“ഞാൻ വായിച്ചിട്ടില്ലാത്ത ഒരു പുസ്തകം
എനിക്ക് തരുന്ന വ്യക്തിയാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്”
-എബ്രഹാം ലിങ്കൺ
കൊല്ലത്തെ മലയോര ഗ്രാമമായ മടത്തറയിൽ എഐടിയുസി ചുമട്ടുതൊഴിലാളിയുടെ മകനും അക്ഷര സ്നേഹിയുമായ നൗഷാദ് ഒരിക്കലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല സ്മാർട്ട് ഫോൺ കൊണ്ട് ലോകമലയാളിയെ ഒറ്റക്കണ്ണിയിൽ കോർത്തിടുന്ന പുസ്തക വിൽപ്പനക്കാരനായി താന്‍ മാറുമെന്ന്. ജീവിതം യാദൃച്ഛികതകളുടെ ഒരു തുരുത്താണല്ലോ. ലോകത്ത് എവിടെയുമുള്ള പുസ്തക കൊതിയന്മാരുടെ മനസിൽ ഏറ്റവും മനോഹരമായ അക്ഷരങ്ങൾ കൊണ്ട് കൊത്തിവച്ച പേരാണ് നൗഷാദ് കൊല്ലം എന്ന ഒറ്റയാൾ ഗ്രന്ഥപ്പുര. ഒരു സ്മാർട്ട് ഫോൺ മാത്രമുപയോഗിച്ച് വീട്ടിലെ കിടപ്പുമുറിയിലെ പുസ്തകക്കെട്ടുകൾക്കിടയിലിരുന്നുകൊണ്ട് ലോകത്തെമ്പാടുമുള്ള നാലര ലക്ഷം പുസ്തകപ്രേമികളുമായി നൗഷാദ് നിരന്തരം സംവദിക്കുന്നു. ഒരു പുസ്തകം വേണം, പേരു മാത്രമറിയാം. ആരാണ് എഴുതിയതെന്നോ എന്നാണ് പ്രസിദ്ധീകരിച്ചതെന്നോ ഒന്നും അറിയില്ല. 8848663483 എന്ന നൗഷാദിന്റെ നമ്പരിലേക്ക് ഒരൊറ്റ മെസേജ് മതി ചുരുങ്ങിയ ദിവസത്തിനുള്ളിൽ പുസ്തകം നിങ്ങളുടെ കൈകളിലെത്തും. പുസ്തക സർവകലാശാലയുടെ വൈസ് ചാൻസിലറാണ് നൗഷാദ് കൊല്ലം. ഇന്ത്യയിൽ മാത്രമല്ല, അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ലണ്ടൻ, സിംഗപ്പൂർ, ആഫ്രിക്കൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും നൗഷാദിന്റെ പുസ്തക ലോകത്തിന് വേരുകളുണ്ട്.
