22 December 2024, Sunday
KSFE Galaxy Chits Banner 2

രദോർ പാക്കിയുടെ ദൃശ്യാനുഭവം

ഡോ. പി.കെ. സഭിത്ത്
December 8, 2024 6:45 am

ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ ഗോവയിലേക്കുള്ള യാത്ര ഇപ്പോൾ പതിവാണ്. ഓരോ വർഷത്തെയും മേള തികച്ചും വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഈ പ്രാവശ്യവും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രേക്ഷക ഹൃദയത്തെ തലോടുന്ന ഇളം തെന്നലായിരുന്നു. എങ്കിലും രാഷ്ട്രീയ അജണ്ടകൾ ബോധപൂർവം നടപ്പിലാക്കാനുള്ള ശ്രമം ഒരു ഭാഗത്ത് ശക്തമായി നടക്കുന്നുമുണ്ട്. പ്രതീക്ഷാനിർഭരമായ നല്ല സിനിമകളെ തിരഞ്ഞുപിടിച്ച് കാണാൻ സാധിച്ചു എന്നത് വ്യക്തിപരമായ നേട്ടമാണ്. പനജിയിൽ ഐനോക്സ് തിയേറ്ററിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോ നവംബർ 20 മുതൽ സജീവമാണ്. പത്രസമ്മേളനങ്ങളും അഭിമുഖവും സംവാദങ്ങളുമൊക്കെയായി എട്ടുദിവസം ചലച്ചിത്രത്തിന്റെ ലോകോത്തരമായ കാഴ്ചകളും ചർച്ചകളും നമ്മെ വിസ്മയിപ്പിക്കും. സിനിമയുടെ ഏഴ് വൻകരകളുടെയും താളത്തെ സ്വന്തം ഹൃദയതാളമാക്കി മാറ്റാൻ ശ്രമിക്കുന്ന മലയാളികളെ നമുക്ക് ഈ ദിവസങ്ങളിൽ ഗോവയിലെവിടെയും കാണാം. മലയാളിയുടെ സിനിമയോടുള്ള പ്രണയം അതൊരു അഭിനിവേശമാണ്. ഗോവ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ ചിലത് പ്രേഷകരെ വിടാതെ പിൻതുടരും. 

വിശാലമാക്കുന്ന കാഴ്ചകൾ
***************************
പ്രത്യേക പരിഗണന അർഹിക്കുന്നവരെ ഒരു കാലത്ത് പൊതു സമൂഹം ന്യൂനത കല്പിച്ച് മാറ്റി നിർത്തിയ കാഴ്ചകളും കഥാപത്രങ്ങളുമുണ്ടായിരുന്നു. തൂവെള്ള സ്ക്രീനിൽ അലോസരമുണ്ടാക്കുന്ന നേരിയ കാഴ്ചപോലും ഉണ്ടാകരുത് എന്നത് അലിഖിത നിയമം പോലെ പിൻതുടരുകയായിരുന്നു. ഇത്തരം അവസരങ്ങളിലെല്ലാം സിനിമ ജീവിതത്തിന്റെ നേരനുഭവങ്ങളിൽനിന്നും അകലുകയായിരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരെ നന്നായി ഉൾച്ചേർത്തു കൊണ്ടുള്ള സിനിമാ കാഴ്ചകൾ ഈ പ്രാവശ്യത്തെ ചലച്ചിത്ര മേളയെ എന്തുകൊണ്ടും സമ്പന്നമാക്കുന്നു. പതിറ്റാണ്ടുകൾ മുൻപുള്ള നമ്മുടെ ചലച്ചിത്ര കാഴ്ചകളിൽ ഭിന്നശേഷിക്കാരെ ദൃശ്യങ്ങളിൽ നിന്നു പോലും ഒഴിവാക്കിയാണ് ചിത്രീകരിച്ചത്. തിരക്കഥ ആവശ്യപ്പെടുന്ന പ്രകാരമുള്ള അത്യാവശ്യ സന്ദർഭങ്ങളിൽ കാഴ്ചയിൽ നിന്ന് മാറ്റി നിർത്തി ശബ്ദം കൊണ്ടായിരുന്നു അവരെ അടയാളപ്പെടുത്തിയത്. ഇന്ന് നാം ചുറ്റുമുള്ള എല്ലാവരെയും ചേർത്തു നിർത്താൻ തുടങ്ങിയിരിക്കുന്നു. സിനിമകൾ കൂടുതൽ ഉൾച്ചേർന്നതും ഉന്നതമായ മാനവിക മൂല്യങ്ങളെ കാഴ്ചക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നു. ഈ ലോകത്തിന്റെ സൗന്ദര്യത്തെ, അതിന്റെ പരിപൂർണതിയിൽ കാണിച്ചുതരുന്നതാണ് ‘രഥോർ പാക്കി’ എന്ന ആസാം ചലച്ചിത്രം. ലോകസിനിമയുടെ ഗ്രാഫിൽ ഇന്ത്യൻ സിനിമയുടെ ദാർശനികമായ ഉയർച്ചയെ കാട്ടിത്തരുന്ന ഒന്നായി ഈ സിനിമ മാറുന്നു.

