2018 ലെ പുതുവത്സര ദിനത്തിൽ പത്തനംതിട്ട നഗരത്തെ നടുക്കിയ റിപ്പർ മോഡൽ കൊലപാതക കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി കോളനിയിൽ താമസിക്കുന്ന തുളസീധരനാണ് കൊലപാതകം നടത്തിയത്. സമാനരീതിയിൽ കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ കൊലക്കേസിൽ നിലവിൽ റിമാൻഡിൽ കഴിയുകയാണ് ഇയാള്‍. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തും. പത്തനംതിട്ട കൊലപാതക കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ലോക്കൽ ഡിവൈഎസ്പിയായിരുന്ന കെ എ വിദ്യാധരൻ നടത്തിയ തുടര്‍ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. നിലവിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയാണ് വിദ്യാധരൻ.
ഒക്ടോബർ ഒന്നിന് കരുനാഗപ്പളളിയിൽ ആക്രി കച്ചവടക്കാരനെ തലയ്ക്ക് അടിച്ചു കൊന്ന കേസിലാണ് വിജയന്‍ റിമാന്‍ഡില്‍ കഴിയുന്നത്. ഇതുസംബന്ധിച്ച പത്രവാർത്ത ശ്രദ്ധയിൽപ്പെട്ട ഡിവൈ. എസ്പി വിദ്യാധരന് തോന്നിയ സംശയമാണ് വിജയനിലേക്ക് അന്വേഷണം നീണ്ടത്. വിദ്യാധരന്‍ സിപിഓ സുജിത്തിനെയും കൂട്ടി കരുനാഗപ്പള്ളിയിലേക്ക് പോയി. മുമ്പ് കരുനാഗപ്പള്ളി എസ്എച്ച്ഓ ആയി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് വിദ്യാധരൻ. അവിടെ ചെന്ന് വിശദമായ അന്വേഷണം നടത്തിയപ്പോൾ പത്തനംതിട്ടയിലും പ്രതി ഉപയോഗിച്ച അതേ രീതി തന്നെയാണ് കരുനാഗപ്പളളിയിലെ കൊലപാതകത്തിനുമുള്ളതെന്ന് തെളിഞ്ഞു. പത്തനംതിട്ടയിലെ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ നിലവിലെ ചിത്രങ്ങളുമായി ഒത്തു നോക്കിയപ്പോള്‍ സാമ്യങ്ങള്‍ ഏറെ. വിവരം ഉറപ്പിച്ച ശേഷം വിദ്യാധരൻ പത്തനംതിട്ട എസ്പിക്ക് റിപ്പോർട്ട് നൽകി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം നടത്താൻ പത്തനംതിട്ട ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. പത്തനംതിട്ട കൊലക്കേസിൽ പ്രതിയെ പോലീസ് അന്നു തന്നെ തിരിച്ചറിഞ്ഞിരുന്നു.
പക്ഷേ അലഞ്ഞു നടക്കുന്ന സ്വഭാവക്കാരനായതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. വിജയൻ എന്ന പേര് പ്രതിയുടെ കള്ളപ്പേരാണെന്നും അന്നേ മനസ്സിലാക്കിയിരുന്നു. പത്തനംതിട്ട എസ്പിയായിരുന്ന സതീഷ് ബിനോയും ഡിവൈഎസ്പി വിദ്യാധരനും എസ്പിയുടെ ഷാഡോ പോലീസും അന്ന് പ്രതിയുടെ വിവരങ്ങൾ എല്ലാം ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട സ്ഥിരം സാമൂഹിക വിരുദ്ധരെ ചോദ്യം ചെയ്തിരുന്നു. അതിനിടയിൽ പരിചിതമില്ലാത്ത ഒരു മുഖം ശ്രദ്ധയിൽപ്പെട്ടു. കൊല നടക്കുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിൽ നഗരത്തിൽ ഇയാളെ പലയിടത്തും കണ്ടു. വലിയൊരു കരിങ്കല്ലും കൈയിലേന്തി നിൽക്കുന്ന ഇയാളുടെ ദൃശ്യം കൊലപാതകി എന്നുറപ്പിക്കാൻ പര്യാപ്തമായിരുന്നു. ഒടുവിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നാണ് ഇയാളെ കുറിച്ച് ചെറിയ സൂചന കിട്ടിയത്. സമീപ നാളുകളായി ഇവിടെ ചുറ്റിക്കറങ്ങുന്ന ഇയാളുടെ വീട് കുളത്തൂപ്പുഴ ആണെന്ന് സെക്യൂരിറ്റി അറിയിച്ചു. ഈ വിവരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി കോളനി വരെ പോലീസ് സംഘമെത്തി. പക്ഷേ, പ്രതി വഴുതിപ്പോയി. 