പ്രീഡിഗ്രി പഠനകാലത്ത് കൊട്ടാരക്കര ചിതറ വളവു പച്ചയിലെ സി കേശവൻ വായനശാലയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് നൗഷാദ് അക്ഷരങ്ങളുടെ തോഴനാകുന്നത്. ഗ്രന്ഥശാലയിലെ വായനാനുഭവങ്ങളും പുസ്തകാനുഭവങ്ങളും നൗഷാദിനെ പുസ്തകങ്ങളുമായി കൂടുതൽ അടുപ്പിച്ചു. സ്വന്തമായി അധ്വാനിച്ചു ജീവിക്കാനുള്ള പ്രചോദനം വാപ്പയിൽ നിന്നാണ് നൗഷാദിന് കിട്ടിയത്. വാപ്പയുടെ കൈയിൽ നിന്ന് നാരങ്ങ വാങ്ങി നൗഷാദ് കന്നുകാലി ചന്തയിലും ഉത്സവപ്പറമ്പുകളിലും കച്ചവടം ചെയ്തു. കൂലിപ്പണി ചെയ്തു, ടിപ്പർ ലോറി ക്ലീനറായി, പത്രങ്ങളുടെ ഫീൽഡു സ്റ്റാഫായി, ബസിലും ട്രെയിനിലും സമ്മേളന നഗരികളിലും സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പുസ്തകങ്ങൾ കൊണ്ടു നടന്നു വിറ്റു. ഇടയ്ക്ക് ഗൾഫിൽ പോയി ഒരു പരീക്ഷണം നടത്തി. ഇതിനിടയിൽ ബിഎ പ്രൈവറ്റായി പഠിച്ച് പാസായി. തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ജേർണലിസത്തിലും ബിരുദാനന്തര ബിരുദവും എച്ച്ഡിസിയും നേടി. വീടുകൾ കയറിയിറങ്ങി പുസ്തകം കച്ചവടം ചെയ്തു. ക്ഷേത്രങ്ങളിലെ സപ്താഹ വേദികളിലും പള്ളികളിലെ വെള്ളിയാഴ്ച നമസ്കാരങ്ങളിലും ക്രിസ്ത്യൻ പള്ളികളിലെ കൂട്ട പ്രാർത്ഥനുകളിലും തോൾസഞ്ചിയിൽ പുസ്തകം നിറച്ച് നിറഞ്ഞ ചിരിയോടെ നൗഷാദ് പ്രത്യക്ഷപ്പെട്ടു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരളസാഹിത്യ അക്കാദമി, ഫോക്‌ലോർ അക്കാദമി എന്നിവയുടെ പുസ്തക പ്രമോട്ടറായി. സർക്കാർ ഓഫീസുകളിൽ കച്ചവടം നിരോധിച്ചതോടെ പുസ്തക വിൽപ്പന പരുങ്ങലിലായി. എങ്കിലും പരിചയക്കാർ ഫോണിലൂടെ പുസ്തകം ആവശ്യപ്പെടാൻ തുടങ്ങി. കോഴിക്കോട്ടേക്ക് പുസ്തകം വിൽക്കാൻ പോയതാണ് നൗഷാദിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. കോഴിക്കോടിന്റെ മുക്കിലും മൂലയിലും നൗഷാദ് പുസ്തകച്ചുമടുമായി എത്തി. വളരെപ്പെട്ടെന്ന് കോഴിക്കോടിന്റെ വായനാ സംസ്കാരത്തിന്റെ ഭാഗമായി നൗഷാദ് മാറി.
കോഴിക്കോട് വച്ചാണ് കോഴിക്കോട് സർവകലാശാലയിലെ ഫോക് ലോര്‍ ഗവേഷക വിദ്യാർത്ഥി റോവിത്ത് കുട്ടോത്തിനെ പരിചയപ്പെടുന്നത്. റോവിത്താണ് പുസ്തക വിൽപ്പനയ്ക്ക് വാട്സ്ആപ്പ് കൂട്ടായ്മയുടെ സാധ്യതയെപ്പറ്റി പറഞ്ഞത്. ഇതോടെ 2019 ഡിസംബറിൽ പുസ്തകലോകം എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. തുടക്കത്തിൽ 25 പേരായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. പുസ്തകങ്ങളുടെ മുഖചിത്രവും പുസ്തകത്തെപ്പറ്റിയുള്ള ചെറിയ കുറിപ്പുകളുമായി ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ഗ്രൂപ്പിലുള്ളവർ വായനയിൽ താൽപ്പര്യമുള്ളവരെ ഒന്നൊന്നായി ചേർക്കാൻ തുടങ്ങി. ഗ്രൂപ്പ് വലുതായി. വാട്സ്ആപ്പിൽ നിന്ന് ഫേസ്ബുക്കിലേക്കും ടെലിഗ്രാമിലേക്കും കൂട്ടായ്മകൾ വളർന്നു. ഒന്നര ലക്ഷത്തോളം അംഗങ്ങളുള്ള വലിയൊരു കൂട്ടായ്മയായി പുസ്തകലോകം വളർന്നു. മലയാള ഭാഷാ വിദ്യാർത്ഥികൾക്കായി മലയാള പഠനവേദി, ഓർമ്മയെഴുത്തുകൾക്കായി ഓർമ്മച്ചെപ്പ്, ശാസ്ത്ര സാഹിത്യ എഴുത്തുകൾക്കായി വിജ്ഞാനച്ചെപ്പ്, സംഗീത ആസ്വാദകർക്കായി മധുര ഗീതങ്ങൾ, മനോഹര ഗാനങ്ങൾ, മേഘമൽഹാർ, പാട്ടുപെട്ടി, മലയാളം ഭാഷാധ്യാപകരുടെ കൂട്ടായ്മ മലയാളം അധ്യാപക കൂട്ടം, പ്രസാധകരുടെ മാത്രം ഇടമായ പുസ്തക വീട് തുടങ്ങിയവയും നൗഷാദിന്റെ വാട്സ് ആപ്പ് കൂട്ടായ്മകളാണ്. സമൂഹമാധ്യമങ്ങൾ പുസ്തകവായനയ്ക്ക് ഭീഷണിയാകുന്നു എന്ന് നമ്മൾ മുറവിളി നടത്തുമ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ നൗഷാദ് പുസ്തകവായനയുടെ പുതിയ വിപ്ലവം സൃഷ്ടിക്കുന്നത്. രണ്ട് ലക്ഷത്തോളം പുസ്തകങ്ങളാണ് നൗഷാദ് സമൂഹമാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് വായനക്കാരുടെ കൈകളിൽ എത്തിച്ചത്.
അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന ലോക മലയാളികൾക്കിടയിൽ പുസ്തകലോകം മഹാവൃക്ഷമായി പടർന്നു പന്തലിച്ചു. ആ അക്ഷര കൂടാരത്തിനുള്ളിൽ മലയാളി വായനക്കാർ തങ്ങളുടെ അറിവിന്റെ ലോകം വിപുലപ്പെടുത്തി. ഒരു വിരൽ സ്പർശത്തിൽ നമ്മുടെ വായനയെ ലഹരിപിടിപ്പിക്കുന്ന പുസ്തകങ്ങൾ നമ്മൾ ഇരിക്കുന്നിടത്തേക്ക് കടന്നുവന്നു. പുത്തൻ സാങ്കേതികവിദ്യയെ പാരമ്പര്യവുമായി കൂട്ടിയിണക്കി വായനയുടെ പുതിയൊരു ലോകത്തെയാണ് നൗഷാദ് തുറന്നിട്ടത്. പുസ്തക വായനയിൽ നിന്ന് അകന്നു തുടങ്ങിയ മലയാളിയെ വായനയുടെ സംസ്കാരത്തിലേക്ക് തിരികെ കൊണ്ടുവന്ന് പുതിയൊരു സാംസ്കാരിക വിപ്ലവത്തിനാണ് നൗഷാദും നൗഷാദിന്റെ പുസ്തകലോകം കൂട്ടായ്മയും തുടക്കമിട്ടത്. വിപണിയിലിറങ്ങുന്ന ഏറ്റവും പുതിയ പുസ്തകം കണ്ടെത്തുക. അതിനെപ്പറ്റി ചെറിയ കുറിപ്പ് തയ്യാറാക്കുക. ശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുക. അതിൽ വരുന്ന ഓർഡറുകൾ എടുക്കുക, പുസ്തകം പാക് ചെയ്യുക, ബൈക്കിൽ പോസ്റ്റോഫീസിൽ കൊണ്ടുപോയി ആവശ്യക്കാർക്ക് അയയ്ക്കുക. പുസ്തകത്തിന്റെ പണം സ്വീകരിക്കുക തുടങ്ങിയ മുഴുവൻ പ്രവൃത്തികളും നൗഷാദ് ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഒഴിവു സമയം കിട്ടുമ്പോഴൊക്കെ തെരുവുകളിലും ബുക് സ്റ്റാറ്റാളുകളിലും പഴയ പുസ്തകങ്ങൾ തേടിയിറങ്ങും. ഔട്ട് ഓഫ് പ്രിന്റായ പല പുസ്തകങ്ങളും ആവശ്യക്കാർക്ക് തേടിപ്പിടിച്ച് നൗഷാദ് എത്തിച്ചു കൊടുക്കാറുണ്ട്.
