5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 1, 2024
October 29, 2024
October 16, 2024
October 15, 2024
October 10, 2024
October 8, 2024
October 6, 2024
October 3, 2024
September 28, 2024

കലാപാന്തരീക്ഷം ശാന്തമാക്കിയ പൊലീസിനെതിരെ കേന്ദ്രമന്ത്രിയടക്കം നേതാക്കളുടെ പോര്‍വിളി; വിഴിഞ്ഞത്ത് ബിജെപി സംശയനിഴലില്‍

വത്സന്‍ രാമംകുളത്ത്
തിരുവനന്തപുരം
November 29, 2022 10:55 pm

കലാപത്തിന് കോപ്പുകൂട്ടിയുള്ള ആക്രമണങ്ങളെ സംയമനത്തോടെ നേരിട്ട പൊലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ബിജെപിക്ക് വിഴിഞ്ഞത്തെ സംഭവങ്ങളില്‍ പങ്കുണ്ടോ എന്നന്വേഷിക്കുന്നു. സമരക്കാരെ നേരിട്ട രീതി ശരിയായില്ലെന്നാണ് കേന്ദ്രമന്ത്രിയുള്‍പ്പെടെ പ്രതികരിച്ചത്. പൊലീസിനെയും സ്റ്റേഷനുനേരെയും ആക്രമണം നടത്തിയവരെ ശക്തമായി നേരിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റും അഭിപ്രായപ്പെട്ടത്. വിഴിഞ്ഞത്തേക്ക് കേന്ദ്രസേനയെ വിളിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. അക്രമത്തെ അടിച്ചമര്‍ത്തുന്നതിന് പകരം ചര്‍ച്ചനടത്താന്‍ നേതാക്കളെ പരതിനടക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി കെ കൃഷ്ണദാസിന്റെ വാക്കുകള്‍. വിഴിഞ്ഞത്ത് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ആപല്‍ക്കരമാംവിധം സംഘട്ടനത്തിലേര്‍പ്പെടണമെന്ന ബിജെപിയുടെ അമിതതാല്പര്യം സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്.

ഞായറാഴ്ചത്തെ സംഘര്‍ഷത്തിന് തൊട്ടുമുമ്പ് സ്ഥലത്തെ സിസിടിവി കാമറകള്‍ നശിപ്പിച്ചതിന് പിന്നില്‍ ആരെന്ന് തിരയുന്നതിനൊപ്പം ഇവര്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നതായാണ് സൂചന. സ്റ്റേഷനുമുന്നിലെയും സമീപത്തെ കടകളിലെയും കാമറകളില്‍ ചിലത് നശിപ്പിക്കുകയും ചിലതിന്റെ ദിശ മാറ്റിവയ്ക്കുകയും ചെയ്തനിലയിലാണ്. സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്നാണ് തിരുവനന്തപുരം അതിരൂപതാ വികാരി ജനറാളും സമരസമിതി കണ്‍വീനറുമായ യൂജിന്‍ എച്ച് പെരേര പറയുന്നത്. സമരം പൊളിക്കാന്‍ ശ്രമം നടക്കുന്നതായും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ഇടപെടല്‍ ദുരൂഹമാണെന്നും അദ്ദേഹം പറയുന്നു. സമരം ചെയ്തവരെ ചിലര്‍ പ്രകോപിപ്പിച്ചുവെന്നും യൂജിന്‍ പെരേര ആരോപിക്കുന്നുണ്ട്. ഇതോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ ബിജെപി സംശയനിഴലിലായി. 

ശനിയാഴ്ച നടന്ന അക്രമങ്ങളില്‍ നേരിട്ട് ബന്ധമുള്ള നാലുപേരെ ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വൈകിട്ട് ആരംഭിച്ച പ്രതിഷേധമാണ് ഇരുട്ടുപരന്നതോടെ വന്‍ സംഘര്‍ഷമായത്. ഒരാള്‍ റിമാന്‍ഡിലായി. മറ്റുമൂന്നുപേരെ വിട്ടയച്ചതോടെ പ്രതിഷേധം കെട്ടടങ്ങുകയും വിഴിഞ്ഞം ശാന്തമാവുകയും ചെയ്തു. അതിനുശേഷമാണ് കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനടക്കം നേതാക്കളും സമരക്കാരെ നേരിട്ടത് സമാധാനത്തോടെയാണെന്നും അത് സര്‍ക്കാരിന്റെ ഒളിച്ചോട്ടമാണെന്നും കുറ്റപ്പെടുത്താന്‍ തുടങ്ങിയത്. ശബരിമലയില്‍ ‘വിശ്വാസികളെ’ ലോക്കപ്പിലടച്ച പൊലീസ്, വിഴിഞ്ഞത്ത് മതപുരോഹിതരെ ജാമ്യംകിട്ടുന്ന വകുപ്പ് ചുമത്തി വിട്ടയച്ചുവെന്ന് ബിജെപി വര്‍ഗീയച്ചുവയോടെ പരിതപിക്കുകയും ചെയ്തു. 

അതിനിടെ വേണ്ടിവന്നാല്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന പുതിയതുറ ഇടവക സഹവികാരി ഫാ.ജോസ് മോന്‍ മുല്ലൂരിന്റെ പ്രസംഗത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസ് എന്നിവരുള്‍പ്പെടെ ഇരുപതോളം വൈദികര്‍ക്കെതിരെ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ഞായറാഴ്ചത്തെ സംഭവത്തില്‍ കേസെടുത്തിട്ടുള്ളത്.
അന്യായമായി സംഘം ചേര്‍ന്നതിനും ഗൂഢാലോചന നടത്തിയതിനും അതിക്രമിച്ച് കടന്നതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും പ്രകോപനപരമായി പ്രസംഗിച്ചതിനും വിവിധ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയതായും പൊലീസ് പറഞ്ഞു. ശനിയാഴ്ചയിലെ സംഭവങ്ങളില്‍ ഫാ. നിക്കോളാസ്, ഫാ. യൂജിന്‍ എച്ച് പെരേര എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ കണ്ടാലറിയുന്ന ആറ് വൈദികര്‍ക്കെതിരെയും വിവിധ വകുപ്പുകളില്‍ കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

Eng­lish Summary:protest against the police who calmed the riot­ing atmos­phere; BJP under sus­pi­cion in Vizhijam
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.