25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 7, 2024
November 5, 2024
October 15, 2024
October 7, 2024
September 3, 2024
August 14, 2024
August 12, 2024
July 23, 2024
February 3, 2024
January 26, 2024

വെള്ളിലക്കാടിന്റെ വേദന അറിയിച്ച് റാബിയ: പ്രശ്നപരിഹാരത്തിന് നിർദേശം നൽകി മന്ത്രി കെ രാജൻ

സുരേഷ് എടപ്പാൾ
മലപ്പുറം
January 27, 2022 10:25 pm

വെളളപ്പൊക്കത്തിന്റെ നാളുകളിൽ ഈ വെള്ളിലക്കാട് ദേശക്കാർക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ല, ഏതു നിമിഷവും കടലുണ്ടിപ്പുഴ വീടുകളെ കൊണ്ടുപോകുമെന്ന ആശങ്കയിലായിരുന്നു തങ്ങൾ. മഴ കനത്താൽ പുഴയെടുക്കുന്ന വീടുകളെ സംരക്ഷിക്കുന്നതിന് സുരക്ഷാഭിത്തി വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെയും ഒന്നും നടന്നിട്ടില്ല. പത്മ അവാർഡ് ജേതാവ് റാബിയ റവന്യുമന്ത്രി കെ രാജനു മുന്നിൽ സങ്കടത്തോടെ പറഞ്ഞു.

എക്കാലത്തും മുസ്ലീംലീഗിന്റെ എംപിയും എംഎൽഎയും മുനിസിപ്പാലിറ്റി ഭരണക്കാരും തീർത്തും അവഗണിക്കുന്ന ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്നത്തിലേക്കാണ് റാബിയയുടെ വാക്കുകൾ വഴി തുറന്നത്. ലീഗിന്റെ കുത്തക നിലനിൽക്കുന്ന തിരൂരങ്ങാടി പഞ്ചായത്തിലെ പല വാർഡുകളിലേയും സ്ഥിതി ഇതാണ്.

വെളളിലക്കാട് പ്രദേശം തിരൂരങ്ങാടി നഗരസഭയിലെ പത്താം ഡിവിഷനാണ്. മൂന്ന് ഭാഗവും കടലുണ്ടിപ്പുഴയാൽ ചുറ്റപ്പെട്ട തുരുത്ത്. മഴ ശക്തമായി കടലുണ്ടിപ്പുഴ നിറഞ്ഞു തുടങ്ങിയാൽ പിന്നെ ഇവിടെയുള്ള നൂറിൽപരം വീട്ടുകാർക്ക് നെഞ്ചിനകത്ത് തീയാണ്. എപ്പോൾ വേണമെങ്കിലും വീടുകളിലേക്ക് വെളളം ഇരമ്പിയെത്തും. സാധാരണ പുഴ ഭയപ്പെടുത്താറേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കഴിഞ്ഞ പ്രളയകാലത്ത് കാര്യങ്ങൾ കൈവിട്ടു. വെള്ളിലക്കാടുകാർ ശരിക്കും വിഷമവൃത്തത്തിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി. എന്നിട്ടും നഗരസഭയോ, എംഎൽഎയോ പരിഹാരമാർഗമൊന്നും ഉണ്ടാക്കിയില്ല.

ഒടുവിൽ പത്മ അവാർഡ് നേടിയ റാബിയയെ അനുമോദിക്കാൻ റിപ്പബ്ലിക് ദിനത്തിൽ വീട്ടിലെത്തിയ റവന്യുമന്ത്രിയോട് അവർ നേരിട്ട് പ്രയാസങ്ങൾ അവതരിപ്പിച്ചു. വിഷയത്തില്‍ ഒരു മാസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ കലക്ടറെ മന്ത്രി ചുമതലപ്പെടുത്തി. റിപ്പോർട്ട് ലഭിച്ചാലുടൻ എത്രയും വേഗം പ്രശ്നപരിഹാരത്തിനായി നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.

അംഗപരിമിതിയെ മറികടന്ന് സാക്ഷരത പ്രവർത്തനത്തിലും സാമൂഹിക സേവന രംഗത്തും നിറഞ്ഞു നിന്നതിന്റെ അംഗീകാരമായി റാബിയയെ മന്ത്രി പൊന്നാട അണയിച്ച് ആദരിച്ചു. ‘സ്വപ്നങ്ങൾക്കും ചിറകുകളുണ്ട്, എന്ന റാബിയയുടെ ആത്മകഥ അവർ മന്ത്രിയ്ക്ക് സമ്മാനിച്ചു.

മണ്ണിടിച്ചിൽ ഭീഷണിയുള്ള പുഴയോരപ്രദേശങ്ങൾ ജില്ലാകലക്ടർ മലപ്പുറം ജില്ലാ കലക്ടർ വി ആർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ സന്ദർശിക്കുകയും ചെയ്തു. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, നിയാസ് പുളിക്കലകത്ത്, നഗരസഭാ കൗൺസിലർ അരിമ്പ്ര മുഹമ്മദലി, കെ മൊയ്തീൻ കോയ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

 

Eng­lish Sum­ma­ry: Rabia express­es the pain of Vellilakkad: Min­is­ter K Rajan direct­ed to solve the problem

You may like this video also

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.