16 September 2024, Monday
KSFE Galaxy Chits Banner 2

ശൂർപണഖയുടെ കാമം രാമ‑ലക്ഷ്മണന്മാരെ തൊടുമ്പോൾ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍— 24
August 8, 2024 4:15 am

ശൂർപണഖ രാക്ഷസാധീശനായ രാവണന്റെ സഹോദരിയാണ്. സ്വൈരിണി എന്നു വിളിക്കാം ശൂർപണഖയെ. സ്വൈരിണി എന്നാൽ തനിക്കു തോന്നുന്നതെല്ലാം തടയും വിലക്കുകളും കൂടാതെ ചെയ്തു ജീവിക്കുന്നവൾ എന്നർത്ഥം. കാടടക്കി വാഴുന്ന ശൂർപണഖ, രാമ‑ലക്ഷ്മണന്മാരെ പഞ്ചവടിയിൽ വച്ചു കാണുന്നു. രാമനോട് ശൂർപണഖയ്ക്ക് കാമം തോന്നുന്നു. അവളത് സീതാ-ലക്ഷ്മണ സമേതം ഇരിക്കുന്ന രാമനോട് പറയുന്നു. ഇത്രയും ശൂർപണഖ ചെയ്തത് തെറ്റല്ല. പക്ഷേ രാമൻ കാമാഭ്യർത്ഥന നിരസിച്ചപ്പോൾ ആ നിരാസത്തിനു കാരണം സീതയാണെന്നു കരുതി അവളെ അക്രമിക്കാൻ ക്രൂദ്ധോഗ്രരൂപിണിയായി ശൂർപണഖ പാഞ്ഞുചെല്ലുന്നത് തീർച്ചയായും തടയപ്പെടേണ്ട തെറ്റുതന്നെയാണ്. ശൂർപണഖയുടെ സീതാദ്രോഹോന്മാദം തടയുക എന്ന കർത്തവ്യമാണ് ലക്ഷ്മണൻ രാമാജ്ഞാനുസാരിയായി ചെയ്യുന്നത്. ഇതിൽ രാമവിരോധത്തിന്റെ മുൻവിധി ഭരിക്കുന്ന ബുദ്ധിയുളളവർക്കല്ലാതെ തെറ്റു കാണാനാവില്ല. 

തീർച്ചയായും ശൂർപണഖയുടെ കാമാഭ്യർത്ഥന രാമൻ നിരസിച്ചതിൽ തെറ്റില്ലെങ്കിലും വളരെ പരിഹാസത്തോടെ ‘ലക്ഷ്മണൻ നിനക്ക് ചേർന്ന ഭർത്താവാകും, അയാളോട് ചോദിച്ചോളൂ’ എന്നിങ്ങനെ രാമൻ പറയുന്നത് സംസ്കാരമുളള ഒരു മനുഷ്യന്റെ പക്വമായ നടപടിയാണെന്ന് പറയാനാവില്ല. ശൂർപണഖ രാമനോടാണ് കാമം അഭ്യർത്ഥിക്കുന്നത്. അവളുടെ അഭ്യർത്ഥന തള്ളാനും കൊള്ളാനുമുളള സ്വാതന്ത്ര്യം രാമനുണ്ട്. പക്ഷേ ‘നിന്നെ വേൾക്കാൻ എനിക്കു പററില്ല, ലക്ഷ്മണനു പറ്റിയേക്കും’ എന്നു പറയാൻ രാമനെന്താണ് അധികാരം. രാമനോട് കാമം പറയാൻ സ്വാതന്ത്ര്യവും ധൈര്യവുമുള്ള ശൂർപണഖയ്ക്ക് ലക്ഷ്മണനോടു കാമം തോന്നിയാൽ അവളതു അയാളോടും പറയും; രാമന്റെ ശുപാർശ ആവശ്യമില്ല. വേണ്ടാത്തിടത്ത് ശുപാർശ പറയൽ നല്ല നടപടിയല്ല.
പ്രണയം അഭ്യർത്ഥിച്ച ശൂർപണഖയെ അവയവങ്ങൾ ഛേദിച്ചു വൈരൂപ്യം വരുത്തിയോടിക്കുന്ന രാമ‑ലക്ഷ്മണന്മാരുടെ നടപടി ‘പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ’ എന്ന പഴഞ്ചൊല്ലിന്റെ വകതിരിവുവച്ചു തന്നെ വിമർശന വിധേയമാക്കാൻ യോഗ്യമാണ്. പക്ഷേ ശൂർപണഖയുടെ കാര്യത്തിൽ സ്ത്രീയോടുള്ള പരാക്രമ വിമർശനം രാമ‑ലക്ഷ്മണന്മാർ അർഹിക്കുന്നുണ്ടെന്ന ന്യായം സീതയെ ചതിച്ച്, ബലാൽ കടത്തിക്കൊണ്ടു പോകുന്ന രാവണനും ബാധകമാണ് എന്നു കൂടി പറയണം. എന്നാലേ വിമർശന ധർമ്മം സമഗ്രമാകൂ. 

