26 June 2024, Wednesday
KSFE Galaxy Chits

വടകരയിലെ വര്‍ഗീയതയും സ്ത്രീവിരുദ്ധതയും

ടി ടി ജിസ് മോന്‍ 
എഐവെെഎഫ് സംസ്ഥാന സെക്രട്ടറി
May 14, 2024 4:30 am

പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷവും വടകര വിവാദം കെട്ടടങ്ങിയിട്ടില്ല! വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ ഇടതുമുന്നണി വർഗീയതയായി പടച്ചുവിടുന്നതിൽ വ്യാപൃതരായിരിക്കുകയാണ് വലതുപക്ഷ പ്രസ്ഥാനങ്ങളും അവർക്ക് കുഴലൂത്ത് നടത്തുന്ന ചില സംഘടനകളും. തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നതിനും മതത്തെയും വിശ്വാസത്തെയും കൂട്ടുപിടിച്ചുകൊണ്ടുള്ള രാഷ്ട്രീയ സദാചാരമില്ലായ്മയുടെ പൂർവകാല ചരിത്രം പേറുന്നവർ വോട്ടർമാരെ മതപരമായി ഭിന്നിപ്പിക്കുകയെന്ന ഹിഡൻ അജണ്ട ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നെറികേടിലൂടെ തെരഞ്ഞെടുപ്പിനെ നേരിട്ട അത്യന്തം അപകടകരമായ കാഴ്ചയാണ് ഇക്കുറി വടകരക്കാർ ദർശിച്ചത്. മുമ്പേ തുടങ്ങിയ വര്‍ഗീയ, സ്ത്രീവിരുദ്ധ നിലപാടിന്റെ പുതിയ ദൃഷ്ടാന്തമാണ് കഴിഞ്ഞദിവസം ആര്‍എംപി നേതാവ് ഹരിഹരനിലൂടെ പുറത്തുവന്നത്.
കെ കെ ശെെലജയുടെ സ്ഥാനാർത്ഥിത്വത്തോടെ വടകരയിൽ പരാജയം മണത്ത യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ മതവിദ്വേഷ പ്രചരണവും മതധ്രുവീകരണവും സ്ത്രീവിരുദ്ധതയും തീവ്രമാക്കിയ കാഴ്ചയാണ് മണ്ഡലത്തിലുടനീളം കാണാൻ കഴിഞ്ഞത്. വടകരയിൽ എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണ നിലനിൽക്കുന്നുണ്ടെന്നും പ്രസ്തുത ധാരണയുടെ അടിസ്ഥാനത്തിൽ പരസ്പരം വോട്ടുകൾ മറിച്ചുനൽകാൻ ഇരു മുന്നണികളും തീരുമാനമെടുത്തിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ മതേതര സമൂഹം തികഞ്ഞ ജാഗ്രത പാലിക്കണമെന്നും തുടങ്ങിയ വ്യാജപ്രസ്താവനകൾ ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരുന്നത് സിറ്റിങ് എംപി കെ മുരളീധരനായിരുന്നു.


