിൽ നിന്നും മലപ്പുറം ജില്ലയിലെ സഹകാരികളെ മാത്രം ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചതുകൊണ്ടാണ് നിയമസഭാ സമ്മേളനത്തിൽ നിയമം പാസാക്കാൻ സർക്കാർ തയാറായത്. ആദ്യഘട്ടത്തിൽ തർക്കങ്ങളുയർത്തിയിരുന്നുവെങ്കിലും പ്രതിപക്ഷം കൂടി യോജിക്കുകയും ബിൽ ഐക്യകണ്ഠേന പാസാക്കാൻ സഹകരിക്കുകയും ചെയ്തു. സഹകരണ മേഖലയിലെ ഐക്യത്തിന്റെ ഉത്തമ മാതൃകയാണ് ഇതിലൂടെ വ്യക്തമായത്.

നൂറുദിന കർമ്മപരിപാടിയിൽ പ്രഖ്യാപിച്ച മറ്റൊരു ആശയമായിരുന്നു യുവജന സഹകരണ സംഘങ്ങൾ. പ്രളയവും കോവിഡുമൊക്കെ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കർമ്മനിരതരായി സമൂഹത്തിലേക്ക് ഇറങ്ങിയ യുവജനങ്ങളെ നമ്മൾ കണ്ടതാണ്. ഏതെങ്കിലും പ്രസ്ഥാനങ്ങളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ആഹ്വാനങ്ങളൊന്നും തന്നെയില്ലാതെ പ്രവർത്തന സജ്ജരായി രംഗത്തിറങ്ങിയ യുവാക്കളുടെ കർമ്മശേഷി ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഈ ചിന്തയായിരുന്നു യുവജന സഹകരണ സംഘങ്ങൾ എന്ന ആലോചനയ്ക്കു പിന്നിൽ. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സംഘങ്ങൾ രജിസ്റ്റർ ചെയ്തു. വിവിധ മേഖലകളിൽ നിന്നായി 29 സഹകരണ സംഘങ്ങളാണ് രജിസ്റ്റർ ചെയ്തത്. സേവന മേഖലയിലും ഉല്പാദന മേഖലയിലുമായി പ്രവർത്തനം തുടങ്ങിയ സംഘങ്ങൾ മികച്ച പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു.

ഇത്തരത്തിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്ത മേഖലകൾ ഇല്ലെന്നു തന്നെ പറയാം. ഊരാളുങ്കൽ ലേബർ സൊസൈറ്റി സ്ഥാപിക്കുമ്പോൾ നെറ്റി ചുളിച്ചവരുണ്ടായിരുന്നു. എന്നാൽ ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും വലിയ കരാർ‑നിർമ്മാണ കമ്പനികളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിൽ എല്ലാ അത്യാധുനിക സംവിധാനങ്ങളുമായി ഊരാളുങ്കൽ സൊസൈറ്റി വളർന്നു പന്തലിച്ചുകഴിഞ്ഞു. എത്ര വലിയ കരാർ കമ്പനികളുമായി മത്സരിക്കാനും സമയബന്ധിതമായി നിർമ്മാണ ചെലവ് നിയന്ത്രിച്ച് ടെണ്ടർ തുകയ്ക്കും താഴെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും ഇവർക്കു കഴിയുന്നുണ്ട്. സഹകരണ മേഖലയിലെ കൂട്ടായ്മയ്ക്ക് വലിയ ഉദാഹരണം തന്നെയാണ് ഈ പ്രവർത്തനങ്ങൾ. 

വ്യത്യസ്തവും വൈവിധ്യവുമായ മേഖലകളിലേക്ക് വളർന്നു പന്തലിക്കുമ്പോഴും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനും ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിക്കാനും കേരളത്തിലെ സഹകരണ മേഖല എന്നും മുന്നിട്ടിറങ്ങിയിട്ടുണ്ട്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നടപ്പിലാക്കിയ നിയമ ഭേദഗതി. സഹകരണ നിയമത്തിലെ രണ്ടാം ഭേദഗതിയിലെ സുപ്രധാന നിർദ്ദേശം ക്ഷീര കർഷക മേഖലയെ സംബന്ധിച്ചായിരുന്നു. ഗ്രാമ പ്രദേശങ്ങളിൽ ക്ഷീര കാർഷിക മേഖലയിൽ 50 ശതമാനത്തോളം സ്ത്രീകൾ സജീവമാണ്. എന്നാൽ പണിയെടുക്കുന്ന ഇവർ ക്ഷീര സഹകരണ സംഘങ്ങളുടെ തലപ്പത്തേക്ക് വരാറേയില്ല. ക്ഷീര മേഖലയിലെ സ്ത്രീകളെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിയാണ് ഇപ്പോൾ സ്വീകരിച്ചത്.

