23 December 2024, Monday
KSFE Galaxy Chits Banner 2

കൊടിതോരണങ്ങള്‍ നീക്കം ചെയ്യല്‍; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതായി മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 6, 2022 4:28 pm

പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ അടിയന്തിരമായി പ്രാബല്യത്തിൽ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഹൈക്കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് പൊതുമാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.   സംസ്ഥാനത്ത് സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ സ്ഥാപിക്കാൻ അനുമതി നൽകാം.

സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോട് അനുബന്ധിച്ച് പാതയോരങ്ങളിൽ മാർഗതടസം ഉണ്ടാക്കാതെ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാൻ അനുമതി നൽകാം. പൊതു ഇടങ്ങളിൽ ഗതാഗതത്തിനും കാൽനടയ്ക്കും തടസമുണ്ടാക്കുന്ന രീതിയിൽ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കാൻ അനുവദിക്കില്ല. ഗതാഗതത്തിനും കാൽനടയ്ക്കും തടസമുണ്ടാക്കുന്ന രീതിയിൽ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ, തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാർ അടിയന്തിരമായി അവ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങണം കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയസാമുദായിക സ്പർദ്ധയ്ക്ക് വഴിവെക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച് തർക്കങ്ങളുണ്ടായാൽ, പ്രശ്‌നം പരിഹരിക്കാൻ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാർ തേടണമെന്നും ജില്ലാ കളക്ടർമാരും പൊലീസ് മേധാവിമാരും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Eng­lish Sum­ma­ry: Removal of flag­poles; The Min­is­ter said that the guide­lines have been issued

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.