4 May 2024, Saturday

നവകേരളത്തിലേക്ക് കൈപിടിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്

ശ്യാമ രാജീവ്
തിരുവനന്തപുരം
May 14, 2023 6:00 pm

നൂറ്റാണ്ടിലെ മഹാപ്രളയവും കോവിഡ് മഹാമാരിയും പ്രതിസന്ധിയിലാക്കി­യ കേരളത്തെ കൈപിടിച്ചുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം നവകേരള നിര്‍മ്മിതിക്കായി തദ്ദേശവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കടന്നുപോയ വലിയ പരിവർത്തനത്തിന്റെ ഒരു ചെറിയ കാലയളവാണ് കഴിഞ്ഞ രണ്ട് വർഷങ്ങൾ. സേവനങ്ങൾ ഏറ്റവും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാൻ അവസരമൊരുക്കിയെന്നു മാത്രമല്ല, നാടിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഇതുവരെയില്ലാത്ത നേട്ടം കൊയ്യാനും തദ്ദേശ സ്വയംഭരണ വകുപ്പിന് കഴിഞ്ഞു.

സർക്കാരിന്റെ അഭിമാന പദ്ധതിയായ അ­തിദാരിദ്ര്യ നിർമ്മാ­ർജനം കേരളത്തി­ന് മറ്റൊരു തിലകക്കുറിയായി മാറും. ലൈ­ഫ്, ശുചിത്വ കേരളം, കുടുംബശ്രീ, ഡിജി-കേരളം, തൊഴിൽസഭ തുടങ്ങിയ പദ്ധതികൾ ഭാവികേരളത്തിന്റെ മുതല്‍ക്കൂട്ടാണ്. കേരളത്തിലെ മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എ­ന്നിവയുടെ പരിധിയിൽ കെ­ട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഓൺലൈൻ ആക്കിയത് ശ്രദ്ധേയ ഇടപെടലായി മാറി. അപേക്ഷിക്കുന്ന ദിവസം ത­ന്നെ ലഭ്യമാക്കാനുള്ള പദ്ധതി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വകുപ്പില്‍ ഉണ്ടായ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നാണ്.

300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കുള്ള നിർമ്മാണ പെർമിറ്റാണ് ഇങ്ങനെ നൽകുന്നത്. പെർമിറ്റ് ഫീസ് പുതുക്കിയതിലൂടെ ലഭിക്കുന്ന വ­രുമാനം ത­ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾക്കുള്ള വിഭവ പരിമിതി മറികടക്കാനും സഹായിക്കും. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന് ചട്ടങ്ങൾ രൂപീകരിച്ചതോടെ ഏകീകൃത ത­ദ്ദേശ സ്വയംഭരണ വകുപ്പ് നിയമപരമായി സ്ഥാപിതമായി. വിവിധ വിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കി പ്രിൻസിപ്പൽ ഡ­യറക്ടറേറ്റ് നിലവിൽ വന്നതും മറ്റൊരു നേട്ടമാണ്. ജില്ലകളിൽ ജോയിന്റ് ഡയറക്ടർമാരെ നിയമിച്ചുകൊണ്ട് ജോയിന്റ് ഡയറക്ടറേറ്റുകളും രൂപീകരിച്ചു.

അഭിമാന പദ്ധതിയായി അതിദാരിദ്ര്യ നിർമ്മാർജനം

രണ്ടാം എല്‍‍ഡിഎഫ് സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം ചേർന്ന് എടുത്ത പ്രധാന തീരുമാനമായിരുന്നു സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽ നിന്ന് വിമോചിപ്പിക്കുമെന്നത്. തുടർന്ന് വിപുലവും ശാസ്ത്രീയവുമായ സർവേ നടത്തി കണ്ടെത്തിയ അതിദരിദ്രരായ 64,006 കുടുംബങ്ങളില്‍ 63,095 കുടുംബങ്ങള്‍ക്കുള്ള മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. അടിയന്തര, ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതി കളിലൂടെ അതിദാരിദ്ര്യത്തില്‍ നിന്ന് ഇവരെ പൂര്‍ണമായും മുക്തരാക്കും. അടിയന്തരമായി നൽകേണ്ട സഹായങ്ങളും സേവനങ്ങളും ഇതിനകം നൽകിക്കഴിഞ്ഞു.

