വെഞ്ചേമ്പ് പുതുവീട്ടിൽ ചിറയുടെ നവീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഡോക്ടർ കെ ഷാജി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ജിഷാ മുരളി അധ്യക്ഷയായി. ചടങ്ങിൽ, വാർഡ് പ്രകാശ് കുമാർ, എ ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.
നവീകരണത്തിനായി ജില്ലാപഞ്ചായത്ത് ഫണ്ടിൽനിന്നും 33 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
കരവാളൂർ പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഒരേക്കറിലധികം വിസ്തൃതിയുള്ള ചിറ കാലപ്പഴക്കം കൊണ്ട് ഉപയോഗയോഗ്യമല്ലാതെ കിടക്കുകയാണ്. സംരക്ഷണ ഭിത്തി ഇടിഞ്ഞിറങ്ങിയും, ചെളിയും, കാടും കയറി ജലസ്രോതസ്സ് വറ്റിയും ജീർണ്ണ അവസ്ഥയിലായ ചിറയുടെ പുനരുദ്ധാരണം നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. വെഞ്ചേമ്പ് മുതൽ കരവാളൂർ വരെയുള്ള വിസ്തൃതമായ പാടശേഖരത്ത് വേനൽക്കാലത്ത് ജലം എത്തിച്ചിരുന്നത് ഈ ചിറയിൽ നിന്നായിരുന്നു. എന്നാൽ പിന്നീട് നെൽകൃഷി കുറയുകയും, ചിറയുടെ സംരക്ഷണം കാലാകാലങ്ങളിൽ ഏറ്റെടുക്കാതെ ഇരിക്കുകയും ചെയ്തതാണ് ചിറയുടെ ജീർണ്ണ അവസ്ഥയ്ക്ക് കാരണം.
ചിറയിൽ നിന്നും 200 മീറ്റർ പടിഞ്ഞാറുഭാഗത്തായി ഒഴുകുന്ന കല്ലട ഇടതുകര കനാലിൽ നിന്നും വേനൽക്കാലത്ത് ചിറയിലേക്ക് വെള്ളം എത്തിക്കുന്നതിന്, പമ്പ് ഹൗസും, ജലം എത്തിക്കുന്നതിന് ആവശ്യമായ സംവിധാനവും, വശങ്ങളിൽ നിന്നും മലിനജലം ഒഴുകിയെത്തുന്നത് തടയുന്നതിന് ആവശ്യമായ സംരക്ഷണ ഭിത്തിയും, നടപ്പാതയും കൈവരികളും ഉൾപ്പെടെ നിർമ്മിച്ച മനോഹരമാക്കുന്ന തിനുവേണ്ടിയാണ് തുക വകയിരുത്തിയിരിക്കുന്നത്.
നടപ്പാതയും, വിശ്രമ സ്ഥലവും, പാർക്കും ഒരുക്കിയാൽ, കരവാളൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുവാൻ കഴിയും. കുളത്തിലെ ചെളിയും, കാടും നീക്കംചെയ്തു ജല ലഭ്യത ഉറപ്പു വരുത്തിയാൽ നീന്തൽ പരിശീലന കേന്ദ്രം ആക്കി മാറ്റുവാനും ഇതിലൂടെ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.