കോവിഡ് വരുന്നതിന് മുമ്പ് പുസ്തകശാലകളെയായിരുന്നു വായനക്കാർ ആശ്രയിച്ചിരുന്നത്. കോവിഡ് കാലത്ത് കടകൾ തുറക്കാൻ കഴിയാതെ വന്നപ്പോൾ മുഖ്യധാരാ പ്രസാധകരും തൊഴിൽ നഷ്ടപ്പെട്ട ചില പുസ്തക കച്ചവടക്കാരും ഓൺലൈൻ വിപണനം ആരംഭിച്ചു. മിക്കയാളുകളും വിലക്കിഴിവുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഇതോടെ 35% വിലക്കിഴിവിൽ പ്രസാധകരിൽ നിന്ന് പുസ്തകം വാങ്ങി വിൽപ്പന നടത്തിയിരുന്ന പലരും പ്രതിസന്ധിയിലായി. വിപണനത്തിലെ അനാരോഗ്യ പ്രവണതകളും അച്ചടിയിലും അസംസ്കൃത വസ്തുക്കളിലും നേരിട്ട ക്രമാതീതമായ വിലവർധനവും പ്രസാധകരെ വലച്ചു. എന്നാൽ നൗഷാദിനെ ഇതൊന്നും ബാധിച്ചതേയില്ല. മുറിവാടക കൊടുക്കാതെ, ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ, ഏകാംഗപടയാളിയായി നൗഷാദും പുസ്തക ലോകവും കുതിച്ചു.
അക്കാലത്ത് മിക്ക പുസ്തകശാലകളിലും ഗവേഷണ സംബന്ധിയായ പുസ്തകങ്ങൾ കഥകളും നോവലുകളും ഇതര സർഗാത്മക രചനകളും പോലെ ലഭ്യമായിരുന്നില്ല. അക്കാദമിക ഗ്രന്ഥങ്ങളുടെ അച്ചടി സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതല്ല. അതുകൊണ്ടുതന്നെ മുഖ്യധാരാ പ്രസാധകർ അത്തരം ഗ്രന്ഥങ്ങൾ പ്രസാധനം ചെയ്യാൻ വിമുഖത കാട്ടി. പുസ്തകശാലകളിൽ ഇത്തരം പുസ്തകങ്ങൾ ഏതേലും ഒഴിഞ്ഞ മൂലകളിലാണ് സ്ഥാനം പിടിക്കുക. ഗവേഷണ- അക്കാദമിക പുസ്തകങ്ങളെപ്പറ്റി ധാരാളം അന്വേഷണം വരാൻ തുടങ്ങിയയതോടെ അത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി നൗഷാദ് ഗൗരവമായി ആലോചിച്ചു. കോഴിക്കോട് കപ്പൂച്ചിൻ സന്യാസി സഭയുടെ ആത്മബുക്കുമായി സഹകരിച്ച് അത്തരം പുസ്തകം പ്രസാധനം ചെയ്യാനുള്ള വലിയൊരു വെല്ലുവിളി നൗഷാദ് ഏറ്റെടുത്തു. മലയാള സർവകലാശാലയിലെ അധ്യാപകൻ ഡോ. അശോക് ഡിക്രൂസിന്റെ ‘ഗവേഷണത്തിന്റെ രീതിയും നീതിയും’ എന്ന റഫറൻസ് പുസ്തകമായിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്. തുടർന്ന് ഇരുനൂറോളം