സിനിമയിലെ നേർജീവിതം
****************************
സങ്കീർണതകൾ ജീവിതത്തിൻ സംഭവിക്കുന്നതിന് ഒരു നിശ്ചയവുമില്ല. അപ്രതീക്ഷിതമാണത്. പ്രതിസന്ധികളൊന്നുമില്ലാതെ കടന്നുപോകുന്ന ജീവിത കഥകൾക്കെല്ലാം സമാനസ്വഭാവമാണ്. യഥാർത്ഥ സംഭവത്തെയും ജീവിതത്തെയും ആസ്പദമാക്കിയാണ് ‘ദോർ പാക്കി’ ചിത്രീകരിച്ചത്. ആസാം സ്വദേശിയായ പെൺകുട്ടി എട്ടാമത്തെ വയസിൽ സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അസുഖം കാരണം ശരീരം തളർന്നു പോയവളാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പെൺകുട്ടി ന്യൂനതകളെയെല്ലാം തന്റെ പ്രതിഭകൊണ്ട് മറി കടക്കുന്നതാണ് കഥാതന്തു. ജീവിതത്തിൽ അവൾക്ക് നേരിടേണ്ടിവന്ന വെല്ലുവിളികളെയെല്ലാം ശക്തമായ തന്റെ മനസാന്നിധ്യം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും താൻ സഞ്ചരിക്കുന്ന വഴികളിൽ വെളിച്ചം വാരിവിതറുകയാണ്. ഒരു മുറിക്കുള്ളിലെ കിടക്കയിൽ മാത്രമായി തന്റെ ലോകത്തെ തളച്ചിട്ടിരിക്കുന്ന ജ്യോതി എന്ന പെൺകുട്ടി അച്ഛനും അമ്മയും ചേർന്നാണ് അവളുടെ എല്ലാം നിറവേറ്റുന്നത്. പ്രഭാതകൃത്യങ്ങൾക്ക് ശേഷം അമ്മ അവളുടെ ശരീരം ശുചിയാക്കുന്നതാണ് തുടക്കം. യഥാർത്ഥജീവിതം നമ്മുടെ മുന്നിൽ മിന്നിമറയുന്നു. തന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാന ദൗത്യമായി ജ്യോതിയോടൊപ്പം സഞ്ചരിക്കുന്ന മാതാപിതാക്കൾ ഈ സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നത്. ഒരിക്കൽപോലും അവരിൽ ഒരു തരത്തിലുമുള്ള നിസംഗതയും കാണാൻ കഴിയുന്നില്ല. മകളുടെ അവസ്ഥയിൽ അവർ ഒരിക്കലും പരിവേദനങ്ങൾ പ്രകടിപ്പിക്കുന്നില്ല. മുഖ്യ കഥാപാത്രമായ ജ്യോതിയുടെ ഓരോ ദിവസത്തെയും സുരഭിലമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നത് ഈ മാതാപിതാക്കളാണ്. ജ്യോതി തന്റെ ഭൂരിഭാഗം സമയം വിനിയോഗിക്കുന്നത് വായനയ്ക്കു വേണ്ടിയാണ്. സാഹിത്യ തല്പരൻ കൂടിയായ ജ്യോതിയുടെ പിതാവ്.

സാംസ്കാരികപരിപാടികളിലെ നിത്യ സാന്നിധ്യം കൂടിയാണ്. ഒരു ദിവസം അദ്ദേഹത്തെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കാനായി എത്തിയ ചെറുപ്പക്കാരൻ ജ്യോതിയെ ഒരുനോക്ക് കാണുന്നുണ്ട്. പിന്നീട് മറ്റൊരു പരിപാടിയിൽ നല്ല വായനക്കാരിയായ ജ്യോതി മുഖ്യാതിഥിയായി എത്തുന്നത് ഇദേഹത്തിന്റെ പ്രേരണയിലാണ്. ജ്യോതിയുടെ പിതാവിന് സ്മൃതിനാശം ബാധിക്കുന്നത് കുടുംബത്തിന് വലിയ അസ്വസ്ഥകൾ ഉണ്ടാക്കുന്നു. ഇത് പ്രേക്ഷകരായ നമ്മളിലേക്കും കടന്നുവരുന്നുണ്ട്. ഇവിടെയെല്ലാം നിർണായക സാന്നിധ്യമായി ചെറുപ്പക്കാരൻ കടന്നു വരുന്നു. സിനിമ കാല്പനികമായ തലങ്ങളിലേക്ക് എത്തിക്കുന്നതിൽഈ കഥാപാത്രത്തിന് വലിയ പങ്കുണ്ട്. ഇതിലെ കാല്പനികതയെക്കാൾ പ്രതീക്ഷാനിർഭരമായത് ജ്യോതി എന്ന കഥാപാത്രം മുമ്പ് ഉള്ളതിനെക്കാൾ സുന്ദരമായി ലോകത്തെ കണ്ടതോടെയാണ്. ജ്യോതി എഴുതിയ ലേഖനം ആസാമിലെ പ്രമുഖ പത്രത്തിൽ പ്രസിദ്ധീകരിച്ചതോടെ അവളുടെ ലോകം കൂടുതൽ വിശാലമാകുകയായിരുന്നു. ന്യൂനതകളെയെല്ലാം കാറ്റിൽ പറത്തിയുള്ള സർഗാത്മക ജീവിതം അവൾക്ക് നല്‍കുന്നത് ഉയരങ്ങളിലേക്ക് പറക്കുവാനുള്ള ചിറകുകളാണ്. വലിയ പ്രതീക്ഷയും നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ട് സഞ്ചിരിക്കുവാനുള്ള ഊർജവും നമുക്ക് സമ്മാനിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. 

