29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 27, 2024
December 26, 2024
December 26, 2024
December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024

രാജ്യസഭാ സീറ്റുകള്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി സോണിയഭക്തര്‍ ഇടംകണ്ടു;കോണ്‍ഗ്രസില്‍ വന്‍പൊട്ടിത്തെറി

Janayugom Webdesk
ന്യൂഡല്‍ഹി
May 31, 2022 8:58 am

കോൺഗ്രസ്‌ പ്രഖ്യാപിച്ച പത്ത്‌ രാജ്യസഭാ സ്ഥാനാർഥികളിൽ എട്ടുപേരും സോണിയ കുടുംബഭക്തർ. വിമത വിഭാഗമായ ജി23ൽനിന്ന്‌ മുകുൾ വാസ്‌നിക്കിനും വിവേക്‌ തൻഖയ്‌ക്കും മാത്രമാണ്‌ സീറ്റ്‌. വിമത വിഭാഗത്തിലെ മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദും ആനന്ദ്‌ ശർമയും തഴയപ്പെട്ടു. രാജ്യസഭയിലേക്ക്‌ വീണ്ടും പരിഗണിക്കില്ലെന്ന്‌ തീർച്ചയായതോടെ ജി23 നേതാവായ കപിൽ സിബൽ എസ്‌പി പിന്തുണയിൽ സ്വതന്ത്രനായി യുപിയിൽനിന്ന്‌ മത്സരിക്കുമ്പോഴാണിത്‌.

ഗുലാംനബിയും ആനന്ദ്‌ ശർമയും സിബലിന്റെ പാത സ്വീകരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്‌. പത്തിൽ എട്ട്‌ സ്ഥാനാർഥികളും മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. സ്വന്തം സംസ്ഥാനത്ത്‌ മത്സരിക്കുന്നത്‌ തമിഴ്‌നാട്ടിൽനിന്ന്‌ പി ചിദംബരവും മധ്യപ്രദേശിൽനിന്ന്‌ വിവേഷ്‌ തൻഖയുംമാത്രം. രണ്ട്‌ എംഎൽഎമാർ മാത്രമുള്ള യുപിയിൽനിന്ന്‌ മൂന്ന്‌ നേതാക്കളാണ്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ മൽസരിക്കുന്നത്‌.യുപിക്കാരായ രാജീവ്‌ ശുക്ല ഛത്തിസ്‌ഗഢിലും പ്രമോദ്‌ തിവാരി രാജസ്ഥാനിലും ഇമ്രാൻ പ്രതാപ്‌ഗഢി മഹാരാഷ്‌ട്രയിലും.ഡൽഹിക്കാരനായ അജയ്‌ മാക്കൻ ഹരിയാനയിലും ഹരിയാനക്കാരനായ രൺദീപ്‌ സുർജെവാല രാജസ്ഥാനിലും സ്ഥാനാർഥികൾ. ന്യൂനപക്ഷവകുപ്പ്‌ തലവൻ ഇമ്രാൻ പ്രതാപ്‌ഗഡിയും എഐസിസി സെക്രട്ടറി രഞ്‌ജീത്ത്‌ രഞ്‌ജനുമാണ്‌ പട്ടികയിൽ അപ്രതീക്ഷിതമായി ഇടംപിടിച്ചവർ. ബിഹാറിലെ ഗുണ്ടാ രാഷ്ട്രീയനേതാവ്‌ പപ്പു യാദവിന്റെ ഭാര്യയാണ്‌ രഞ്‌ജീത്ത്‌ രഞ്‌ജൻ. ഇരുവരും പ്രിയങ്കയുടെ നോമിനികൾ.

യുവാക്കൾക്കും ദളിതർക്കും സ്‌ത്രീകൾക്കും ന്യൂനപക്ഷ വിഭാഗക്കാർക്കും പാർലമെന്ററി രംഗത്ത്‌ കൂടുതൽ അവസരം നൽകുമെന്ന ചിന്തൻ ശിബിരം പ്രഖ്യാപനങ്ങളൊന്നും സ്ഥാനാർഥി പട്ടികയിൽ പ്രതിഫലിച്ചില്ല. അമ്പത്‌ ശതമാനം സീറ്റ്‌ അമ്പത്‌ വയസ്സിൽ താഴെയുള്ളവർക്ക്‌ എന്നതും പാളി. മുപ്പത്തിനാലുകാരനായ ഇമ്രാനും നാൽപ്പത്തെട്ടുകാരിയായ രഞ്‌ജീത്‌ രഞ്‌ജനും മാത്രമാണ്‌ ഇതിലുൾപ്പെടുന്നത്‌. സ്‌ത്രീ സാന്നിധ്യം രഞ്‌ജീത് രഞ്‌ജൻമാത്രം. ഏക ദളിത്‌ പ്രതിനിധി മുകുൾ വാസ്‌നിക്ക്‌. ഹരിയാനയിൽ നിന്നുള്ള ദളിത്‌ വനിതാ നേതാവ്‌ കുമാരി ഷെൽജയുടെ പേര്‌ രാഹുൽ ബ്രിഗേഡിലെ അജയ്‌ മാക്കനുവേണ്ടി വെട്ടി.ജാർഖണ്ഡിൽ രാജ്യസഭാ സീറ്റിനായുള്ള കോൺഗ്രസിന്റെ സമർദതന്ത്രം പാളി. വിജയിക്കാനാകുന്ന ഏക സീറ്റിൽ ജാർഖണ്ഡ്‌ മുക്തിമോർച്ച സ്ഥാനാർഥിയായി വനിതാ കമീഷൻ മുൻ അധ്യക്ഷ മഹുവാ മാജിയെ പ്രഖ്യാപിച്ചു.

