15 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 20, 2024
May 1, 2024
October 13, 2023
October 5, 2023
September 12, 2023
September 11, 2023
September 10, 2023
September 5, 2023
September 3, 2023
September 3, 2023

ഉമ്മൻ ചാണ്ടിക്ക് സമം ഉമ്മൻ ചാണ്ടി മാത്രം

web desk
July 19, 2023 8:36 pm

‘നിങ്ങൾ ബസിനു കല്ലെറിയുകയല്ല, പാടത്തേക്ക് വിത്തെറിയുകയാണ് വേണ്ടത്’ കൃഷിമന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായർ വിദ്യാർത്ഥികളെ പ്രകോപിപ്പിച്ച് നടത്തിയ ആഹ്വാനം കേരളത്തിലെ ഏറ്റവും ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന്റെ ഉദയത്തിന് നിമിത്തമായി. എം എൻ ഗോവിന്ദൻ നായരുടെ ആ പ്രകോപനമാണ്, ‘ഓണത്തിന് ഒരു പറ നെല്ല്’ എന്ന പരിപാടിക്ക് തുടക്കം കുറിക്കാൻ ഉമ്മൻചാണ്ടിക്ക് പ്രചോദനമായത്. ഈ പരിപാടിയിലൂടെയാണ് കേരള ജനതയുടെ മനസിൽ ഉമ്മൻചാണ്ടി സ്ഥാനംപിടിച്ചത്. ഈ പരിപാടിക്ക് കൃഷിമന്ത്രി എം എൻ ഒരു ലക്ഷം പാക്കറ്റ് വിത്തുകൾ അനുവദിച്ചു. ഫാക്ട് എംഡിയായിരുന്ന എം കെ കെ നമ്പ്യാർ ഇതിനാവശ്യമായ വളവും നൽകി. കേരളത്തിൽ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടിരുന്ന കാലത്ത് സ്ക്കൂൾ വിദ്യാർത്ഥികളെ കർഷകരാക്കിയും സ്കൂൾ മുറ്റങ്ങൾ നെൽപാടങ്ങളാക്കിയും മാറ്റിയ ആ പദ്ധതി ഉമ്മൻ ചാണ്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. ഐആർ8 എന്ന പുതിയ നെൽവിത്ത് കുട്ടിക്കാലത്ത് ഞങ്ങളുടെ സ്കൂൾ മുറ്റത്ത് വിതച്ച്, നെല്ലുല്പാദിപ്പിച്ചത് ഇന്നും ഓർമ്മയിൽ തെളിയുന്നു.

പുതുപ്പള്ളി സെന്റ് ജോർജ്ജ് സ്കൂൾ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് പദത്തിൽ തുടങ്ങി കേരള മുഖ്യമന്ത്രി, എഐസിസി ജനറൽ സെക്രട്ടറി, വർക്കിങ് കമ്മിറ്റി അംഗം എന്നിങ്ങനെ കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തേക്ക് എത്തിയ ഉമ്മൻചാണ്ടി അക്ഷരാർത്ഥത്തിൽ ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്. ‘മനുഷ്യർക്കെല്ലാം, അത് ഒബാമയായാലും പ്രണബ് കുമാർ മുഖർജിയായാലും ദിവസത്തിൽ 24 മണിക്കൂറാണുള്ളത്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് മാത്രം അതിലും കൂടുതലാണ്. കാരണം അദ്ദേഹം ഉണ്ണുമ്പോഴാണ് ഉറങ്ങുന്നത് ഉറങ്ങുമ്പോഴാണ് ഉണ്ണുന്നത്’. എറണാകുളത്ത് നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ മുൻ ഗവർണർ അന്തരിച്ച കെ ശങ്കരനാരായണൻ പറഞ്ഞതാണിത്. ഉമ്മൻ ചാണ്ടിയുടെ കർമ്മനിരതയെപ്പറ്റി ഇതിലും നന്നായി നിർവചിക്കാനാവില്ല.

ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി ഏറെ അടുപ്പം എന്നെപ്പോലുള്ളവർക്കൊക്കെ ഉണ്ടായിരുന്നു. ആരോടും ക്ഷോഭിച്ചതായി ഇത് വരെ കണ്ടിട്ടില്ല. എന്തെങ്കിലും ഇഷ്ടപ്പെടാത്തത് പറഞ്ഞാൽ ‘ഏയ് അത് അങ്ങനെയല്ല’ എന്നു പറഞ്ഞു മാത്രം പ്രതികരിക്കും. അല്ലെങ്കിൽ ‘എ’ എന്ന് മനസിലാകാത്തത് പോലെ ചോദിക്കും. ഉമ്മൻ ചാണ്ടിയുമായി കൃത്യമായി പറഞ്ഞാൽ നാലുപതിറ്റാണ്ടുകാലത്തെ വ്യക്തിബന്ധം ഉണ്ടെനിക്ക്. സർവീസ് സംഘടനാ-തൊഴിലാളി നേതാക്കളോട് ഉമ്മൻ ചാണ്ടിക്ക് ഒരു പ്രത്യേകസ്നേഹമായിരുന്നു. 1990ൽ ഞാൻ തൃശൂർ ജില്ലയിലെ കണിമംഗലത്ത് വീട് പണിത് താമസമാരംഭിച്ചപ്പോൾ അന്നത്തെ കോൺഗ്രസ് ജില്ലാ നേതാക്കളോടൊപ്പം അദ്ദേഹം എന്റെ വീട്ടിൽ വന്നിരുന്നു. അന്നു മുതൽ എന്റെ കുടുംബാംഗങ്ങളും ഉമ്മൻ ചാണ്ടിയുടെ ആരാധകരായി. ഏറ്റവുമൊടുവിൽ എന്റെ കേന്ദ്ര സർവീസ് വിരമിക്കലിനു ശേഷവും ഞങ്ങളുടെ വീട്ടിലെത്തി.

പോകുന്നിടം ഓഫീസ്

ജഡ്ജിയിരിക്കുന്നിടം കോടതി എന്ന് പറഞ്ഞത് പോലെയാണ്, ഉമ്മൻ ചാണ്ടി പോകുന്നിടം മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ്. ഒരു ദിവസം വടക്കൻ ജില്ലകളിൽ നിന്നും വെെകിട്ട് ഏഴുമണിയോടെ ഉമ്മൻ ചാണ്ടി തൃശൂർ രാമനിലയത്തിലെത്തി. അധികം താമസിയാതെ തിരുവനന്തപുരത്ത് നിന്നും ഒരു കാറിൽ വന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രണ്ട് വലിയ ട്രങ്ക് പെട്ടികളുമായി റൂമിലേക്ക് വന്നു. നിറയെ ഫയലുകളായിരുന്നു ആ പെട്ടികളിൽ. ഉമ്മൻ ചാണ്ടി തന്നെ പൂട്ട് തുറന്ന് പെട്ടിയിൽ നിന്നും ഫയലുകൾ എടുത്ത് ഓരോന്നായി പരിശോധിച്ച് ഒപ്പിടൽ തുടങ്ങി. രാത്രി വളരെ വൈകി ഒരു മണി വരെ തുടർന്നു. എല്ലാ ഫയലുകളും പരിശോധിച്ച് നോട്ട് കുറിച്ചാണ് ഒപ്പിടുന്നത്. വ്യക്തിപരമായ ഒരു കാര്യം പറയാൻ റൂമിലെത്തിയ ഞാൻ ഫയലുകൾ നോക്കുന്നതിനിടയിൽ ശല്യപ്പെടുത്തിയില്ല. ഒടുവിൽ ഫയൽ പരിശോധന കഴിഞ്ഞ് എനിക്ക് പറയാനുള്ളത് കേട്ട് വേണ്ട നിർദ്ദേശങ്ങൾ നൽകി എന്നെ പറഞ്ഞയച്ചിട്ടാണ് റൂമിൽ ഉറങ്ങാൻ പോയത്.

