17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 29, 2024
August 20, 2024
August 17, 2024
July 25, 2024
July 20, 2024
March 31, 2024
May 26, 2023
May 23, 2023
May 23, 2023
May 23, 2023

കേന്ദ്രസര്‍വീസില്‍ സംവരണ അട്ടിമറി

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
August 17, 2024 10:32 pm

സിവില്‍ സര്‍വീസിലെ സംവരണം അട്ടിമറിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്വകാര്യ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ തുടങ്ങിയ പ്രധാന തസ്തികകളിലേക്ക് 45 പേരെ സ്വകാര്യ മേഖലയില്‍ നിന്നും കരാര്‍ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.
മോഡി സര്‍ക്കാര്‍ 2018 മുതല്‍ ഇത്തരം ലാറ്ററല്‍ എന്‍ട്രി നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ റിക്രൂട്ട്മെന്റ് ആദ്യമാണ്. യുപിഎസ്‌സി ഇന്നലെ ഇതുസംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചു. 10 ജോയിന്റ് സെക്രട്ടറി, 35 ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി തസ്തികകളിലേക്കാണ് നിയമനം. 

സാധാരണയായി, ഇത്തരം തസ്തികകൾ കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്ഒഎസ്) ഉദ്യോഗസ്ഥരാണ്. നിലവിലെ മാനദണ്ഡങ്ങൾ അട്ടിമറിച്ചുകൊണ്ടാണ് സർക്കാരിന്റെ ഇഷ്ടക്കാരെ സുപ്രധാനവും തന്ത്രപ്രധാനവുമായ തസ്തികകളിൽ നിയമിക്കുന്നതിനുള്ള കുറുക്കുവഴിയായി ലാറ്ററല്‍ എന്‍ട്രി നടപ്പാക്കിയത്. ഇതിലൂടെ സംവരണവും യോഗ്യതാ മാനദണ്ഡങ്ങളും അട്ടിമറിക്കപ്പെടുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ലാറ്ററല്‍ എന്‍ട്രിയിലൂടെ നിയമിച്ച പലരുടെയും യോഗ്യതകൾ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

യുപിഎസ്‌സിയുടെ പരസ്യം അനുസരിച്ച് ജോയിന്റ് സെക്രട്ടറിമാരുടെ 10 തസ്തികകൾ ആഭ്യന്തര, ധനകാര്യ, ഉരുക്ക് മന്ത്രാലയങ്ങളിലാണ്. കൃഷി, കർഷക ക്ഷേമം, സിവിൽ ഏവിയേഷൻ, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയങ്ങളില്‍ ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള 25 തസ്തികകളിലേക്കും സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. പ്രകടനം അനുസരിച്ച് അഞ്ചുവര്‍ഷത്തേക്ക് നീട്ടാന്‍ കഴിയും.
സ്വകാര്യമേഖലയിലെ കമ്പനികൾ, കൺസൾട്ടൻസി സ്ഥാപനങ്ങള്‍, അന്തർദേശീയ/ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവയിൽ സമാനതലത്തിൽ 15 വർഷം ജോലി പരിചയമുള്ള വ്യക്തികൾക്ക് ജോയിന്റ് സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കാം. ഡയറക്ടർ തലത്തിൽ 10 വർഷവും ഡെപ്യൂട്ടി സെക്രട്ടറി തലത്തിൽ ഏഴ് വർഷവും ജോലി പരിചയം ആവശ്യമാണെന്ന് പരസ്യത്തില്‍ പറയുന്നു. 

2018 മുതല്‍ 63 നിയമനങ്ങൾ ലാറ്ററൽ എൻട്രി വഴി നടത്തിയതിൽ 35 നിയമനങ്ങൾ സ്വകാര്യ മേഖലയിൽ നിന്നായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 57 കരാര്‍ ഉദ്യോഗസ്ഥർ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാനം വഹിക്കുന്നുണ്ട്. ലാറ്ററൽ എൻട്രിവഴിയുള്ള നിയമനത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കോ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കോ (എസ്‌സി, എസ്‌ടി, ഒബിസി) സംവരണം ഉണ്ടായിരിക്കുന്നതല്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചോദ്യത്തിന് മറുപടിയായി അറിയിച്ചിരുന്നു.
പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത പതിനായിരക്കണക്കിന് തസ്തികകള്‍ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലായി ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ട്. കേന്ദ്ര മന്ത്രാലയങ്ങളിലെ ഉന്നത പദവികളിലേക്ക് നേരിട്ട് നിയമിക്കുന്നതിലൂടെ എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുകയോ ഉയര്‍ന്ന പദവികള്‍ വഹിക്കുകയോ ചെയ്യുന്നതിനുള്ള സാധ്യത ഇല്ലാതാകുന്നു.
കൂടാതെ യുപിഎസ്‌സി എല്ലാ വര്‍ഷവും ജനറല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന മൊത്തം സീറ്റുകളുടെ എണ്ണം കുറയുമെന്നും എസ്‌സി, എസ്‌ടി, ഒബിസി സംവരണ സീറ്റുകളുടെ അനുപാതത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.