22 December 2024, Sunday
KSFE Galaxy Chits Banner 2

സീതാവാക്യങ്ങളെ പിൻപറ്റുന്ന രാമ ലക്ഷ്മണന്മാർ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍
July 26, 2024 4:15 am

ർതൃവാക്യങ്ങൾ അനുസരിക്കാതെ തന്റെ വാക്കുകൾ ഭർത്താവിനെക്കൊണ്ട് ശരിവയ്പിച്ചു നടപ്പിൽവരുത്തുന്ന രണ്ടു സ്ത്രീകളാണ് രാമായണത്തിലുള്ളത്. അതിലൊരാൾ കൈകേയിയും മറ്റൊരാൾ സാക്ഷാൽ സീതയുമാണ്. സീത, കുലസ്ത്രീകൾക്ക് മാതൃകയാണെന്നുള്ളത് പൊതുവേ സമ്മതി നേടിയിട്ടുള്ള ആശയമാണ്. അതുകൊണ്ടുതന്നെ ഭർതൃവാക്യങ്ങൾ അനുസരിക്കാത്തവളാണ് സീത എന്നു പറയുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കേണ്ടതുണ്ട്. എന്തായാലും ഭർതൃവാക്യങ്ങൾ അനുസരിക്കാത്ത കൈകേയിയും സീതയും അവരുടെ ഭർത്താക്കന്മാർക്ക് പ്രാണപീഡയുണ്ടാക്കുകയും ജീവിതം തന്നെ തകർക്കുകയും ചെയ്തു. കൈകേയി ഇതു ചെയ്തത് രാമന് കാടും ഭരതന് നാടും ശഠിച്ചു വാങ്ങിക്കൊണ്ടാണ്. സീത ഭർതൃപീഡ ചെയ്തത് രാമനോടൊപ്പം കാട്ടിലേക്ക് പോയേ തീരൂ എന്ന നിലപാടെടുത്തിട്ടുമാണ്.
കൈകേയിവാക്യാനുസാരിയായി രാമനോടു 14 വത്സരം കാട്ടിൽ പോകാൻ ആജ്ഞ നൽകേണ്ട ഗതികേടിലകപ്പെട്ട ദശരഥ മഹാരാജാവിനെ അനുസരിച്ചു കാട്ടിലേക്ക് പോകാൻ തയ്യാറാകുന്ന രാമൻ സീതയോട് യാത്ര ചോദിച്ചു കൊണ്ടു പറയുന്നത് ഇങ്ങനെയാണ്; ”ദണ്ഡകാരണ്യേ പതിനാലു സംവത്സരം\ദണ്ഡമൊഴിഞ്ഞു വസിച്ചുവരുവൻ ഞാൻ\നീയതിനേതും മുടക്കം പറകൊല്ല\മയ്യൽ കളഞ്ഞു മാതാവുമായ് വാഴ്ക നീ” എന്നാണ്. സീത അയോധ്യയിൽ കൗസല്യയെ ശുശ്രൂഷിച്ചു കഴിഞ്ഞാൽ മതി കാട്ടിലേക്ക് വരേണ്ടതില്ല എന്നു സാരം. ഈ രാമവാക്യം അഥവാ ഭർതൃവാക്യം സീത അനുസരിക്കുന്നില്ല എന്നു മാത്രമല്ല സീത തറപ്പിച്ചു മറുവാക്യം പറയുന്നു. 