പൊതുവേ അറിയാവുന്നതു പോലെ രാമായണം സ്വതന്ത്ര ലൈംഗികതയുടെ ഔന്നത്യം പ്രഖ്യാപനം ചെയ്യാനായി എഴുതപ്പെട്ട ഇതിഹാസ കാവ്യമൊന്നുമല്ല. അതുകൊണ്ടു തന്നെ ശൂർപണഖ എന്ന സ്വതന്ത്ര കാമിനിയെ ആരാധ്യയായി വാഴ്ത്തുന്നില്ല രാമായണ സാഹിത്യങ്ങൾ എന്ന മട്ടിലുളള വിമർശനങ്ങൾ ‘മത്ത കുത്തിയിട്ടെന്തേ കുമ്പളം മുളച്ചില്ല’ എന്നു ചോദിക്കുന്നതു പോലെ ബാലിശവും അയുക്തികവുമാണ്. രാമായണത്തിലെ കഥാപാത്രങ്ങൾ പൊതുവിലും നായികാ നായക കഥാപാത്രങ്ങൾ വിശേഷിച്ചും ഒരു കുടുംബ ജീവിതത്തിന്റെ മൂല്യവ്യവസ്ഥകളെ പ്രതിനിധീകരിക്കുന്നവരാണ്.
കുടുംബാധിഷ്ഠിത ജീവിത വീക്ഷണത്തിന്റെ മൂല്യവ്യവസ്ഥകളെ പരിപാലിക്കാൻ അനുഭവിക്കേണ്ടി വരുന്ന ത്യാഗ‑സഹനങ്ങളുടെയും അതിനു ശക്തി പകരുന്ന സത്യ‑സ്നേഹങ്ങളുടേയും പ്രതിനിധാനങ്ങളാണ് രാമായണ കഥാപാത്രങ്ങൾ. ഇത്തരം കഥാപാത്രങ്ങൾക്കിടയിൽ തന്റെ കാമം തുറന്നുപറയാൻ ധൈര്യമുള്ള ശൂർപണഖയെ അവതരിപ്പിച്ചു എന്നതു തന്നെ ഒരു വിപ്ലവമാണ്. ആരുടെ സ്വാതന്ത്ര്യവും മറ്റുള്ളവരുടെ ജീവിതത്തിന്മേൽ ബലാത്സംഗം നടത്താനുള്ള അവകാശമല്ലല്ലോ. ഇതു ശൂർപണഖയ്ക്കും ബാധകമാണ്. ശൂർപണഖ, സീതയുടെ ജീവിതത്തിനുമേൽ കുതിരകേറാനുള്ള അധികാരമായി തന്റെ തന്റേടത്തെയും സ്വാതന്ത്ര്യത്തെയും ഉപയോഗിക്കാൻ ഉദ്യമിച്ചു. അതിനു കിട്ടിയ ശിക്ഷയാണ് വൈരൂപ്യം. ചോദിച്ചു വാങ്ങിയ വൈരൂപ്യമാണത്. കാമം ചോദിക്കാം; പക്ഷേ പിടിച്ചെടുക്കാൻ ബലം പ്രയോഗിച്ചാല്‍ അത് വലിയ ആപത്തുകളുണ്ടാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.