ഗവേഷണ-പഠന- വൈജ്ഞാനിക പുസ്തകങ്ങൾ ഇത്തരത്തിൽ നൗഷാദ് പുറത്തിറക്കി. പലതിനും ഒട്ടേറെ പതിപ്പുകൾ വന്നു. മലയാളത്തിൽ ഏതൊക്കെ പുതിയ പുസ്തകൾ ഇറങ്ങുന്നു എന്നറിയാൽ പുസ്തകലോകം നോക്കിയാൽ മതി എന്ന സാമാന്യവത്ക്കരണത്തിലേക്ക് കാര്യങ്ങൾ എത്തി. ഇതോടെ വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർ കൂട്ടത്തോടെ പുസ്തക ലോകത്തിന്റെ കൂട്ടുകാരായി. ഇതിനിടെ അക്കാദിമ- വൈജ്ഞാനിക ഗ്രന്ഥങ്ങൾക്ക് വർഷം തോറും നൗഷാദ് അവാർഡും ഏർപ്പെടുത്തി.
സ്വന്തമായി പുസ്തകലോകത്തിന് എന്തുണ്ട് എന്നു ചോദിച്ചാൽ 15000 രൂപയ്ക്ക് താഴെ വിലവരുന്ന ഒരു സ്മാർട്ട് ഫോൺ മാത്രം എന്ന് നൗഷാദ് പറയും. സ്വന്തമായി ഓഫീസോ കമ്പ്യൂട്ടറോ വിപണനകേന്ദ്രമോ തലമുറകളായി കൈമാറി വന്ന സ്വത്തോ ഒന്നുമില്ല. യാതൊരു ഉപാധികളുമില്ലാതെ എഴുത്തുകാർ ഏൽപ്പിച്ച ‚അവരുടെ മനുഷ്യധ്വാനത്തിന്റെ എഴുത്തുകൾ മാത്രമാണ് തന്റെ മൂലധനമെന്ന് നൗഷാദ് പറയും. പുസ്തകലോകത്തിന് കിട്ടുന്ന സ്വീകാര്യതയും അംഗീകാരവും എല്ലാവർക്കും കൂടിയുള്ളതാണ് എന്ന് നൗഷാദ് കരുതുന്നു. പുസ്തകലോകം = ആത്മബുക്ക്സ് +പുസ്തക ലോകത്തിന്റെ എഴുത്തുകാർ + വായനക്കാർ + പുസ്തക വിൽപ്പനക്കാരൻ എന്ന നിലയിൽ ഞാനും. ഇതാണ് നൗഷാദിന്റെ സമവാക്യം. ആരെയും പ്രചോദിപ്പിക്കുന്നതാണ് നൗഷാദ് കൊല്ലത്തിന്റെ ജീവിത കഥ. അക്ഷരങ്ങളാണ് നൗഷാദിന് ഒരു ജീവിതം ഉണ്ടാക്കിക്കൊടുത്തത്. പുസ്തക വിൽപ്പനക്കാരൻ എന്ന് അറിയാൻ ആഗ്രഹിക്കുന്ന നൗഷാദ് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും കോഴിക്കോട് കല്ലായിലുള്ള തന്റെ കിടപ്പുമുറിയിലിരുന്ന് പിറ്റേ ദിവസം വായനക്കാർക്ക് തപാലിൽ അയയ്ക്കാനുള്ള പുസ്തകങ്ങൾ പാക്ക് ചെയ്യുകയായിരുന്നു. പുസ്തകയാത്രയിൽ നൗഷാദിന് തുണയായി അധ്യാപികയായ ഭാര്യ ജംഷീറയും മക്കൾ അൻജും കരീമും അനും ഹസനും അജൽ മഹമ്മദും കൂടെയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.