ബെലാറസില്‍ ആണവായുധങ്ങള്‍ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. എന്നാല്‍ ആയുധ വിന്യാസം ആണവ നിര്‍വ്യാപന കരാര്‍ ലംഘിക്കുന്നതാകില്ലെന്നും പുടിന്‍ ഉറപ്പ് നല്‍കി. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കോഷെങ്കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചു. യുഎസ് അവരുടെ സഖ്യരാജ്യങ്ങളില്‍ ആണവായുധങ്ങള്‍ വിന്യസിക്കുന്നതിന് സമാനമാണ് റഷ്യ ബെലാറസില്‍ ചെയ്യുന്നതെന്നും പുടിന്‍ വ്യക്തമാക്കി. ഇതില്‍ പുതുതായി ഒന്നുമില്ല. നൂറ്റാണ്ടുകളായി അമേരിക്ക പിന്തുടരുന്നതാണിത്. സഖ്യരാജ്യങ്ങളില്‍ അമേരിക്ക തന്ത്രപരമായ ആണവായുധങ്ങള്‍ വിന്യസിക്കാറുണ്ട് എന്നായിരുന്നു പുടിന്റെ പ്രസ്താവന. ഒരു തരത്തിലുള്ള നയലംഘനങ്ങളും റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള 10 എയര്‍ക്രാഫ്റ്റുകളാണ് ബെലാറസില്‍ സജ്ജമാക്കിയിരിക്കുന്നത്. ആണവായുധം വിന്യസിക്കുന്ന മേഖല, അവിടുത്തെ നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജൂലൈയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ ആദ്യം മുതല്‍ ഇതിനായുള്ള പരിശീലനങ്ങള്‍ക്ക് തുടക്കമിടും. 1990 ന് ശേഷം ഇതാദ്യമായാണ് രാജ്യത്തിന് പുറത്ത് റഷ്യ ആണവായുധങ്ങള്‍ വിന്യസിക്കുന്നത്.
അതേസമയം, റഷ്യയുടെ നടപടി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കന്‍ പ്രതിരോധ വിഭാഗം അറിയിച്ചു. പുടിന്റെ പ്രഖ്യാപനത്തില്‍ എന്തെങ്കിലും ഭീഷണിയുള്ളതായി കരുതുന്നില്ലെന്നും യുഎസ് പ്രതികരിച്ചു. നിലവിലൊരു ആണവായുധ വിന്യാസത്തിന്റെ സാഹചര്യമില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് യുഎസ് പ്രതിരോധ വക്താവ് അറിയിച്ചു. നാറ്റോ സഖ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും അമേരിക്ക വ്യക്തമാക്കി. ആണവ നിര്‍വ്യാപന- ആയുധ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം അമേരിക്കയുടെ നൂറിലധികം ആണവായുധങ്ങള്‍ യൂറോപ്പിലെ അഞ്ച് രാജ്യങ്ങളിലെ ആറ് കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. നാറ്റോ സഖ്യരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സഹായം തേടിയുള്ള ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് പുടിന്റെ നീക്കം. ആണവായുധം വിന്യസിച്ചതിലൂടെ ബെലാറസിന് റഷ്യ ബന്ദിയാക്കിയതായി ഉക്രെയ‍്ന്‍ ആരോപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര അസ്ഥിരതയിലേക്കുള്ള ആരംഭമാണ് ഈ നീക്കമെന്നും ഉക്രെയ്‌നിന്റെ ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിൽ സെക്രട്ടറി ഒലെക്‌സി ഡാനിലോവ് പറഞ്ഞു.
English Sammury: Russia to deploy nuclear weapons in Belarus
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.