ഷിബു സോറനാണ്‌ മാജിയുടെ പേര്‌ നിർദേശിച്ചതെന്ന്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകൊണ്ട്‌ മുഖ്യമന്ത്രിയും ജെഎംഎം പ്രസിഡന്റുമായ ഹേമന്ത്‌ സോറൻ പറഞ്ഞു. ജാർഖണ്ഡിൽ രണ്ടു രാജ്യസഭാ സീറ്റാണ്‌ ഒഴിവുള്ളത്‌. ജയിക്കാൻ 27 വോട്ടുവേണം. ജെഎംഎമ്മിന്‌ 30 എംഎൽഎമാരുണ്ട്‌. ബിജെപിക്ക്‌ 26ഉം കോൺഗ്രസിന്‌ 17 എംഎൽഎമാരും. ആദിത്യ സാഹുവാണ്‌ ബിജെപി സ്ഥാനാർഥി. ജയിക്കുന്ന ഒരു സീറ്റ്‌ വിട്ടുതരണമെന്നും അല്ലാത്തപക്ഷം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയും കോൺഗ്രസ്‌ ഉയർത്തിയിരുന്നു. എന്നാൽ, ഡൽഹിയിൽ സോണിയയുമായി കൂടിക്കാഴ്‌ചയ്‌ക്കുശേഷം എംഎമ്മിനും കോൺഗ്രസിനുമായി ഒരു സ്ഥാനാർഥിയേ ഉണ്ടാകൂവെന്ന്‌ ഹേമന്ത്‌ സോറൻ പ്രതികരിച്ചിരുന്നു.രാജ്യസഭാ സീറ്റുകളിലേക്കുള്ള 10 സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി.

സീറ്റ്‌ നിഷേധിക്കപ്പെട്ട നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്ത്. രാജസ്ഥാനിൽ ജയിക്കാനാകുന്ന മൂന്നു സീറ്റിലും പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കുന്നതിൽ നേതാക്കളും അണികളും രോഷം പരസ്യമാക്കി. വിവിധ സംസ്ഥാനങ്ങളിലായി പ്രഖ്യാപിച്ചവരിൽ എട്ടു സ്ഥാനാർഥികളും പുറത്തുനിന്നുള്ളവര്‍.തഴയപ്പെട്ടതോടെ, കോൺഗ്രസ്‌ വക്താവും രാജസ്ഥാനിൽനിന്നുള്ള നേതാവുമായ പവൻ ഖേഡയാണ്‌ ആദ്യ പ്രതിഷേധം ഉയർത്തിയത്‌. യുപിക്കാരനായ ഇമ്രാൻ പ്രതാപ്‌ഗഡിയെ മഹാരാഷ്ട്രയിൽ സ്ഥാനാർഥിയാക്കിയതിലുള്ള രോഷം നഗ്‌മ പ്രകടിപ്പിച്ചു.‌ 2003–-04ൽ കോൺഗ്രസിൽ ചേരുമ്പോൾ സോണിയ ഗാന്ധി രാജ്യസഭാസീറ്റ്‌ വാഗ്‌ദാനം ചെയ്‌തു.

18 വർഷമായിട്ടും അവസരം തന്നില്ല. താൻ അർഹത കുറഞ്ഞവളാണോയെന്നുംനഗ്‌മ ചോദിച്ചു. യുപിയിൽനിന്നുള്ള കോൺഗ്രസ്‌ നേതാവ്‌ ആചാര്യ പ്രമോദ്‌ കൃഷ്‌ണയും രോഷം പരസ്യമാക്കി. സൽമാൻ ഖുർഷിദിന്റെയും താരിഖ്‌ അൻവറിന്റെയും ഗുലാംനബി ആസാദിന്റെയുമെല്ലാം തപസ്യ 40 വർഷത്തിലേറെ നീണ്ടതാണെന്നും അവരും രക്തസാക്ഷി‘കളായെന്നും ആചാര്യ പറഞ്ഞു.

രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ്‌ നേതാവും എംഎൽഎയുമായ സാന്യം ലോധ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. രാജ്യസഭയിലേക്ക്‌ പോകാൻ കഴിവുള്ള ആരും രാജസ്ഥാനിൽ ഇല്ലാത്തതിനാലാണോ എല്ലാ സീറ്റും പുറമെനിന്നുള്ളവർക്ക്‌ നൽകിയതെന്ന്‌ ലോധ ചോദിച്ചു. രാഹുൽ ബ്രിഗേഡിനെ നയിക്കുന്ന ഹരിയാനയിൽനിന്നുള്ള രൺദീപ്‌ സുർജെവാല, മുകുൾ വാസ്‌നിക്‌ (മഹാരാഷ്ട്ര), പ്രമോദ്‌ തിവാരി (യുപി) എന്നിവരാണ്‌ രാജസ്ഥാനിൽനിന്ന്‌ മത്സരിക്കുന്നത്‌. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ രാജസ്ഥാൻ നേതാക്കളെ കൂട്ടമായി തഴഞ്ഞത്‌ വലിയ രാഷ്ട്രീയവിവാദമാകും. സോണിയാ കുടുംബാനുകൂലിയായ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗ മാണ്‌. പാര്‍ട്ടിയില്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വന്‍ പൊട്ടിത്തെറികളാണ് ഉണ്ടാകുന്നത് 

Eng­lish Sum­ma­ry: Rajya Sab­ha seats to be blown out of pro­por­tion ;Soni­a’s sup­port­ers spot­ted; Big bang in Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.