സംതൃപ്തിപ്പെടുത്താനുള്ള കഴിവ്

തന്നെക്കാണാൻ വരുന്ന എല്ലാവരെയും സംതൃപ്തിപ്പെടുത്താനുള്ള ഉമ്മൻ ചാണ്ടിയുടെ കഴിവ് അപാരം തന്നെ. ചുറ്റും ആൾക്കൂട്ടമില്ലാതെ ഉമ്മൻ ചാണ്ടിയെ നമുക്ക് കാണാൻ പ്രയാസമാണ്. എല്ലാവരെയും തൊട്ടും തലോടിയും നിവേദനങ്ങൾ വാങ്ങിയും സ്വന്തം പോക്കറ്റിൽ നിന്നോ അതുമല്ലെങ്കിൽ മറ്റാരുടെയെങ്കിലും പോക്കറ്റിൽ നിന്നോ പേനയെടുത്ത് മറ്റൊരാളുടെ മുതുകത്ത് വച്ച് ആ നിവേദനങ്ങളിൽ നിർദ്ദേശം നല്കി ഒപ്പ് വക്കുന്ന ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരു നേതാവിനെയും വേറെ കാണാൻ കഴിയില്ല.

ഉമ്മൻചാണ്ടിയെപ്പറ്റി രസകരമായ പല കഥകളും

ഉമ്മൻചാണ്ടിയെപ്പറ്റി രസകരമായ പല കഥകളും കേട്ടിട്ടുണ്ട്. ചിലത് ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചിട്ടുമുണ്ട്. അതിലൊന്ന് എംഎൽഎ ഉമ്മൻ ചാണ്ടി, മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ശുപാർശ കത്ത് കൊടുത്തുവെന്ന തമാശ കഥയാണ്. സ്വന്തം വിവാഹ ക്ഷണക്കത്തിൽ ‘മറുപടി അയക്കണം’ എന്ന് നോട്ട് കുറിച്ച സംഭവം ഭാര്യ മറിയാമ്മ തന്നെയാണ് വെളിപ്പെടുത്തിയത്. ഉമ്മൻ ചാണ്ടി തന്റെ വിവാഹത്തിന് ക്ഷണക്കത്ത് അടിച്ചിരുന്നില്ല. തൊഴിൽ മന്ത്രിയായിരിക്കുമ്പോഴാണ് വിവാഹം എന്നോർക്കണം. വധു മറിയാമ്മ ഒരു ക്ഷണക്കത്ത് ഉമ്മൻ ചാണ്ടിക്ക് പോസ്റ്റ് ചെയ്തു. ഓഫീസിൽ കിട്ടിയ വിവാഹ ക്ഷണക്കത്തുകളെല്ലാം ഫയൽ ബോർഡിലാക്കി സ്റ്റാഫ് മന്ത്രിയുടെ മേശപുറത്ത് വച്ചു. അപ്പോഴാണ് ‘മറുപടി അയക്കണം’ എന്ന് മന്ത്രി നോട്ട് കുറിച്ചത്. മറുപടി തയ്യാറാക്കുന്ന സമയത്ത് സ്റ്റാഫാണ് ഇത് മന്ത്രിയുടെ തന്നെ വിവാഹമാണെന്ന് കണ്ടുപിടിച്ചത്.

ഉമ്മൻ ചാണ്ടിയുടെ പോക്കറ്റിൽ ഒരു കൊച്ചു ഡയറിയുള്ളത്, അദ്ദേഹത്തിന് സ്വന്തം അവയവം പോലെയാണത്. ‘ആ കൊച്ചുപുസ്തകം നോക്കി ഒരു ഡേറ്റ് തരോ’ എന്ന് സ്വാതന്ത്ര്യത്തോടെ ഞങ്ങൾ ചോദിക്കുമ്പോൾ ചിരിച്ച് കൊണ്ട് അതെടുത്ത്, ‘എന്നാണ് വേണ്ടത്’ എന്ന് ചോദിച്ച് ഡേറ്റ് നിശ്ചയിച്ചു തരുന്ന ഉമ്മൻ ചാണ്ടിയെ മറക്കാനാകില്ല. പോകാൻ പറ്റാത്തതോ ഇഷ്ടമില്ലാത്തതോ ആയ പരിപാടിയാണെങ്കിൽ ആ കൊച്ചു പുസ്തകം പുറത്തെടുക്കുകയുമില്ല. ചെയ്യാൻ പറ്റുന്ന ഏത് കാര്യവും ഒരു മടിയും കൂടാതെ നിവർത്തിച്ചു കൊടുക്കുന്ന വലിയ മനസിന്റെ ഉടമയാണ് ഉമ്മൻ ചാണ്ടി.

