24 April 2024, Wednesday

സെസും ചില മാധ്യമ ചിന്തകളും

യെസ്‌കെ
February 5, 2023 4:15 am

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ഏർപ്പെടുത്തിയ രണ്ടു രൂപ സെസ് വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ് കുത്തക മാധ്യമങ്ങള്‍. പിടിച്ചുപറി, ഞെക്കിപ്പിഴിയല്‍ തുടങ്ങിയ സ്ഥിരം തലക്കെട്ടുകളും അവര്‍ ബജറ്റിന് നല്കി. ഇന്ധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സെസ് പൊതുജനത്തെ നേരിട്ട് ബാധിക്കുമെന്ന കാര്യത്തില്‍ സംശയവുമില്ല. പക്ഷേ കേരളം പോലൊരു സംസ്ഥാനത്ത്, പ്രഖ്യാപിച്ച വികസനപദ്ധതികള്‍ മുഴുവന്‍ നടപ്പാക്കുന്ന ഒരു സര്‍ക്കാരിന് അതിനുള്ള വിഭവം കണ്ടെത്താന്‍ മറ്റെന്താണ് മാര്‍ഗമെന്ന് വിശദീകരിക്കാന്‍ വലതുമാധ്യമങ്ങള്‍ക്ക് കഴിയുമോ. അവരെ കൂട്ടുപിടിച്ച് ‘പ്രതിഷേധം, പ്രതിഷേധ’മെന്ന് നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചു കൂവുന്ന പ്രതിപക്ഷത്തിന് ഈ ദുരവസ്ഥയ്ക്കുള്ള യഥാര്‍ത്ഥ കാരണത്തിനെതിരെ പ്രതികരിക്കാന്‍ ത്രാണിയുണ്ടോ, കേന്ദ്രം ഭരിക്കുന്ന ബിജെപിയോട് സംസ്ഥാനത്തിന് അർഹതയുള്ളത് തരാൻ പറയാനുള്ള ആര്‍ജവമുണ്ടോ എന്നത് പരിശോധിക്കപ്പെടണം.


ഇതുകൂടി വായിക്കൂ: പ്രതീക്ഷകള്‍ കെടുത്തുന്ന കേന്ദ്ര ബജറ്റ്


കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായതും വായ്പാ പരിധി ക്രമീകരിച്ചതും വരുമാനത്തിൽ ഉണ്ടാക്കിയ കുറവ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റിന്റെ ആമുഖത്തിൽതന്നെ വിശദീകരിച്ചിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശപ്രകാരം 3.875 ശതമാനമായിരുന്ന സംസ്ഥാന വിഹിതം 1.925 ആയി കുറച്ചപ്പോൾ പതിനായിരക്കണക്കിന് കോടിയുടെ കുറവാണുണ്ടായത്. റവന്യു കമ്മി ഗ്രാന്റിൽ 6700 കോടി രൂപയുടെ നഷ്ടമുണ്ടായി. ജിഎസ്‌ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ ഇല്ലാതായത് 7,000 കോടി. പൊതുഅക്കൗണ്ട് കടബാധ്യതയായി മാറ്റിയ കേന്ദ്ര നയം വഴി നഷ്ടപ്പെട്ടത് 10,000 കോടി, കിഫ്ബിയുടേയും സാമൂഹ്യസുരക്ഷ പെൻഷൻ കമ്പനിയുടേയും ബാധ്യത സർക്കാരിന്റെ ബാധ്യതയാക്കി മാറ്റിയതിലൂടെ 3,100 കോടിയും വിപണിയിൽ നിന്നുള്ള കടമെടുപ്പ് പരിധി കുറച്ചതുവഴി 4,000 കോടിയും വരുമാനക്കുറവുണ്ടായി. കേന്ദ്ര ബജറ്റ് വന്നപ്പോള്‍ എത്ര മാധ്യമങ്ങള്‍ ഇക്കാര്യം പ്രധാനവാര്‍ത്തയും ചര്‍ച്ചയുമാക്കിയെന്ന കണക്കെടുപ്പ് ആവശ്യമാണ്. കെ സുധാകരനും, വി ഡി സതീശനും കേന്ദ്രനയങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധ സമരത്തിന്റെ കണക്കും വേണ്ടതാണ്.


ഇതുകൂടി വായിക്കൂ: കോര്‍പറേറ്റ് പ്രീണനം വെളിപ്പെടുത്തി കേന്ദ്ര ബജറ്റ്


ഇന്ധന വിലയും, പാചക വാതക വിലയും വർധിച്ചതും, സബ്സിഡി എടുത്തു കളഞ്ഞതും വാർത്ത അല്ലാതായ നാട്ടിൽ സംസ്ഥാനത്തിന്റെ സ്വന്തം ആവശ്യത്തിനായി നേരിയ സെസ് വർധന വലിയവാർത്തയാക്കുന്നവര്‍ക്ക് അത് എന്തുകൊണ്ട് സംഭവിച്ചു എന്ന് ചൂണ്ടിക്കാണിക്കുന്നതിനുള്ള ബാധ്യത കൂടിയുണ്ട്. കേരളത്തിൽ നിന്നും നികുതി പിരിച്ച്, നമുക്ക് ന്യായമായത് തരാതെ യുപിയിലോ ഗുജറാത്തിലോ കക്കൂസ് കെട്ടാൻ നല്കുമ്പോൾ ഇല്ലാത്ത പരാതി ഇപ്പോൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകും.
കേരളത്തിൽ ആദ്യമായി ഏര്‍പ്പെടുത്തിയതാണ് സെസ് എന്ന നിലയിലാണ് ചില മാധ്യമങ്ങളുടെ നിലവിളി. 2015 ൽ ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉല്പന്നങ്ങൾക്ക് ഒരു രൂപ സെസ് ഏർപ്പെടുത്തിയിരുന്നു. പിന്നീട് വന്ന ഇടതുസർക്കാർ അത് പിൻവലിക്കുകയായിരുന്നു. മറ്റൊരു സർക്കാർ ഏർപ്പെടുത്തിയ സെസ് പിൻവലിച്ച ഒരു സർക്കാരിന് തന്നെ, അത് വീണ്ടും നടപ്പിലാക്കേണ്ടി വന്നതിന്റെ കാരണമെന്ത് എന്ന് ചിന്തിക്കാന്‍ വിമര്‍ശകര്‍ തയ്യാറാകണം. വാര്‍ത്തകളും മുഖപ്രസംഗങ്ങളും എപ്പോഴും ഇടതുപക്ഷത്തിനും ഇടതുസര്‍ക്കാരുകള്‍ക്കും എതിരെയാകുന്നതിന് ഒറ്റക്കാരണമേയുള്ളൂ, കുത്തകപ്രീണനം ഉണ്ടാകുന്നില്ല എന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.