അടിസ്ഥാന സൗകര്യ വികസനവും സഹകാരികളുടെ സാമ്പത്തിക സ്രോതസും മാത്രം എന്ന നിലയിൽ അല്ല കേരളത്തിലെ സഹകരണ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. ഏതവസരത്തിലും സമൂഹത്തിനൊപ്പം നിൽക്കുകയെന്ന നിലപാടിൽ ഒരു വിട്ടുവീഴ്ചയും വരുത്താറില്ല. പ്രളയവും കോവിഡും സമൂഹത്തെ പിടിച്ചുലച്ചപ്പോൾ കൈത്താങ്ങായി നിൽക്കാൻ സഹകരണ പ്രസ്ഥാനത്തിനു കഴിഞ്ഞു. കോവിഡ് പ്രതിസന്ധി സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചപ്പോഴും സഹകരണ സംഘങ്ങൾ കൈത്താങ്ങായി മാറി. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും വാങ്ങുന്നതിനായി വിദ്യാതരംഗിണി എന്ന പേരിൽ പലിശ രഹിത വായ്പാ പദ്ധതിയും സഹകരണ സംഘങ്ങൾ നടപ്പിലാക്കി. എല്ലാ വിഭാഗത്തിലെ അംഗങ്ങൾക്കും വായ്പ ലഭ്യമാക്കുന്ന തരത്തിൽ നടപടികൾ ലഘൂകരിക്കുകയും ചെയ്തു. പ്രതിസന്ധി കാലങ്ങളിൽ സാമൂഹ്യ പ്രതിബദ്ധത പുലർത്തുന്നതിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനം ഉന്നതസ്ഥാനത്താണ്.

സഹകരണ മേഖലയുടെ ഉന്നമനത്തിനായുള്ള ചർച്ചകൾക്കൊപ്പം പുതിയ പ്രതിസന്ധികളും ആശങ്കകളും കൂടി ചർച്ചയാകണം. നിതാന്ത ജാഗ്രതയോടെ പ്രതിരോധം തീർക്കേണ്ട കാലമാണ്. കേന്ദ്രത്തില്‍ പുതിയ സഹകരണ മന്ത്രാലയ രൂപീകരണത്തെ തുടർന്നുണ്ടായ കടുത്ത ആശങ്ക സുപ്രീം കോടതിയുടെ ഇടപെടലോടെ നീങ്ങിയെങ്കിലും പൂർണമായി ആശ്വസിക്കണമോ എന്നത് ചിന്തനീയമാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ രാഷ്ട്രീയമായ ഒരു ഇടപെടൽ ഏതു സമയത്തും പ്രതീക്ഷീക്കാവുന്നതാണ്. കേന്ദ്ര സർക്കാരിന്റെ മുൻകാല രാഷ്ട്രീയ നിലപാടും ഗുജറാത്തിൽ അമുലിനെതിരെ സ്വീകരിക്കപ്പെട്ട നിലപാടും ഇത്തരമൊരു ഇടപെടൽ ഭയക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് നല്കുന്നത്. ബദൽ സാമ്പത്തിക ശക്തിയായി സംസ്ഥാനത്തിന് പിന്തുണ നല്കുന്ന സഹകരണ പ്രസ്ഥാനങ്ങൾക്കെതിരെ ഒരിടപെടലുണ്ടായാൽ ശക്തമായ പ്രതിരോധം രാഷ്ട്രീയാതീതമായി ഉയർന്നു വരേണ്ടതാണ്. കേരളത്തിൽ പൊതു വിഷയങ്ങളിൽ ഇത്തരം മാതൃകാപരമായ ഐക്യപ്പെടലുകൾ പതിവാണ്. ഇത്തവണ സഹകരണ വാരാഘോഷം ഇത്തരമൊരു കൂട്ടായ്മയ്ക്ക് കൂടി ശക്തിപകരുന്ന തരത്തിലായിരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.