പാവപ്പെട്ടവര്‍ക്കായി മന്ത്രിസഭയിലെ ഔട്ട് ഓഫ് അജണ്ട

മന്ത്രിസഭ യോഗങ്ങളിൽ പാവപ്പെട്ടവരുടെ ഇത്തരം സഹായങ്ങൾ ‘ഔട്ട് ഓഫ് അജണ്ട’യായി കൊണ്ടുവന്നാണ് അദ്ദേഹം നടപ്പാക്കി കൊടുക്കുന്നത്. ഏജീസ് ഓഫിസ് ജീവനക്കാരുടെയും കേന്ദ്ര ജീവനക്കാരുടെയും സംഘടന നേതൃത്വത്തിലിരിക്കുമ്പോൾ പല കാര്യങ്ങളും ജീവനക്കാർക്ക് വേണ്ടി ഉമ്മൻ ചാണ്ടി വഴി നേടിയെടുത്തിട്ടുണ്ട്. ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് ശമ്പളം വാങ്ങുന്നതിന് അക്കൗണ്ടന്റ് ജനറൽ നൽകുന്ന പേസ്ലിപ്പ് നിർബന്ധമാണ്. ഈ സംവിധാനം നിർത്തലാക്കണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു ലോബി എക്കാലത്തും ഉണ്ടായിരുന്നു. കെ ശങ്കരനാരായണൻ ധനമന്ത്രിയായിരുന്നപ്പോൾ അത് മുൻകൂട്ടിയറിഞ്ഞ് തടയിട്ടിരുന്നു. കെ എം മാണി ധനമന്ത്രിയായിരുന്നപ്പോൾ പേസ്ലിപ്പ് സമ്പ്രദായം നിർത്തലാക്കാനുള്ള ഫയൽ ധനമന്ത്രി ഒപ്പിട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മേശപുറത്ത് എത്തിയെന്നറിഞ്ഞ് ഞങ്ങൾ അദ്ദേഹത്തെ കാണാൻ ചെന്നു. പേഴ്സണൽ സ്റ്റാഫിൽപ്പെട്ട ചിലർക്കും പേസ്ലിപ്പ് നിർത്തലാക്കണമെന്നുണ്ടായിരുന്നു. അവർ അടുത്തുണ്ടായിരുന്നതിനാൽ ഞങ്ങൾ പറയുന്ന വാദങ്ങൾക്കൊന്നും മുഖ്യമന്ത്രി വഴങ്ങിയില്ല. എന്നോട് വെയ്റ്റ് ചെയ്യാൻ പറഞ്ഞു. ഓഫീസിൽ നിന്നും പോകുമ്പോൾ താഴേക്കുള്ള ലിഫ്റ്റിൽ എന്നെയും കയറ്റി. ഞാൻ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. പിറ്റേന്ന് പേസ്ലിപ്പ് നിർത്തലാക്കാനുള്ള ആ ഫയൽ മുഖ്യമന്ത്രി ഒപ്പിടാതെ തിരിച്ചുവിട്ടു. പിറ്റേന്ന് വീണ്ടും ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ എന്നെ മാറ്റിനിർത്തി ” ഫയൽ ഞാൻ മടക്കിയിട്ടുണ്ട്, ധനകാര്യ സെക്രട്ടറിയെ കൂടി ഒന്നു കണ്ടോളൂ’ എന്ന് പറഞ്ഞു. പിന്നീട് പേസ്ലിപ്പ് തുടരേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞ് കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. അങ്ങനെ ഏജീസ് ആഫീസിലെ മൂന്നൂറോളം പേർ സർപ്ലസ് ആകുന്ന പ്രശ്നമായ പേസ്ലിപ്പ് പ്രശ്നം ശാശ്വതമായി പരിഹരിച്ചത് ഉമ്മൻ ചാണ്ടിയാണ്. ഇത്തരം നിരവധിയായ കാര്യങ്ങൾ നിരത്താൻ ഉണ്ട്. ആറാം ശമ്പള കമ്മിഷൻ റിപ്പോർട്ടിന്മേലുള്ള സംഘടനയുടെ നിവേദനം ഉമ്മൻചാണ്ടി പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുകയും ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടപ്പോൾ ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു.