ഇതുകൂടി വായിക്കൂ: ജീവിത്തിന്റെ കലിഡോസ്കോപ്പിക്ക് കാഴ്ചകള്‍


വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് തങ്ങൾക്ക് അനഭിമതരായ വിഭാഗങ്ങളെ വംശീയ ഉന്മൂലനലക്ഷ്യത്തോടെ വേട്ടയാടാനുള്ള സംഘ്പരിവാർ അജണ്ട ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കമുയർത്തിക്കൊണ്ട് സാമുദായിക ധ്രുവീകരണത്തിലൂടെ പ്രയാണമാരംഭിച്ച 1991ൽ വടകരയിൽ ഇടതുമുന്നണിയെ നേരിടാൻ ആർഎസ്എസുകാരനെ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചവരാണ് ഇപ്പോഴും മതേതര വോട്ടർമാർക്കിടയിൽ ആശങ്ക പരത്തി ന്യൂനപക്ഷ ഏകീകരണം വോട്ടുകളാക്കി മാറ്റാമെന്ന് വ്യാമോഹിച്ചതെന്നോർക്കണം.
എഐസിസി ജനറൽ സെക്രട്ടറിയും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗവുമായ കെ സി വേണുഗോപാൽ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ, ജയിച്ചാൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് രാജസ്ഥാനിലെ നിലവിലെ അംഗബലം അനുസരിച്ച് ബിജെപിക്കാണ് ലഭിക്കുക. അങ്ങനെയിരിക്കെ രാജ്യസഭയിൽ ഭൂരിപക്ഷം നേടുകയെന്ന ബിജെപി ലക്ഷ്യത്തെ മനഃപൂർവം സഹായിക്കുകയെന്ന കോൺഗ്രസ് അജണ്ടയും സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും യുഡിഎഫ് — ബിജെപി അന്തർധാരയും മറനീക്കി പുറത്തുവന്നതിന്റെ ജാള്യതയാണ് ഇപ്രകാരം ഇടത് മുന്നണിക്കെതിരെ അസത്യ പ്രസ്താവനകൾ പടച്ചുവിടാൻ യുഡിഎഫ് കേന്ദ്രങ്ങളെ പ്രേരിപ്പിച്ചത്.
മുരളീധരൻ തുടങ്ങിവച്ചത് ഷാഫി പറമ്പിലിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വത്തിലൂടെ ഉച്ചസ്ഥായിയിലെത്തി. വർഗീയവൽകരണത്തിലൂടെയും വൈകാരിക വിക്ഷോഭങ്ങളിലൂടെയുമുള്ള രാഷ്ട്രീയ പ്രചാരവേലകൾക്ക് ചൂട് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കെ കെ ശെെലജയെ രാഷ്ട്രീയമായും ആശയപരമായും നേരിടാൻ കഴിയാത്തതിന്റെ ഗതികേടിൽ പ്രമുഖ മതപണ്ഡിതന്റെ പേരിൽ വ്യാജ പ്രസ്താവനകൾ അടിച്ചിറക്കിയും പ്രമുഖ മാധ്യമത്തിന്റെ ലേബലിൽ വ്യാജ വാർത്തകൾ സൃഷ്ടിച്ചും സംസ്കാരരാഹിത്യത്തിനാണ് മണ്ഡലത്തിൽ യുഡിഎഫും വിശിഷ്യ മുസ്ലിം ലീഗും നേതൃത്വം നൽകിയത്. ശെെലജയുടെ ചില അഭിപ്രായ പ്രകടനങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും സന്ദർഭാനുസരണം ചില പദങ്ങൾ അടർത്തിയെടുത്ത് എഡിറ്റ് ചെയ്ത് മുസ്ലിം വിരുദ്ധയായി ചിത്രീകരിക്കാനുള്ള ഹീന ശ്രമങ്ങൾ തകൃതിയായി അരങ്ങേറുകയുണ്ടായി.


