സംസ്ഥാനത്ത് ബജറ്റില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷവും ബിജെപിയും സമരത്തിലാണ്. പ്രസ്തുത സെസ് ഏര്‍പ്പെടുത്തേണ്ടിവന്ന സാഹചര്യം കഴിഞ്ഞ കുറേ ദിവസങ്ങളായി വിശദീകരിക്കുന്നുണ്ട് മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും. ബുധനാഴ്ച ബജറ്റ് ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ ധനമന്ത്രി കെ എന്‍ ബാലഗോപാലും അക്കാര്യം വ്യക്തമാക്കുകയുണ്ടായി. ഇന്ധനവിലയില്‍ മാത്രമല്ല പൊതു വിലക്കയറ്റത്തിനു കാരണമാകുന്ന കേന്ദ്രനയങ്ങളെ കുറിച്ച് പ്രതിപക്ഷമോ ബിജെപിയോ മിണ്ടുന്നില്ല. സാമൂഹ്യ ക്ഷേമ‑സേവന രംഗങ്ങളില്‍ നിന്ന് അവര്‍ പിന്നാക്കം പോകുന്നതോ അത് വലിയൊരു വിഭാഗം ജനങ്ങള്‍ക്കുണ്ടാക്കുന്ന ദുരിതങ്ങളോ അവരുടെ പരിഗണനാ വിഷയമാകുന്നുമില്ല. കേന്ദ്രനയങ്ങളുടെ പ്രത്യാഘാതമായി മറ്റൊരു നിരക്ക് വര്‍ധന കഴിഞ്ഞ ദിവസമുണ്ടായിട്ടുണ്ട്. അതുപക്ഷേ അവരുടെ ശ്രദ്ധാവിഷയമായിട്ടേയില്ല. പണപ്പെരുപ്പം കാരണം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുന്നു. അതുകേള്‍ക്കുമ്പോള്‍ അവര്‍ക്ക് മിണ്ടാട്ടമില്ല. സാധാരണക്കാരെയും ഇടത്തരക്കാരെയും ഒരുപോലെ ബാധിക്കുന്നതാണ് കേന്ദ്ര ബാങ്കായ ആര്‍ബിഐയുടെ തീരുമാനം. പണപ്പെരുപ്പ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ നിശ്ചയിക്കാറുള്ളത്. 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.5 ശതമാനമായാണ് റിപ്പോ നിരക്ക് കഴിഞ്ഞ ദിവസം പരിഷ്കരിച്ചത്. ആര്‍ബിഐയുടെ മൂന്ന് ദിവസത്തെ പണനയ യോഗത്തിന് ശേഷമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.
സമിതിയിലെ ആറു പേരില്‍ നാല് അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് നിരക്ക് വര്‍ധിപ്പിക്കുവാനുള്ള തീരുമാനം കൈക്കൊണ്ടത്. ഡിസംബറില്‍ 35 ബേസിസ് പോയിന്റ് ഉയര്‍ത്തി റിപ്പോ നിരക്ക് 6.25 ശതമാനമാക്കിയിരുന്നു. മേയ് മാസത്തിന് ശേഷം ഇതുവരെ പലിശ നിരക്കില്‍ 2.50 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സാധാരണക്കാരും ഇടത്തരക്കാരുമെടുത്തിട്ടുള്ള വായ്പകള്‍ക്കെല്ലാം ഇതോടെ പലിശ നിരക്ക് വര്‍ധിക്കും. ഭവന, വാഹന, വ്യക്തിഗത വായ്പകളെയെല്ലാം വര്‍ധന ബാധിക്കും. കൂടാതെ എംഎസ്എംഇകളുടെ വായ്പകളെയും ബാധിക്കുമെന്നതിനാല്‍ എല്ലാ മേഖലയിലും പ്രതിസന്ധി സംജാതമാകും. പൊതുമേഖലാ ബാങ്കുകളുടെ വായ്പകളെ ആശ്രയിച്ചാണ് രാജ്യത്തെ ഭൂരിഭാഗം എംഎസ്എംഇകള്‍ പ്രവര്‍ത്തിക്കുന്നത്. അവയ്ക്കും പുതിയതായി ആരംഭിക്കുന്നവയ്ക്കും ഇത് കൂടുതല്‍ ബാധ്യതയുണ്ടാക്കും. മേയ് മാസത്തിനു മുമ്പ് 20 വര്‍ഷ കാലാവധിയില്‍ വായ്പയെടുത്ത 20 ലക്ഷം രൂപയ്ക്ക് മാസത്തവണ 19,000 രൂപയിലധികമായിരുന്നുവെങ്കില്‍ പുതിയ നിരക്കനുസരിച്ച് അത് 23,000ത്തോളമായി വര്‍ധിക്കും. നാലായിരത്തോളം രൂപയുടെ വര്‍ധനയാണുണ്ടാകുക. ആകെ പലിശ ബാധ്യത 20 ലക്ഷത്തില്‍ നിന്ന് 30 ലക്ഷത്തിലധികമാവുകയും ചെയ്യും. ഫലത്തില്‍ ചെറുകിട വായ്പക്കാര്‍ മുഴുവന്‍ വലിയ ബാധ്യത ഏറ്റെടുക്കേണ്ട സ്ഥിതിയാണ് പുതിയ നിരക്ക് വര്‍ധനയിലൂടെ ഉണ്ടാകുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ വലിയ സാമ്പത്തിക ബാധ്യതയും ജീവിത പ്രതിസന്ധിയും നേരിടുന്ന സാധാരണക്കാര്‍ക്കുമേലാണ് പലിശ വര്‍ധനയിലൂടെ ഈ ആഘാതമുണ്ടാകുന്നത്. പുതിയ കാലത്ത് ഭവനം, വാഹനം, വ്യക്തിഗത വായ്പകളില്ലാത്ത ആളുകളുടെ എണ്ണം വളരെ കുറവായിരിക്കുമെന്നതില്‍ സംശയമില്ല.
അതുകൊണ്ടുതന്നെ റിസര്‍വ് ബാങ്കിന്റെ തീരുമാനം സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിക്കുന്നതായിരിക്കും. എല്ലാ മേഖലയിലും ജീവിതച്ചെലവുകള്‍ വര്‍ധിക്കുന്ന സാമ്പത്തിക സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. വിലക്കയറ്റം ഓരോ ദിവസവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തോടൊപ്പം അരിവിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തി സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനങ്ങളും കേന്ദ്രം സ്വീകരിക്കുന്നു. ഭക്ഷണത്തില്‍ സിംഹഭാഗവും അരി ഉപയോഗിക്കുന്ന കേരളീയര്‍ക്ക് ആവശ്യമായ പുഴുക്കലരി വിഹിതം നല്കാത്ത സമീപനവും കേന്ദ്രത്തില്‍ നിന്നുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളെന്ന പേരില്‍ വിലക്കയറ്റത്തില്‍ കുറവുണ്ടാകുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതൊന്നും ജീവിതത്തില്‍ അനുഭവവേദ്യമാകുന്നില്ലെന്നതാണ് സ്ഥിതി. ഇതിനുമേലാണ് റിപ്പോ നിരക്ക് പരിഷ്കരണത്തിന്റെ പേരില്‍ അധിക ബാധ്യത അടിച്ചേല്പിക്കപ്പെടുന്നത്. വായ്പാ പലിശ നിരക്കില്‍ വര്‍ധനയുണ്ടാകുന്നതിനൊപ്പം നിക്ഷേപ പലിശ നിരക്കും ഉയരുമെന്ന പ്രലോഭനത്തിലൂടെയാണ് റിസര്‍വ് ബാങ്ക് പ്രതിസന്ധിയെ ലഘൂകരിക്കുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കോവിഡിനു ശേഷമുള്ള കാലത്ത് ജനങ്ങളുടെ നിക്ഷേപത്തില്‍ കുറവുണ്ടായെന്ന് അടുത്തകാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ട് അവര്‍ മനഃപൂര്‍വം മറക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് അധികഭാരം അടിച്ചേല്പിക്കുന്ന ഈ സമീപനം സാധാരണക്കാരോടുള്ള യുദ്ധപ്രഖ്യാപനം തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.