ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ളോഗറും ആൽബം താരവുമായ പാവണ്ടൂർ മന്ദലത്തിൽ അമ്പലപ്പറമ്പിൽ റിഫ മെഹ്നു(21)വിന്റെ മരണം ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിനെ സമീപിച്ചു.
തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബൈയിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി നാട്ടിലുള്ള മകനുമായി റിഫ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് റിഫ മരിച്ചുവെന്ന വാർത്ത അറിയുന്നത്. ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങൾ റിഫക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ റിഫക്കും ഭർത്താവിനും രണ്ട് വയസുള്ള മകനുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് റിഫ മകനെ മാതാപിതാക്കളുടെ അടുത്താക്കി ദുബൈയിലേക്ക് തിരിച്ചത്. തുങ്ങിമരിച്ച നിലയിലാണ് ദുബൈയിലെ ഫ്ളാറ്റിൽ റിഫയെ കണ്ടത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി വന്ന ഭർത്താവാണ് മൃതദേഹം കണ്ടത്.
വീട്ടിലേക്ക് വീഡിയോകോൾ വിളിച്ച് മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്യാൻ എന്തുകാരണമാണ് ഉണ്ടായതെന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. ഭർത്താവ് മെഹ്നാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബം സംശയിക്കുന്നത്. മരിച്ച ദിവസം പുറത്തു ഭക്ഷണം കഴിക്കാൻ പോയ സമയത്ത് മെഹ്നാസിനെ റിഫ വിളിച്ചിരുന്നു. ഭക്ഷണം കഴിക്കാൻ പോയപ്പോൾ നേരം വൈകുന്നതിനെ ചൊല്ലിയും വാക്കുതർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
വ്ളോഗർ ജോലിയും അതുവഴിയുള്ള പ്രശസ്തിയും ഭർത്താവിനെ ചൊടിപ്പിച്ചിരുന്നതായും ഇത് മാനസിക വിഷമത്തിനിടയാക്കിയതായും ആരോപണമുണ്ട്. ഇക്കാര്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ബാലുശേരി പൊലീസിൽ പരാതി നൽകി. ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ച് കബറടക്കി. ആത്മഹത്യയാണെന്ന വിവരമാണ് ദുബായിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ലഭിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.
തിങ്കളാഴ്ച രാത്രി കൂട്ടുകാരോടൊപ്പം പുറത്തു ഭക്ഷണം കഴിക്കാൻ പോയ ഭർത്താവ് മെഹ്നാസ് തിരികെ ഫ്ളാറ്റിലെത്തിയപ്പോൾ ജോലി കഴിഞ്ഞെത്തിയ റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ബന്ധുക്കളെ അറിയിച്ചത്. ഭർത്താവ് പൊട്ടിക്കരഞ്ഞുകൊണ്ട് റിഫയുടെ മരണവിവരം വീഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ പിന്നീട് നീക്കം ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളും പൊലീസ് അന്വേഷിക്കും.
english summary; Rifa Mehnu’s death is a mystery
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.