2018 ജനുവരി ഒന്നിന് പത്തനംതിട്ടയിൽ നടന്ന കുറ്റകൃത്യത്തില്‍ പുതുക്കുളം മുക്കുഴി അഞ്ചു സെന്റ് കോളനിയിൽ ആയിക്കുന്നത്തു വടക്കേതിൽ പൊടിയനാണ് കൊല്ലപ്പെട്ടത്. മിനി സിവിൽ സ്റ്റേഷനു പിന്നിൽ എവിഎസ് എന്റര്‍പ്രൈസസ് സ്ഥാപനത്തിന്റെ വരാന്തയിലാണ് തലയ്ക്കടിയേറ്റു മരിച്ച നിലയിൽ മൃതദേഹം കണ്ടത്. തലയ്ക്ക് കല്ലുകൊണ്ടുള്ള ഇടിയേറ്റായിരുന്നു മരണം.
മൃതദേഹത്തിനരികിൽ നിന്ന് വലിയ പാറക്കല്ലും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. പുതുവർഷരാത്രിയിൽ കടത്തിണ്ണയിൽ ഇരുന്നു മദ്യപിച്ച ശേഷം ഒപ്പമുണ്ടായിരുന്നവരുമായി വാക്കുതർക്കം നടന്നിരുന്നതായി പറയുന്നു. തുടർന്നാകണം കൊലപാതകം. പൊടിയൻ പത്തുവർഷം മുമ്പ് മകൻ ഷാജിയുടെ വിവാഹത്തിനു ശേഷം വീട് വിറ്റ് ചെങ്ങന്നൂരിൽ പോവുകയും പിന്നീട് കോഴഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അടുത്തിടെ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സ കഴിഞ്ഞ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു താമസം. പൊടിയനെ വീട്ടുകാർ തഴഞ്ഞതുകൊണ്ടു തന്നെ മൃതദേഹം ഏറ്റുവാങ്ങാനും ആരുമെത്തിയില്ല. ഇപ്പോൾ ലഭിച്ച തുമ്പ് പോലീസിന്റെ മികവിന് തെളിവായി. 2022 ഒക്ടോബർ ഒന്നിന് കരുനാഗപ്പള്ളിയിലും ഇതേ സംഭവമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ആക്രി പെറുക്കി ജീവിക്കുന്നവർ തമ്മിലുണ്ടായ അടിപിടിയിൽ അമ്പതിനും അമ്പത്തഞ്ചിനും മധ്യേ പ്രായമുള്ള ഒരാൾ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിൽസയിലിരിക്കേ മരിച്ചു. കേസിൽ പ്രതിയായ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി കോളനിയിൽ താമസിക്കുന്ന വിജയനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുന്നു. കരുനാഗപ്പള്ളി പുതിയകാവ് ജങ്ഷിനിലെ കടത്തിണ്ണയിൽ അബോധാവസ്ഥയിലാണ് പരുക്കേറ്റയാളെ കണ്ടത്. പോലീസ്നടത്തിയ അന്വേഷണത്തിൽ വിജയന്റെ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടു പോയി എന്നാരോപിച്ച് രണ്ടു പേര്‍ തമ്മിൽ അടിയുണ്ടായിരുന്നുവെന്ന് മനസിലായി. അങ്ങനെയാണ് വിജയൻ പിടിയിലാകുന്നത്. തർക്കത്തിനൊടുവിൽ കല്ലു കൊണ്ട് വിജയൻ അപരനെ തലയ്ക്ക് അടിക്കുകയായിരുന്നു.
English Summary:Rippermodel murder case; accused from pathanamthitta has arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.