
അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- എന്‍1 (അന്വേഷ) ഉള്‍പ്പെടെ 16 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനുള്ള പിഎസ്എല്‍വി-സി62/ഇഒഎസ്-എന്‍1 ദൗത്യം ഇന്ന്. സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 10.18നാണ് വിക്ഷേപണം നടത്തുക. ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ് സ്‌പെയ്സ് ഇന്ത്യ ലിമിറ്റഡ്(എൻഎസ്ഐഎൽ) ന്റെ നേതൃത്വത്തിലാണ് ദൗത്യം.
പുതുവര്‍ഷത്തില്‍ ഐഎസ്ആര്‍ഒ നടത്തുന്ന ആദ്യത്തേതും ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 105-ാമത്തെയും ദൗത്യമാണിത്. രണ്ട് സോളിഡ് സ്ട്രാപ്പ് ഓൺ മോട്ടോറുകളുള്ള പിഎസ്എൽവിയുടെ ഡിഎൽ വേരിയന്റാണ് ഈ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. പിഎസ്എൽവിയുടെ 64-ാമത്തെ ദൗത്യമാണിതെന്ന് ഐഎസ്ആർഒ അറിയിച്ചു. ദൗത്യത്തിലുൾപ്പെട്ട മുഖ്യ ഉപഗ്രഹമാണ് ഇഒഎസ്-എൻ1. തന്ത്ര പ്രധാനമായ നിരീക്ഷണത്തിനായി രൂപംനൽകിയ ഉപഗ്രഹമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് സ്റ്റാർട്ടപ്പ് വികസിപ്പിച്ച കെസ്ട്രൽ ഇനീഷ്യൽ ടെക്നോളജി ഡെമോൺസ്ട്രേറ്റർ (കെഐഡി) ആണ് മറ്റൊരു ഉപഗ്രഹം. ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് പിന്നീട് ദക്ഷിണ പസഫിക് സമുദ്രത്തിൽ പതിക്കും.
ചന്ദ്രയാൻ1, ചൊവ്വാ ദൗത്യം, ആദിത്യ എൽ1 തുടങ്ങി ആഗോള ബഹിരാകാശ ചരിത്രത്തില്‍ ഇന്ത്യക്ക് ഇരിപ്പടം നല്‍കിയ നേട്ടങ്ങള്‍ നല്‍കിയത് പിഎസ്എല്‍വിയാണ്. 2017ൽ 104 ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിച്ച് ലോക റെക്കോഡ് സ്ഥാപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞവർഷം മേയിൽ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-9 ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി61 ദൗത്യം പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്റെ മൂന്നാംഘട്ടത്തിൽ സോളിഡ് മോട്ടോർ ചേംബർ മർദം അസാധാരണമായി കുറഞ്ഞതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.