ഭവനരഹിതരില്ലാത്ത കേരളത്തിനായി ലൈഫ് 

ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് കേരളം. ലൈഫ് ഭവനപദ്ധതി വഴി ഇതിനകം 3,42,284 വീടുകൾ നിർമ്മിച്ച് ഗുണഭോക്താക്കൾക്ക് കൈമാറാനായത് സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഒന്നാമതായി ഇടം പിടിച്ചു. 67,000 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത‑ഭവനരഹിതർക്കായി 29 ഭവനസമുച്ചയങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചതിൽ നാല് ഭവനസമുച്ചയങ്ങൾ പൂ­ര്‍ത്തിയായി. ഇതിലൂടെ 174 കു­ടുംബങ്ങൾക്ക് ഫ്ലാറ്റുക­ൾ ലഭിച്ചു. 25 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. പുതുതായി രണ്ട് ഭവന സമുച്ചയങ്ങൾ കൂടി നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

തൊഴിലുറപ്പ് രംഗത്ത് ശക്തമായ ഇടപെടല്‍ 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2022–23 സാമ്പത്തിക വര്‍ഷത്തില്‍ കേ­രളത്തിൽ 17.54 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. കുടുംബങ്ങള്‍ക്ക് ലഭിച്ച ശരാശരി തൊഴില്‍ ദിനങ്ങള്‍ 62.24 ആണ്. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് 75 ദിവസമോ പരമാവധി 100 ദിവസമോ തൊഴില്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. രാജ്യത്താദ്യമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്കു വേണ്ടി ക്ഷേമനിധിക്ക് രൂ­പം നല്‍കിയ സംസ്ഥാനമായും കേരളം മാറി. ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പട്ടികവർഗ വിഭാഗക്കാർക്ക് വർഷത്തിൽ 200 ദിവസം തൊഴിൽ നൽകുന്ന പദ്ധതിയും കേരളത്തിന്റെ തനത് പദ്ധതിയാണ്.

മാലിന്യസംസ്കരണത്തില്‍ മാറ്റങ്ങളുടെ പുതു ശീലം 

സംസ്ഥാനത്ത് മാലിന്യം വലിച്ചെറിയുന്ന ശീലത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സര്‍ക്കാരിന് കഴിഞ്ഞു. മാലിന്യ സംസ്കരണത്തിന് ആധുനിക സാങ്കേതികവിദ്യയും ജനപങ്കാളിത്തവും കൊണ്ട് പുതിയ പദ്ധതികൾ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തെ കുറഞ്ഞ കാലം കൊണ്ട് സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. 2400 കോടി രൂപ ചെലവിൽ ലോക ബാങ്ക് സഹായത്തോടെ നഗരങ്ങളിൽ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് മുതൽ ചെറുതും വലുതുമായ നിരവധി പദ്ധതികൾ ഓരോ പ്രദേശത്തിന്റെയും വ്യത്യസ്തതയനുസരിച്ച് നടപ്പാക്കിവരികയാണ്.

മാതൃകയായി കുടുംബശ്രീ

കുടുംബശ്രീയുടെ പ്രവർത്തനങ്ങളിലെ വൈപുല്യവും വൈവിധ്യവും സമാനതകളില്ലാത്തതാണ്. കുടുംബശ്രീ മുഖേനയുള്ള ലിങ്കേജ് വായ്പ 12000 കോടി രൂപയില്‍ നിന്ന് 26188 കോടി രൂപയായി വര്‍ധിച്ചു. സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന സംരംഭങ്ങൾ വഴി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഉപജീവനമാര്‍ഗങ്ങള്‍ ലഭ്യമായി. സംരംഭക മാതൃകയിൽ ഒന്നോ അതിലധികമോ പ്ലംബർ, കാർപെന്റർ, ഇലക്ട്രീഷ്യൻ, മേസൺ, ഗാർഹികോപകരണങ്ങളുടെ റിപ്പയറർ തുടങ്ങിയ പരിശീലനം സിദ്ധിച്ച സ്ത്രീകളുടെ 248 മൾട്ടി ടാസ്ക് ടീമുകൾ വിവിധ ബ്ലോക്ക്‌ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലുമായി രൂപീകരിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ക്രൈം മാപ്പിങ് ആരംഭിച്ചു. 152 പഞ്ചായത്തുകളില്‍ ക്രൈം മാപ്പിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. 19326 വാര്‍ഡുകളില്‍ ജാഗ്രതാസമിതിയുടെ ഭാഗമായി വിജിലന്‍സ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Eng­lish Sam­mury: Local Self-Gov­ern­ment Depart­ment is reach­ing out to Nava Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.