ഇതുകൂടി വായിക്കൂ: മോഡി എന്ന നുണകളുടെ വലിയ തമ്പുരാൻ


വര്‍ഗീയ ധ്രുവീകരണത്തിനുതകുന്ന മുദ്രാവാക്യങ്ങൾ ഉയർത്തി യുഡിഎഫ് നടത്തിയ പ്രചരണങ്ങൾക്കെതിരെ വസ്തുനിഷ്ഠ അവബോധം സൃഷ്ടിച്ചുകൊണ്ട് ജനാധിപത്യ മാർഗത്തിലൂടെയുള്ള ഇടതുപക്ഷ പ്രതിരോധത്തെ മുസ്ലിം വിരുദ്ധതയായി വിലയിരുത്തി, തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കായുള്ള സാമുദായിക വിഭജന ശ്രമത്തെ കൃത്യമായി വെള്ളപൂശാൻ ശ്രമിക്കുകയായിരുന്നു മുസ്ലിം ലീഗ്. ലീഗിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലധിഷ്ഠിതമായ സിദ്ധാന്തത്തിന്റെയും പ്രയോഗ പരിപാടികളുടെയും നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. 2001 ലെ നിയമ സഭാ തെരഞ്ഞെടുപ്പ് വേളയിലെ ലീഗ് കുബുദ്ധിയിൽ ഉരുത്തിരിഞ്ഞ നാദാപുരം പീഡന കഥ മറന്നിട്ടില്ല. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് തെരുവമ്പറമ്പിൽ മുസ്ലിം സ്ത്രീയെ കമ്മ്യൂണിസ്റ്റുകാർ മാന ഭംഗം നടത്തിയെന്ന പച്ചക്കള്ളം കേരളത്തിന്റെ തെരുവോരങ്ങളിൽ പ്രസംഗിച്ചു നടന്ന് തെരഞ്ഞെടുപ്പ് വിജയം കൊയ്യുക മാത്രമല്ല ഈ സംഭവത്തിന്റെ മറവിൽ ഈന്തുള്ളതിൽ ബിനുവെന്ന ഡിവൈഎഫ്ഐ പ്രവർത്തകന്റെ ഇടനെഞ്ചിലേക്ക് കഠാര കുത്തിയിറക്കാൻ മത തീവ്രവാദികൾക്ക് പ്രചോദനം നൽകുക കൂടി ചെയ്ത ചരിത്രമാണ് ലീഗിനുള്ളത്. ക്രൈം ബ്രാഞ്ച് അന്വേഷണവും കുറ്റ്യാടി മഹല്ല് ഖാസിയുടെ വെളിപ്പെടുത്തലുകളും പ്രസ്തുത ആരോപണം തീർത്തും വ്യാജമാണെന്ന് തെളിയിക്കുകയും, ഒടുവിൽ ഇരയായി അവതരിപ്പിക്കപ്പെട്ട സ്ത്രീ തന്നെ രാഷ്ട്രീയ നാടകത്തിന്റെ നിജ സ്ഥിതി വെളിപ്പെടുത്തിയതും കേരളം മറന്നിട്ടില്ല.
വർഗീയ പ്രചരണങ്ങൾക്കും ലീഗിന്റെ സംഘടനാപരമായ വളർച്ചയ്ക്കും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്ന് കാണാൻ കഴിയും. അതുകൊണ്ട് ആസൂത്രിതമായിത്തന്നെ വർഗീയ പ്രചരണങ്ങൾ സൃഷ്ടിക്കുക എന്നത് അവരുടെ
ഒരു സംഘടനാ പ്രവർത്തനമായി മാറിയിരിക്കുന്നു. രാഷ്ട്രീയ വിഷയങ്ങളിൽ ഇടതുപക്ഷത്തിനെതിരെ മതത്തെ മറയാക്കി വസ്തുതാവിരുദ്ധമായ പ്രചരണങ്ങൾ നടത്തുകയാണ് ലീഗിന്റെ പൊതുവായ രീതി. തങ്ങളുടെ നയങ്ങളെയും നിലപാടുകളെയും വിമർശിക്കുന്നവർക്കെതിരെ മതവിരുദ്ധത ചാർത്തുക എന്നത് പ്രഖ്യാപിത നയമായിത്തന്നെ അവർ സ്വീകരിക്കുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റുകാരെ അസ്പൃശ്യരായി പ്രഖ്യാപിക്കുന്നതിനും അവർക്കെതിരായ വികാരം ആളിക്കത്തിക്കുന്നതിനും സ്ഥിരമായി ഉപയോഗിക്കുന്ന ആരോപണമാണ് ‘മത വിരുദ്ധത’.


