23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 21, 2024
September 7, 2024
August 17, 2024
February 6, 2023
August 13, 2022
April 29, 2022
April 27, 2022
March 7, 2022
January 16, 2022
January 16, 2022

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്; സിനിമാ മേഖലയിൽ കാതടപ്പിക്കുന്ന നിശബ്ദതയെന്ന് ഡബ്ല്യു സി സി

Janayugom Webdesk
കോഴിക്കോട്
April 29, 2022 7:31 pm

പതിവ് കാതടപ്പിക്കുന്ന നിശബ്ദതയാണ് വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ മലയാള സിനിമാ മേഖലയിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഡബ്ല്യു സി സി. ആരോപണവിധേയൻ അംഗമായ സംഘടനകൾ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നും സംഘടന അതിന്റെ ഫേസ്ബുക്ക് പേജില്‍ കുറ്റപ്പെടുത്തുന്നു. മുമ്പ് ഉണ്ടായ നടിയെ ആക്രമിച്ച വിഷയത്തിൽ അവർ എടുത്ത നിലപാട്‘അതിജീവിതയുടെ കൂടെ നിൽക്കുന്നു, പ്രതിക്കുവേണ്ടി പ്രാർത്ഥിക്കുന്നു’ എന്നാതായിരുന്നു. ഇനിയും ഇപ്പോഴും അവർ മിണ്ടാതിരിക്കാൻ തീരുമാനിച്ചാൽ, അയാൾ മീശ പിരിച്ചു കൊണ്ട് സംസാരിക്കുന്നത് അവർക്കെല്ലാം കൂടി വേണ്ടിയാണെന്നാണോ നാം കരുതേണ്ടതെന്നും ഡബ്ല്യുസിസി ചോദിക്കുന്നു. മലയാള സിനിമയിൽ പ്രബലനും സ്വാധീനവുമുള്ള ഈ വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച് ഫിലിം ഇന്റസ്ട്രിയിൽ നിന്നും ആരും ഒന്നും പറയാൻ തയ്യാറാവുന്നില്ല. ഈ നിശബ്ദതയാണ് സ്ത്രീകൾക്ക് നേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമാവുന്നതെന്നും ഈ നിശബ്ദത കൊടിയ അന്യായമാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.

പ്രസ്താവനയുടെ പൂർണരൂപം:

അതിഗുരുതരമാംവണ്ണം ശാരീരികമായും മാനസീകവുമായി ആക്രമിക്കപ്പെട്ട ഒരു യുവനടിയുടെ പരാതിയെ തുടർന്ന് ബലാത്സംഗക്കേസ് ചുമത്തപ്പെട്ട നടനും നിർമാതാവുമായ വിജയ്ബാബുവിനെ ഇതുവരെയും പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഒളിവിൽ പോയ അയാൾക്കെതിരെ പൊലീസ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. അയാൾ രാജ്യം വിട്ടു എന്നാണ് കരുതപ്പെടുന്നത്. നടിയുടെ പരാതിയെ തുടർന്ന് എഫ്ബിയിൽ തൽസമയം വരാൻ പോകുന്നു എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുകയും ഏപ്രിൽ 26ന് രാത്രി ഒരു അജ്ഞാത ലൊക്കേഷനിൽ നിന്ന് വിജയ് ബാബു ഫേസ്ബുക്ക് ലൈവ് വഴി നടിയുടെ പേരു വെളിപ്പെടുത്തുകയും അവൾക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അയാളെ കേൾക്കാൻ ആളുണ്ട് എന്ന ധാർഷ്ട്യമാണ് അതിലൂടെ വെളിപ്പെട്ടത്. മൂന്നാംകിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാൾ ചെയ്തത്: ”ഇത് മീടൂവിന് ഒരു ഇടവേളയാകട്ടെ” എന്ന്. പെൺകുട്ടിയുടെ പരാതിക്കെതിരെ മാനനഷ്ടത്തിന് പകരം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലെ ആൺകൂട്ടങ്ങളുടെ കൂരമ്പുകൾ അവൾക്കെതിരെ തിരിച്ചു വിടുകയുമാണ് അയാൾ ചെയ്തത്.

പരാതിക്കാരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആൾക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താൻ വനിതാ കമ്മീഷനും സൈബർ പൊലീസും തയ്യാറാകണം. അത്ര ഭയാനകമായ വിധത്തിലാണ് അവളുടെ പേരും ചിത്രങ്ങളും അക്രമിയുടെ ചിത്രത്തോടൊപ്പം വച്ച് ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമചരിത്രത്തിലെ ഏറ്റവും നീചമായ കുറ്റകൃത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്. ഭയം ജനിപ്പിക്കുന്ന ഈ ആൾക്കൂട്ട ആക്രമണം അവളുടെ ജീവനു തന്നെ ഭീഷണിയാവാൻ ഉള്ള സാധ്യത വ്യക്തമാക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ വന്നു കൊണ്ടിരിക്കുന്ന അവളുടെ പേരും ചിത്രങ്ങളും പൂർണമായും എടുത്തുകളായാനും അവർക്കെതിരെ നടപടി എടുക്കാനും അധികൃതർ അടിയന്തിര നടപടി എടുക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു’.

Eng­lish Sum­ma­ry: Rape case against Vijay Babu; Film indus­try keeps mum says WCC

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.