ആൾക്കൂട്ടം പ്രാണവായു

ഉമ്മൻ ചാണ്ടിക്ക് ഊണും ഉറക്കവും ഇല്ലാതെ പൊതുജനങ്ങൾക്കിടയിലായിരിക്കുന്നത് ഒരു ഹരമാണ്. പലപ്പോഴും യാത്ര ചെയ്യുമ്പോഴാണ് കുറച്ചങ്കിലും കഴിക്കുന്നത്. സ്വന്തം ശരീരത്തെ സ്വയം പീഡിപ്പിച്ച് ജനസേവനം നടത്തുന്ന നേതാക്കൾ വേറെയാരുമുണ്ടാകില്ല. ഒരിക്കൽ തൃശൂർ ലുലുവിൽ ഒരു വിവാഹചടങ്ങിനെത്തിയ ഉമ്മൻ ചാണ്ടിയോട് വ്യക്തിപരമായ ഒരു കാര്യം പറയാൻ ശ്രമിച്ചപ്പോൾ ‘വണ്ടിയിലാരുമില്ല കേറ്’ എന്ന് പറഞ്ഞ് എറണാകുളം വരെ പോകേണ്ടിവന്നു. ഉമ്മൻ ചാണ്ടിയോട് സ്വകാര്യമായി എന്തെങ്കിലും പറയാൻ വളരെ കുറച്ചു പേർക്ക് മാത്രമറിയാവുന്ന രണ്ടു വഴികളിലൊന്നാണ് ഇത്തരം യാത്ര. പലപ്പോഴും വണ്ടി നിറയെ ആളായിരിക്കും. അത് ജില്ലക്കകത്തെ യാത്രകളിൽ. മറ്റൊരു വഴി രാവിലെ ആറിനും ഏഴിനും ഇടയിൽ പുതുപ്പള്ളി ഹൗസിലെ ലാന്റ് ഫോണിൽ വിളിക്കൽ. നേരിട്ട് ഉമ്മൻചാണ്ടി തന്നെ ഫോണടുക്കും. വണ്ടിയിൽ കയറി കുറച്ചുകഴിഞ്ഞപ്പോൾ ഗൺമാൻ പപ്പായ കഷണങ്ങൾ, ഓറഞ്ച് എന്നിവയടങ്ങിയ പാത്രം ഉമ്മൻചാണ്ടിക്ക് കൊടുത്തു. ആ യാത്രക്കിടയിൽ കിട്ടിയ കുറച്ച് ഫ്രൂട്ട്സ്! പകുതി എന്നെക്കൊണ്ടും കഴിപ്പിച്ചു.

ആൾക്കൂട്ടം ഉമ്മൻചാണ്ടിക്ക് പ്രാണവായുവിന് സമമാണ്. പുതുപ്പള്ളിയിലെ ‘കരോട്ട് വള്ളക്കാലിൽ’ വിടും ജഗതിയിലെ പുതുപ്പള്ളി ഹൗസും എന്നും ജനസമുദ്രമായിരിക്കും. ഈ ജനക്കൂട്ടമാണ് ഉമ്മൻ ചാണ്ടിയുടെ ഊർജ്ജ സ്രോതസ്. ഹർത്താൽ, ബന്ദ് ദിവസങ്ങളിലും സുഖമില്ലാതെയാകുമ്പോഴും വീട്ടിലിരിക്കുമ്പോൾ ഉമ്മൻചാണ്ടിക്ക് ബോറടിക്കാതിരിക്കാൻ മക്കൾ തന്നെ നിവേദനങ്ങൾ പലതരത്തിൽ തയ്യാറാക്കി ഉമ്മൻ ചാണ്ടിയുടെ മുന്നിൽ ചെല്ലുമത്രേ!

