23 December 2024, Monday
KSFE Galaxy Chits Banner 2

ശിശുക്ഷേമം താളംതെറ്റുന്നു

Janayugom Webdesk
ന്യൂഡൽഹി
January 28, 2022 10:03 pm

കുട്ടികൾക്കായുള്ള കേന്ദ്ര ബജറ്റ് വിഹിതം നീതിയുക്തമല്ലെന്ന് റിപ്പോർട്ട്. കൗമാര പ്രായത്തിലുള്ളവരടക്കം രാജ്യത്ത് ആകെ ജനസംഖ്യയുടെ 40 ശതമാനം (55 കോടി) കുട്ടികളാണ്. എന്നാൽ ഇതിൽ ഭൂരിഭാഗവും പോഷകാഹാരക്കുറവിന്റെ ആഘാതം നേരിടുന്നതായി കുടുംബാരോഗ്യ സർവേയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. പെൺകുട്ടികൾക്ക് നിലവാരമുളള വിദ്യഭ്യാസം നിഷേധിക്കപ്പെടുന്നുവെന്നും സ്കൂളുകൾ ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ 15 ശതമാനം വർധനവ് ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും ഇവയ്ക്കായി അനുവദിക്കുന്ന ധനസഹായം വളരെ പരിമിതമാണ്.

ആകെ ബജറ്റ് വിഹിതത്തിന്റെ അഞ്ച് ശതമാനമെങ്കിലും കുട്ടികൾക്കായി ചെലവഴിക്കണമെന്ന് 2016ൽ നാഷണൽ പ്ലാൻ ഓഫ് ആക്ഷൻ ഫോർ ചിൽഡ്രൻ (എൻപിഎസി) ശുപാർശ ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചപ്പോഴും ദരിദ്ര കുടുംബങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞപ്പോഴും കുട്ടികള്‍ക്കായി ഇതുവരെ പദ്ധതികളൊന്നും കേന്ദ്രം കൊണ്ടുവന്നില്ല. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമാണ് കുട്ടികള്‍ക്കായുള്ള ബജറ്റ് വിഹിതം ചെലവഴിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് 62 ശതമാനവും വനിതാ ശിശുക്ഷേമ മന്ത്രാലയം 24 ശതമാനവും വിഹിതവുമാണ് ചെലവഴിക്കുന്നത്. ബാക്കി 14 ശതമാനം മറ്റ് വകുപ്പുകള്‍ക്കും അനുവദിക്കുന്നു. 2020–21 വര്‍ഷത്തിലെ ബജറ്റ് വിഹിതം പരിശോധിച്ചാല്‍ 95,000 കോടിയാണ് കുട്ടികള്‍ക്കായി അനുവദിച്ചിരുന്നത്. ഇത് ആകെ ബജറ്റ് വിഹിതത്തിന്റെ 3.16 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 2.46 ശതമാനമായി (85,713 കോടി) വെട്ടിക്കുറച്ചു. കോവിഡ് പ്രതിസന്ധിക്കിടെ ബജറ്റ് വിഹിതം കൂടി വെട്ടിക്കുറച്ചത് കുട്ടികളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും ഗുരുതരമായി ബാധിച്ചുവെന്ന് ന്യൂസ് ക്ലിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പദ്ധതികള്‍ ഒന്നാക്കി; ഫണ്ട് വെട്ടിക്കുറച്ചു

 

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ‘സക്ഷം അങ്കണവാടി അല്ലെങ്കില്‍ മിഷന്‍ പോഷണ്‍ 2.0’ കീഴില്‍ നാല് പോഷകാഹാര പദ്ധതികളെ കേന്ദ്ര സര്‍ക്കാര്‍ സംയോജിപ്പിച്ചിരുന്നു. എന്നാല്‍ 2020–21 വര്‍ഷത്തില്‍ 24,557 കോടിയാണ് ഈ പദ്ധതികള്‍ക്കായി അനുവദിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷമത് 20,105 കോടിയായി വെട്ടിക്കുറച്ചു. വ്യത്യസ്ത പദ്ധതികളായിരുന്നപ്പോള്‍ ബജറ്റില്‍ വകയിരുത്തിയിരുന്ന തുകയില്‍ 18 ശതമാനം കുറവാണ് 2021–22 വര്‍ഷത്തിലുണ്ടായത്. സമഗ്ര ശിക്ഷാ അഭിയാനുള്ള വിഹിതം 38,751 കോടിയില്‍ നിന്നും 27,957 കോടിയായി പുതുക്കി നിശ്ചയിച്ചു. ഇത് കഴിഞ്ഞ വര്‍ഷം അനുവദിച്ച 31,050 കോടിയേക്കാള്‍ കുറവായിരുന്നു. കുട്ടികളുടെ ക്ഷേമത്തിനായുള്ള വിഹിതം വർധിപ്പിക്കാന്‍ തയാറാകാത്ത കേന്ദ്ര നടപടി ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry : report that the cen­tral bud­get allo­ca­tion for chil­dren is not fair

you may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.