3 May 2024, Friday

Related news

March 30, 2024
December 28, 2023
December 3, 2023
November 9, 2023
October 26, 2023
August 19, 2023
November 25, 2022
November 21, 2022
November 20, 2022
November 20, 2022

തിമിംഗല സ്രാവുകളുടെ സംഗമത്തെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍

Janayugom Webdesk
ദോഹ
April 30, 2022 2:45 pm

ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന മത്സ്യവിഭാഗങ്ങളിലൊന്നായ ഭീമന്‍ തിമിംഗല സ്രാവുകളുടെ പ്രധാന ആവാസകേന്ദ്രങ്ങളില്‍ ഒന്നാണ് ഖത്തറിന്റെ തീര സമുദ്ര മേഖല. പ്രധാനമായും അല്‍ ഷഹീന്‍ എണ്ണപ്പാടങ്ങളിലാണ് തിമിംഗല ‘സ്രാവു‘കളുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നത്. മേയ് മുതല്‍ ഒക്‌ടോബര്‍ വരെയാവും മേഖലയില്‍ ഈ മത്സ്യങ്ങള്‍ കൂട്ടമായെത്തുന്നതെന്ന് ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വടക്കന്‍ സമുദ്രമേഖലയിലാണ് ഇവയെത്തുക.

തിമിംഗല സ്രാവുകളുടെ സംഗമകാലമായാണ് ഈ സീസണിനെ വിശേഷിപ്പിക്കുന്നത്. ബീച്ചുകളിലും വടക്കന്‍ ദ്വീപുകളിലേയ്ക്കും എത്തുന്ന സന്ദര്‍ശകര്‍ തിമിംഗല സ്രാവുകള്‍ ഒത്തുചേരുന്ന ഭാഗങ്ങളിലേയ്ക്ക് പ്രവേശിക്കരുതെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആഹ്വാനം ചെയ്തു. വടക്കന്‍ സമുദ്രമേഖലകളില്‍ തിമിംഗല സ്രാവുകളെ കണ്ടാല്‍ 184 എന്ന നമ്പറില്‍ അധികൃതരെ അടിയന്തരമായി അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇവയെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റങ്ങളും പാടില്ല.

ഖത്തറിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതില്‍ തിമിംഗല സ്രാവുകളുടെ ഒത്തുചേരല്‍ വിജയകരമാക്കാന്‍ പൊതുജനങ്ങള്‍ക്കുള്ള പങ്കാളിത്തം സുപ്രധാനമാണെന്നും മന്ത്രാലയം ഓര്‍മപ്പെടുത്തി. വംശനാശ ഭീഷണി നേരിടുന്ന ഈ വിഭാഗത്തിന്റെ ഏറ്റവും വലിയ സാന്നിധ്യമായി ഗവേഷകര്‍ അടയാളപ്പെടുത്തുന്നതും ഖത്തര്‍ സമുദ്രതീരമാണ്. അല്‍ ഷാഹീന്‍ എണ്ണപ്പാടങ്ങളില്‍ 2020ല്‍ ഖത്തരി സമുദ്രത്തില്‍ 600 തിമിംഗല സ്രാവുകളെ കണ്ടെത്തിയതില്‍ നൂറിലധികവും അല്‍ ഷാഹീന്‍ സമുദ്രമേഖലയിലാണുള്ളത്.

18 മീറ്റര്‍നീളവും 30 ടണ്‍ വരെ ഭാരവുമുള്ള ഇവയ്ക്ക് 70 വര്‍ഷംവരെ ആയുസ്സുണ്ടെന്നാണ് പറയപ്പെടുന്നത്. പെണ്‍ തിമിംഗല സ്രാവുകളാണ് ആണിനേക്കാള്‍ വലുത്. വലുപ്പമേറെയാണെങ്കിലും ഇവ മനുഷ്യരെ ഉപദ്രവിക്കില്ല. 2010ലും 2011ലും തിമിംഗല സ്രാവുകളെ സംരക്ഷിക്കാനും അവയുടെ പെരുമാറ്റത്തെക്കുറിച്ചും ഖത്തര്‍ പഠനം നടത്തിയിരുന്നു. തിമിംഗല സ്രാവുകളെ സംരക്ഷിക്കാനായി പരിസ്ഥിതി മന്ത്രാലയം പ്രത്യേക പദ്ധതികളും നടപ്പാക്കുന്നുണ്ട്. മത്സ്യങ്ങള്‍ വളരുകയും പ്രജനനം നടത്തുകയും ചെയ്യുന്ന മേഖലയായതിനാലാണ് ഭക്ഷണം തേടി തിമിംഗല സ്രാവുകള്‍ കൂട്ടത്തോടെ ഇവിടെയെത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

Eng­lish sum­ma­ry; Qatar pre­pares to wel­come whale sharks

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.