ഒരു വലിയ ഗ്രന്ഥരചനക്കുള്ള വിഷയങ്ങൾ ഉമ്മൻ ചാണ്ടിയെക്കുറിച്ചോർക്കുമ്പോൾ കടന്നുവരുന്നുണ്ട്. ഏത് സമയത്തും വിളിച്ചാൽ വിളിപ്പുറത്തുള്ള നേതാവ്, ജനസഞ്ചയവുമായി ആത്മാർത്ഥതയോടെ ജീവബന്ധം നിലനിർത്തുന്ന നേതാവ്, കൃത്യമായ രാഷ്ട്രീയ പോരാട്ടം നടത്തുമ്പോഴും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന നേതാവ് എന്നിങ്ങനെ എണ്ണാൻ കഴിയാത്ത ഒട്ടനവധി സവിശേഷതകൾ ഉമ്മൻ ചാണ്ടിക്ക് മാത്രം സ്വന്തം.

ഉമ്മൻ ചാണ്ടിയാണോ, കരുണാകരനാണോ കൂടുതൽ ജനകീയൻ

ഉമ്മൻ ചാണ്ടിയാണോ, കരുണാകരനാണോ കൂടുതൽ ജനകീയൻ എന്ന തർക്കം ചില കോൺഗ്രസ് കേന്ദ്രങ്ങളിൽ ഉയർന്ന് കേൾക്കാറുണ്ട് കരുണാകരനില്ലാത്ത ഒരുപാട് സവിശേഷ ഗുണങ്ങളും കരുണാകരനുള്ള എല്ലാ സവിശേഷ ഗുണങ്ങളും ഉമ്മൻ ചാണ്ടിക്കുണ്ട് എന്നതാണ് അതിനുള്ള ഉത്തരം. കോൺഗ്രസിൽ കരുണാകരനുമായി നേരിട്ട് പോരടിച്ച പാരമ്പര്യം ഉമ്മൻചാണ്ടിയേക്കാൾ ആർക്കും അവകാശപ്പെടാനില്ല. അതുകൊണ്ടാണ് സെമി കാഡറായി ഒരു ഗ്രൂപ്പ് വളർത്തി നിലപാട് തറയുയർത്തിയത്. ഗ്രൂപ്പ് ആന്റണിയുടെ പേരിലാണെങ്കിലും യഥാർത്ഥത്തിൽ കോൺഗ്രസ് (ഒ.സി) ഗ്രൂപ്പാണത്. ‘കോൺഗ്രസുകാർക്ക് ഒരു കുറവുണ്ട്, അത് വാശിയാണ്. വാശിയില്ലാതെ ഒരു വിജയവും നമുക്ക് നേടാനാകില്ല. എതിരാളി ശക്തനല്ലെങ്കിൽ വാശി കുറയും. അതിനാൽ വാശി നാം സ്വയം ഉണ്ടാക്കണം എന്നാലേ വിജയിക്കൂ’ ഗ്രൂപ്പ് പ്രവർത്തനത്തിനുള്ള അദ്ദേഹത്തിന്റെ ന്യായീകരണം ഇങ്ങനെ.

