22 December 2024, Sunday
KSFE Galaxy Chits Banner 2

കരുതൽ എണ്ണവില്പന സ്വകാര്യമേഖലയ്ക്കുവേണ്ടി

പ്രത്യേക ലേഖകൻ
ന്യൂഡൽഹി
November 24, 2021 10:38 pm

രാജ്യത്തെ അസംസ്കൃത എണ്ണയുടെ കരുതൽശേഖരം തുറക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് ഗൂഢലക്ഷ്യം. കരുതല്‍ശേഖരം കുറച്ച് സ്വകാര്യമേഖലയ്ക്ക് സംഭരണസൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. കരുതലായി ആകെയുള്ള 3.8 കോടി ബാരലിൽ നിന്നാണ് 50 ലക്ഷം ബാരൽ കൈമാറുക. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിനെതിരെയുള്ള പ്രതീകാത്മകമായ നടപടി കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കില്ല. സംഭരണികള്‍ കാലിയാക്കി സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കുക എന്നതാണ് കേന്ദ്രനീക്കത്തിനു പിന്നില്‍.
ക്രൂഡ്ഓയിലിന് വില വര്‍ധിപ്പിച്ച എണ്ണയുല്പാദക രാജ്യങ്ങള്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ പ്രധാന ഇറക്കുമതിക്കാരുടെ കൂട്ടായ നീക്കത്തിന്റെ ഭാഗമാണ് കരുതല്‍ശേഖരം തുറക്കല്‍ എന്നാണ് കേന്ദ്രം പറയുന്നത്. അമേരിക്ക അഞ്ചു കോടി ബാരലും ഇന്ത്യ 50 ലക്ഷം ബാരലുമാണ് റിഫൈനിങ് കമ്പനികൾക്കു വിട്ടുകൊടുക്കുന്നത്. ബ്രിട്ടനും കരുതൽ എണ്ണ ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ്.

തൊണ്ണൂറു ദിവസത്തെ ഇറക്കുമതിക്കു തുല്യമായ അളവിലുള്ള അസംസ്കൃത എണ്ണ രാജ്യത്തെ കരുതൽ ശേഖരത്തിലുണ്ടാവണമെന്നാണ് രാജ്യാന്തര ആണവോർജ ഏജൻസിയുടെ കണക്ക്. കർണാടകയിലെ മംഗളുരു, പദൂർ, ആന്ധ്രയിലെ വിശാഖപട്ടണം ഭൂഗർഭ ശേഖരണികളിലാണ് ഇന്ത്യ എണ്ണ സംഭരിച്ചിരിക്കുന്നത്. ഇറക്കുമതി നിലച്ചാല്‍ രാജ്യത്തിന് 9.5 ദിവസം ഉപയോഗിക്കാനുള്ള എണ്ണയാണ് ശേഖരത്തിലുള്ളത്. മംഗളുരുവിൽ ഐഎസ്‌പിആർഎല്ലിന് 7.5 ലക്ഷം ടണ്ണിന്റെ രണ്ട്‌ സംഭരണികളാണുള്ളത്. ഇതിൽ ഒരെണ്ണം 2019 ൽ അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക്‌ കൈമാറി ലാഭമുണ്ടാക്കി. നിലവില്‍ സംഭരണികളിലെ 30 ശതമാനം സ്ഥലം പാട്ടത്തിന്‌ നൽകിയും ലാഭം ഉണ്ടാക്കുന്നുണ്ട്. ഈ ലാഭം വര്‍ധിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം.

