പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ മദീനയില്‍ പ്രതിഷേധം നടന്ന സംഭവത്തില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ കേസ്. ഇമ്രാന്‍ ഖാന്‍, അദ്ദേഹത്തിന്റെ മന്ത്രസഭയിലുണ്ടായിരുന്നവര്‍ തുടങ്ങി 150ഓളം പേര്‍ക്കെതിരെയാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ പൊലീസ് കേസെടുത്തത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഷഹബാസ് ഷെരീഫ് മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തിയപ്പോള്‍ കള്ളനെന്നും രാജ്യദ്രോഹിയെന്നും ചിലര്‍ വിളിച്ചിരുന്നു. സംഭവത്തില്‍ അഞ്ച് പാകിസ്ഥാന്‍ പൗരന്‍മാരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇമ്രാന്റെ അനുയായികളാണ് മദീനയില്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇമ്രാന്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ഫവാദ് ചൗധരി, ശെെഖ് റഷീദ്, ഉപദേഷ്ടാവ് ഷഹബാസ് ഗുല്‍, മുന്‍ ഡെപ്യൂട്ടി സ്‍പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഫൈസലാബാദിലെ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രവാചകന്റെ പള്ളിയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫൈസലാബാദ് സ്വദേശി നയിം ഭാട്ടി നല്‍കിയ പരാതിയിലാണ് കേസ്. അതേസമയം, മദീന പ്രതിഷേധത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു എന്നാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം. വിശുദ്ധ സ്ഥലത്ത് പ്രതിഷേധിക്കുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
English Summary:Protest in Madinah against Shahbaz; Case against Imran Khan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.