ചിറകുമായി അവൾ പറന്നുയരുമ്പോൾ ശരിക്കും വിഭാത വിഭൂതി*യായി അത് മാറുന്നു. വിഭാത വിഭൂതി എന്നാൽ സുപ്രഭാതത്തിലെ സൂര്യൻ എന്നാണ് അർത്ഥമാക്കുന്നത്. രദോർ പാക്കി എന്ന ആസാംഭാഷയിലെ വാക്കിന്റെയും അർത്ഥം ഇതാണ്. ഒരിടത്തു പോലും ആക്ഷേപഹാസ്യത്തിന്റെ നേരിയ പരാമർശം പോലുമില്ലാതെ വളരെ ഗൗരവത്തിൽ ഒരു വിഷയത്തെ സർഗാത്മകമായി അവതരിപ്പിച്ചതിന് സംവിധായക കണിച്ച ആർജവം പ്രശംസനീയമാണ്. നാഗരികത അതിന്റെ പരമാവധിയിൽ എത്തി നില്‍ക്കുന്ന ഇക്കാലത്ത് ആസാമിലെ ഗ്രാമീണക്കാഴ്ച പ്രേക്ഷകരിൽ പ്രത്യേക ഊർജം സൃഷ്ടിക്കും. ചെമ്മൺ പാതകളും മരം കൊണ്ട് ഉണ്ടാക്കിയ വീട്ടിലേക്കുള്ള കവാടവുമെല്ലാം സുന്ദരമായ കാഴ്ചയാണ്. 

ബോബി ശർമ്മ ബറുവയാണ് സിനിമയുടെ സംവിധായിക. സുൽഖ്യാന ബറുവയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. വാസ്തവത്തിൽ അവർ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. അത്രമാത്രം തന്മയത്തോടെയുള്ള അവതരണമായിരുന്നു. അഭിനയത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിവന്ന സന്ദർഭങ്ങളിലെല്ലാം അവർ സിനിമയ്ക്കു വേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു. ഐനോക്സ് തിയേറ്ററിൽ ഞങ്ങളുടെ തൊട്ടു പിറകിൽ സിനിമ കാണാനായി ഈ നടിയും ഉണ്ടായിരുന്നു. അവരുടെ കവിളിലൂടെ ഒഴുകിയ കണ്ണീർകണങ്ങൾ തന്നെയാണ് സിനിമയുടെ വിജയത്തിന്റെ നേർസാക്ഷ്യം. ഭിന്നശേഷിക്കാരുടെ കഥ പറയുന്ന നിരവധി ചിത്രങ്ങൾ പലഭാഷയിൽ പുറത്തിറങ്ങിയിട്ടുണ്ട്. പലതും പ്രഹസനങ്ങളായിരുന്നു. പക്ഷെ ഉൾച്ചേർന്ന സിനിമ എന്ന് വിളിക്കാവുന്ന വ അത്യഅപൂർവമാണ്. ന്യൂനതകളെ പെരുപ്പിച്ച് കാട്ടാനുള്ള വ്യഗ്രത പല സിനിമകളിലും പ്രകടമായിരുന്നു. എന്നാൽ രഥോർ പാക്കി ഇന്ത്യൻ സിനിമയിലെ ഉൾച്ചേർന്ന ചലച്ചിത്രങ്ങളിൽ മുൻനിരയിലുള്ള ചിത്രമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കാരണം ഇത് കാമറകൊണ്ട് രചിച്ച കവിതയാണ്. ഭാഷയെപോലും അപ്രസക്തമാക്കി കാഴ്ചയിലൂടെ വിനിമയം ചെയ്ത ഈ ചിത്രം ശരിക്കും നമ്മുടെ ഹൃദയവുമായാണ് സംവദിക്കുന്നത്.

* സിസ്റ്റർമേരീബനീഞ്ജയുടെ കവിത ഇതിൽ പ്രഭാതത്തിലെ
സൂര്യോദയമാണ് പ്രമേയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.