ഇതുകൂടി വായിക്കൂ: അയോധ്യ അവരുടെ അജണ്ടയാണ്


ഇസ്ലാം വിശ്വാസികളായ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് ‘മത നിഷേധി’ എന്ന ലേബൽ നൽകാനും കോണിയിൽ കുത്തിയാൽ സ്വർഗവും അരിവാളില്‍ കുത്തിയാൽ നരകവുമെന്നെല്ലാം നിഷ്കളങ്ക വിശ്വാസികളെ പഠിപ്പിക്കാനും ഇപ്പോഴും ഒട്ടും സങ്കോചമില്ല. എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2008ൽ ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിലെ ‘മതമില്ലാത്ത ജീവ’നെ ഉയർത്തിക്കാട്ടി കമ്മ്യൂണിസ്റ്റുകാർ മതത്തിനും വിശ്വാസത്തിനുമെതിരാണെന്നും നിരീശ്വരത്വവും കമ്മ്യൂണിസവും ബാലമനസുകളില്‍ അടിച്ചേല്പിക്കാനുള്ള അജണ്ട ലക്ഷ്യംവയ്ക്കുകയാണെന്നുമാരോപിച്ച് പാഠപുസ്തകങ്ങൾ കത്തിച്ചും അധ്യാപകനെ ചവിട്ടിക്കൊന്നും ഉണ്ടാക്കിയ കോലാഹലങ്ങൾ കേരളം മറക്കില്ല.
എ കെ ആന്റണിയുടെ ഭരണ കാലത്ത്, നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അദ്ദേഹത്തിന് ബന്ധമുള്ള മലപ്പുറത്തെ രണ്ട് സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ വിജയശതമാനത്തിലെ വൻവർധനവിൽ സംശയം പ്രകടിപ്പിച്ച് എന്‍ജിനീയറിങ് സ്റ്റുഡന്റ് യൂണിയനും അന്നത്തെ എൻട്രൻസ് എക്സാം ചെയർമാനും മാധ്യമങ്ങളും രംഗത്ത് വരികയുണ്ടായി. ഇതര കോളജുകളിലെ വിജയശതമാനവും വിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ടവയിലെ ശതമാനവും തമ്മിലുള്ള അന്തരം വലിയ ചർച്ചയായി. പൊതുസമൂഹത്തിൽ ഉയർന്നു വന്ന സംശയത്തോടുള്ള വി എസ് അച്യുതാനന്ദന്റെ ഒരു സ്വാഭാവിക പ്രസ്താവന ഉയർത്തിപ്പിടിച്ച് ആടിനെ പട്ടിയാക്കും വിധം‘മലപ്പുറം വിരുദ്ധതയും ‘മുസ്ലിം വിരുദ്ധത’യുമാക്കി ഇന്നും ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ് ലീഗുകാര്‍.
ഇങ്ങനെ ജനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപിയോട് മത്സരിക്കുന്ന ലീഗും യുഡിഎഫും എത്ര സ്ത്രീവിരുദ്ധമാണ് എന്നാണ് യുഡിഎഫ് നേതൃത്വത്തിൽ വടകരയിൽ സംഘടിപ്പിച്ച പരിപാടിയിലെ ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ അധിക്ഷേപം തെളിയിച്ചത്. കെ കെ ശൈലജയെയും നടി മഞ്ജുവാര്യരെയും കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അധിക്ഷേപിച്ചത്.
സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെയും ന്യൂനപക്ഷങ്ങളെയും ഇതേ പ്രസംഗത്തിൽ കെ എസ് ഹരിഹരൻ ആക്ഷേപിച്ചു. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുക്കത്ത് നിന്നുള്ള ഒരു മൗലവിക്ക് നിസ്കരിക്കാൻ മുട്ടിയിട്ട് മുഖ്യമന്ത്രിയുടെ വേദിയിൽ നിസ്കരിച്ചുവെന്നായിരുന്നു പരിഹാസം. ഇതാണ് യുഡിഎഫിന്റെയും ലീഗിന്റെയും ന്യൂനപക്ഷ ‘സംരക്ഷണം’. വർഗീയതയുമായി സഖ്യത്തിലേർപ്പെട്ടുകൊണ്ട് വടകരയിൽ യുഡിഎഫ് നടത്തിയ ജനാധിപത്യ വിരുദ്ധ പ്രവണതകൾക്കെതിരെ മതനിരപേക്ഷതയിലധിഷ്ഠിതമായ പ്രചരണങ്ങൾക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം കൊടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ പോരാട്ട വേദികളാകണം, അവിടെ നടക്കേണ്ടത് ആശയ സംവാദങ്ങളുമായിരിക്കണം. വിഭാഗീയതയ്ക്ക് വഴിമരുന്നിട്ടും വർഗീയത വളർത്തിയും അപവാദങ്ങൾ വ്യാപിപ്പിച്ച് സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കുകയും അതുവഴി ജനമനസുകളെ വിഷലിപ്തമാക്കുകയും ചെയ്യുന്നതിനെതിരെയുള്ള പോരാട്ടം മതേതര കേരളം ഏറ്റെടുത്തേ മതിയാകൂ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.