പുറംതൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ച് മന്ത്രാലയം. സമയ നിയന്ത്രണം ജൂണ്‍ ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. ചൂടിന്റെ കാഠിന്യം കുറയുന്നതിനനുസരിച്ച് സെപ്റ്റംബര്‍ 15 വരെ തുടരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി. രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്ന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. അന്തരീക്ഷ താപനില ഉയര്‍ന്നു തുടങ്ങിയ സാഹചര്യത്തില്‍ ആരോഗ്യ രക്ഷാ മാര്‍ഗങ്ങളെയും, തൊഴില്‍ സുരക്ഷ നിര്‍ദേശങ്ങളും വിശദമാക്കിക്കൊണ്ട് മന്ത്രാലയം പ്രചാരണം തുടങ്ങുമെന്നും അറിയിച്ചു.
മേയ് പകുതിയോടെ തന്നെ മന്ത്രാലയത്തിന്റെ പരിശോധന ടീം ഇതു സംബന്ധിച്ച് ബോധവത്കരണം സജീവമാക്കിയിരുന്നു. നിര്‍മാണ കമ്പനികള്‍, ഭരണവിഭാഗം ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കിടയിലും ബോധവത്കരണം സജീവമായി സംഘടിപ്പിച്ചു. കമ്പനികളും സ്ഥാപനങ്ങളും നിയമങ്ങള്‍ പാലിക്കണമെന്നും, മുന്‍ കാലങ്ങളിലേത് പോലെ തൊഴിലാളികളുടെ ജോലി സമയം വര്‍ക്ക് സൈറ്റുകളില്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചു. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ തൊഴിലിടങ്ങളില്‍ പരിശോധന നടത്തും.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായി ജോലി സാഹചര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്ന് മന്ത്രാലയം ലേബര്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം മേധാവി ഹുസൈന്‍ അല്‍ ഹബീദ് പറഞ്ഞു.
English summary; Restrictions on outdoor working hours from June 1st
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.