”മുന്നിൽ നടപ്പൻ വനത്തിനു ഞാൻ മമ
പിന്നാലെ വേണമെഴുന്നെള്ളുവാൻ ഭവാൻ.”
ഇവിടെ ഭർത്താവിനെ തന്റെ പിന്നാലെ നടക്കാൻ വിനയമാർന്ന ഭാഷയിൽ ശഠിക്കുന്ന സീതയെയാണ് കാണുന്നത്. അതനുസരിച്ചപ്പോൾ മുതൽ രാമന്, പിന്നീട് സീത പോയ വഴിയെയെല്ലാം തന്നെ നടത്തി ലങ്കയിൽവരെ ചെല്ലേണ്ടിവരുന്നു. രാമവാക്യം മാത്രമല്ല ലക്ഷ്മണരേഖയും സീത ലംഘിക്കുന്നുണ്ട്. മായപ്പൊന്മാനെ തേടിപ്പോയ രാമന് ആപത്തു പിണഞ്ഞെന്ന സീതയുടെ ആശങ്ക തീർക്കാൻ, ലക്ഷ്മണൻ രാമനെത്തേടിപ്പോകാൻ നിർബന്ധിതനാകുന്നു. തത്സമയത്ത് ലക്ഷ്മണൻ വരച്ച വരയാണ് ലക്ഷ്മണരേഖ. ഒരു കാരണവശാലും അത് മുറിച്ചുകടന്ന് പുറത്തേക്ക് വരരുതെന്ന് സീതയോടു ലക്ഷ്മണൻ പറയുന്നുമുണ്ട്. ഈ ലക്ഷ്മണവാക്യം ലംഘിച്ച്, കപട യതിവേഷത്തിലെത്തിയ രാവണന് ഭിക്ഷ നൽകാൻ പുറത്തിറങ്ങിയപ്പോഴാണ് സീതയെ രാവണൻ ബലാൽക്കാരേണ ലങ്കയിലേക്ക് കൊണ്ടുപോകുന്നത്.
സീതയെ കാണാതെ രാമൻ അനുഭവിക്കുന്ന കൊടിയ ദുഃഖം വാല്മീകി രാമായണത്തിൽ സവിസ്തരം പറയുന്നുണ്ട്. ഭാര്യവിരഹത്തിൽ ഇത്രയേറെ ദുഃഖം അനുഭവിക്കുന്ന ഒരു ഭർത്താവിനെ, സതീവിരഹത്തിൽ തപ്തോന്മത്തനാകുന്ന പരമശിവനെ ഒഴിച്ചു നിർത്തിയാൽ, ഇതിഹാസ പുരാണങ്ങളിൽ വേറെ കാണാൻ പ്രയാസമാണ്. സീതാവിരഹത്താൽ രാമൻ അനുഭവിച്ച ദുഃഖം കാണാതെ ഗർഭവതിയായിരിക്കേ കാട്ടിലേക്ക് തള്ളപ്പെട്ട സീതയെ മാത്രം കണ്ട് രാമായണ പഠനം നടത്തുന്നത് ഭാഗിക ദർശനമേ ആകൂ; സമഗ്രദർശനമാകില്ല. 

രാമ‑ലക്ഷ്മണ വാക്യങ്ങൾ അനുസരിച്ചതുകൊണ്ടല്ല സീതാദേവിക്ക് രാക്ഷസ ചക്രവർത്തിയാൽ അപഹൃതയാകേണ്ടുന്നനില വന്നത്, അനുസരിക്കാതിരുന്നതിനാലാണ്. ഇതു് മറന്നുകൊണ്ടുള്ള സീതാസ്തുതിയും രാമനിന്ദനവും ശരിയായ രാമായണ പഠന മാതൃകയാവുകയുമില്ല. ആരെയായാലും അനുസരിക്കുന്നത് അടിമത്തമല്ല; ധിക്കരിക്കുന്നത് സ്വാതന്ത്ര്യവും ആവില്ല. ആലോചന കൂടാതെ അനുസരിക്കുന്നതാണ് അടിമത്തം; ആരുടെ വാക്യമായാലും ആലോചിച്ചു ബോധ്യം വന്ന ശേഷം മാത്രം അനുസരിക്കുകയോ ധിക്കരിക്കുകയോ ചെയ്യാൻ കഴിയുന്നതാണ് സ്വാതന്ത്ര്യം. കൈകേയിക്കു മുന്നിൽ ദശരഥനോ സീതയ്ക്കു മുന്നിൽ രാമ‑ലക്ഷ്മണന്മാർക്കോ ഈ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നു തോന്നുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.