നികുതി കുറച്ച് ഇന്ധനവില കുറയ്ക്കാൻ തയാറാകാത്ത ഭരണകൂടം ജനങ്ങൾക്ക് ഗുണംലഭിക്കാത്ത രീതിയിൽ കരുതൽ ശേഖരം വിറ്റ് ലാഭമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അന്താരാഷ്ട്രവിപണിയിൽ ബാരലിന് 20 ഡോളറിലേക്കു കുറഞ്ഞപ്പോൾ ഉയർത്തിയ നികുതി നീക്കിയാല്‍ വില കുറയ്ക്കാനും നാണ്യപ്പെരുപ്പ ഭീഷണി നേരിടാനും കഴിയും. ഏതാനുംദിവസം മുമ്പ് നാമമാത്രമായി നികുതി കുറച്ചെങ്കിലും നേരത്തെ കൂട്ടിയ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ തുലോം കുറവാണ്. കോവിഡ് മഹാമാരിക്കിടെ ഇന്ധനവില കുത്തനെ ഇടിഞ്ഞപ്പോൾ പോലും നികുതി കൂട്ടുകയാണു കേന്ദ്രം ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിൽ–മെയ് കാലത്ത് കോവിഡിനെ തുടർന്ന് രാജ്യാന്തരവിപണിയിൽ എണ്ണവില ബാരലിന് 20 ഡോളറിൽ താഴെയായി. അക്കാലത്ത് ഇറക്കുമതി ഇനത്തിൽ 5,000 കോടി രൂപയുടെ നേട്ടമാണ് കേന്ദ്രം കൊയ്തത്.

വില്പന ഓഗസ്റ്റില്‍ തുടങ്ങി:

കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പുറത്തുവന്നതെങ്കിലും ഇന്ത്യ കരുതല്‍ ശേഖരത്തില്‍ നിന്നുള്ള എണ്ണവില്പന ഓഗസ്റ്റില്‍ തന്നെ ആരംഭിച്ചു. എണ്ണ വില്പന ഓഗസ്റ്റില്‍ തുടങ്ങിയെന്ന് ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡ്(ഐഎസ്‍പിആർഎൽ) സിഇഒ എസ്‍പിഎച്ച് അഹുജ വെളിപ്പെടുത്തി. ഒക്ടോബറിൽ മൂന്ന് ലക്ഷം ടൺ എണ്ണ മംഗളുരു റിഫൈനറിക്കും 1.5 ലക്ഷം ടൺ എണ്ണ ഹിന്ദുസ്ഥാൻ പെട്രോളിയത്തിനും വിറ്റു. അടുത്ത മാസം 4.5 ലക്ഷം ടൺ കൂടി മംഗളരു റിഫൈനറിക്ക് നൽകുമെന്നാണ് ഇപ്പോള്‍ അറിയിക്കുന്നത്. 2022 ജനുവരി വരെ ഈ നടപടി തുടരുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

എണ്ണവിലക്കയറ്റം മൂലമുള്ള നാണ്യപ്പെരുപ്പ ഭീഷണി നേരിടാനാണ് വില്പനയെന്നായിരുന്നു വിശദീകരണമെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറച്ചതുവഴിയുണ്ടായ നഷ്ടം നികത്തലായിരുന്നു ലക്ഷ്യം. അസംസ്കൃത എണ്ണവില ഉയർന്നു നിൽക്കുന്നത് ആവശ്യത്തിന്റെ 80 ശതമാനത്തിലേറെ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന് ഗുണകരമല്ല. ഇത് ഇറക്കുമതിച്ചെലവും വ്യാവസായിക പ്രവർത്തനങ്ങളുടെ ചെലവും കൂട്ടും. ചരക്കുനീക്കത്തിന്റെ ചെലവ് കൂടുന്നത് വിലക്കയറ്റത്തിലേക്കു നയിക്കും.

വിലക്കയറ്റം രാജ്യത്തിന്റെ നാണ്യപ്പെരുപ്പത്തോത് ഉയർത്തുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുകയും ചെയ്യും. അതുകൊണ്ട് ഇന്ധനവില കുറഞ്ഞിരിക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് അനിവാര്യമാണ്. എന്നാൽ ഇന്ധന നികുതി ഇത്രയധികം ഉയർന്നു നിൽക്കുന്ന രാജ്യം കരുതൽ ശേഖരം തുറക്കുന്നതിനു മുമ്പ് നികുതി കുറയ്ക്കുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
eng­lish summary;Reserve oil sales for the pri­vate sector
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.