ക്രൗഡ് പുള്ളറും ക്രൈസിസ് മാനേജറും

ഉമ്മൻ ചാണ്ടിക്ക് അല്പം ക്ഷീണം സംഭവിച്ചപ്പോൾ, ആ തണലിൽ വളർന്ന പല യുവ നേതാക്കളും പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടി പോയത് അന്ത്യകാലത്ത് അദ്ദേഹത്തിന്റെ മനസിനെ വല്ലാതെ അലട്ടിയിരുന്നു എന്നത് വസ്തുതയാണ്. 1970 ൽ ഉമ്മൻ ചാണ്ടി മത്സരിക്കാനെത്തുമ്പോൾ പുതുപ്പള്ളി സിപിഐ (എം) ശക്തി കേന്ദ്രമായിരുന്നു. ഇ എം ജോർജ്ജ് ആയിരുന്നു എംഎൽഎ അതിനാൽ തന്നെ കോൺഗ്രസ് മുന്നണിയിൽ ആർഎസ്‌പിക്കായിരുന്നു സീറ്റ് ആദ്യം നൽകിയത്. പിന്നീടെങ്ങിനെയൊ കറങ്ങിതിരിഞ്ഞ് ഉമ്മൻ ചാണ്ടിയിലെത്തി. 1969 ലെ കോൺഗ്രസ് പിളർപ്പിനു ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പ്. കോൺഗ്രസിൽ സംഘടനാ പക്ഷത്തിന് ഇന്ദിരാ പക്ഷത്തേക്കാൾ ശക്തി കോട്ടയം ജില്ലയിലുണ്ടായിരുന്നു. അതിനാൽ സംഘടനാ കോൺഗ്രസ് സ്ഥാനാർത്ഥിയായി മുൻ എംഎൽഎ പി സി ചെറിയാനെ നിശ്ചയിച്ചു. എന്നാൽ ചെറിയാൻ മുങ്ങി. ഇതിന് പിന്നിൽ ഇന്ദിര ഗാന്ധിയുടെ സ്വാധീനത്തിൽ സഹോദരൻ പി സി അലക്സാണ്ടറായിരുന്നുവെന്നത് പിന്നാമ്പുറ കഥ.

എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചുകൊണ്ടായിരുന്നു സിറ്റിങ് എംഎൽഎ ഇ എം ജോർജിന്റെ തോൽവി. ഉമ്മൻ ചാണ്ടി ജയിച്ചത് 7288 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. പിന്നീടങ്ങോട്ട് 1970 ലേതടക്കം പന്ത്രണ്ട് തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയ ഉമ്മൻ ചാണ്ടിയുടെ റെക്കാഡ് ഇനി ആർക്കും ഭേദിക്കാനാവുമെന്ന് തോന്നുന്നില്ല.

ജനങ്ങളുടെ ഉമ്മകളുടെ നടുവിലാണ് ഉമ്മൻചാണ്ടി. ഞായറാഴ്ച എന്നൊന്നുണ്ടെങ്കിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലുണ്ടാകും. പതുപ്പള്ളി പള്ളിയുടെ ചവിട്ടുപടിയിലിരുന്ന് ഞായറാഴ്ച തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്ന, മുഖ്യമന്ത്രിയും മന്ത്രിയും പ്രതിപക്ഷ നേതാവും എംഎൽഎ യുമൊക്കെയായ ഉമ്മൻ ചാണ്ടിയെയാണ് പുതുപ്പള്ളിക്കാർ കാണുന്നത്. ഇങ്ങനെയൊക്കെയാകാൻ ഉമ്മൻ ചാണ്ടിക്ക് മാത്രമേ കഴിയൂ. ഇതെങ്ങനെ ഉമ്മൻ ചാണ്ടിക്ക് സാധിക്കുന്നു എന്നത് എല്ലാ തലമുറയിലെ പൊതുപ്രവർത്തകരും പഠനവിഷയമാക്കേണ്ടതാണ്. ഏത് നല്ല കാര്യത്തിനും ഒരു അവസാനമുണ്ട് എന്ന് പറയുന്നത് ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നു.

കോൺഗ്രസിലെ ഏറ്റവും ക്രൗഡ് പുള്ളറും ക്രൈസിസ് മാനേജറുമായിരുന്ന ഉമ്മൻചാണ്ടിക്ക് പകരം ഒരു നേതാവും കേരളത്തിലെ കോൺഗ്രസിലില്ല. സദാ ചലനാത്മകതയുടെ പ്രതീകമായ ഉമ്മൻ ചാണ്ടിയുടെ ചേതനയറ്റ ഭൗതികശരീരം കാണുന്നത് എന്നെപ്പോലുള്ളവർക്ക് സഹിക്കാവുന്നതിലപ്പുറമാണ്. ആൾക്കൂട്ടങ്ങളിൽ നിന്നും അകന്ന് ആ ഇതിഹാസം അരങ്ങൊഴിഞ്ഞു. ചിരസ്മരണകൾക്ക് മുന്നിൽ പ്രണാമം.

Eng­lish Sam­mury: Remem­ber­ing Oom­men Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.