22 December 2024, Sunday
KSFE Galaxy Chits Banner 2

ഉയരുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മരണമണി

Janayugom Webdesk
December 24, 2021 5:00 am

ഭരണഘടനയെ അട്ടിമറിക്കാന്‍ ഭരണഘടനയെയും പാര്‍ലമെന്റിനെ അട്ടിമറിക്കാന്‍ പാര്‍ലമെന്റിനെതന്നെയും എങ്ങനെ ദുരുപയോഗം ചെയ്യാമെന്നതിന്റെ ആവര്‍ത്തനത്തിനാണ് രാജ്യം ഒരിക്കല്‍കൂടി സാക്ഷ്യം വഹിച്ചത്. പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ ആരംഭിച്ച് പ്രക്ഷുബ്ധതയില്‍ തുടര്‍ന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നിശ്ചിത സമയത്തിന് ഒരു ദിവസം മുമ്പുതന്നെ സര്‍ക്കാര്‍ അവസാനിപ്പിച്ചു. പാര്‍ലമെന്ററി മര്യാദകളെയും നടപടിക്രമങ്ങളെയും കാറ്റില്‍പറത്തി പാസാക്കിയെടുത്ത നിയമങ്ങളുടെ ഭാവി എന്തുതന്നെയാണെങ്കിലും തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യം രാജ്യത്തിനുമേല്‍ അടിച്ചേല്പിക്കുന്നതില്‍ വലിയൊരളവ് വിജയിച്ചുവെന്ന് മോഡി ഭരണകൂടത്തിന് തല്ക്കാലത്തേക്കെങ്കിലും ഊറ്റം കൊള്ളാം. പാര്‍ലമെന്ററി ജനാധിപത്യക്രമം അനിവാര്യമായും ആവശ്യപ്പെടുന്ന ചര്‍ച്ചകളോ കൂടിയാലോചനകളോ അഭിപ്രായ സമന്വയമോ കൂടാതെ ഏകപക്ഷീയമായി പാസാക്കിയെടുത്ത മൂന്ന് കര്‍ഷക മാരണ നിയമങ്ങള്‍ നിരുപാധികം പിന്‍വലിച്ചുകൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഈ നിയമങ്ങള്‍ പാസാക്കിയെടുത്ത ജനാധിപത്യവിരുദ്ധതയില്‍ വാശിയോടെ ഉറച്ചുനിന്ന്, യാതൊരു ചര്‍ച്ചകളും കൂടാതെയാണ് അവ പിന്‍വലിക്കപ്പെട്ടതും. എഴുന്നൂറ്റി അന്‍പതില്‍പ്പരം പൗരന്മാരുടെ ജീവന്‍ കവര്‍ന്നെടുത്ത, ഒരു വര്‍ഷക്കാലം കാര്‍ഷിക സമ്പദ്ഘടനയില്‍ അഭൂതപൂര്‍വമായ പ്രത്യാഘാതം സൃഷ്ടിച്ച നിയമങ്ങള്‍ യാതൊരു ചര്‍ച്ചയും കൂടാതെ പിന്‍വലിക്കുന്നതിന് നടന്ന ഭരണകൂട ഗൂഢാലോചന ശീതകാല സമ്മേളനം തുറന്നുകാട്ടുന്നു. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള ഉപരിസഭയില്‍ ഉയര്‍ന്നുവന്നേക്കാവുന്ന വിചാരണയെ കാലേക്കൂട്ടി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഒരു ഡസന്‍ പ്രതിപക്ഷാംഗങ്ങളെ കീഴ്‌വഴക്കങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായി സമ്മേളന കാലയളവില്‍ പുറത്തുനിര്‍ത്താന്‍ ഭരണപക്ഷം ഗൂഢാലോചന നടത്തിയത്.


ഇതുംകൂടി വായിക്കാം; ജനാധിപത്യത്തിന്റെ മരണമണിമുഴക്കം


കര്‍ഷക മാരണനിയമങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള പാര്‍ലമെന്ററി നടപടി ക്രമങ്ങള്‍ ഓരോന്നും പാര്‍ലമെന്ററി ജനാധിപത്യത്തോടും ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള ബിജെപി ഭരണകൂടത്തിന്റെ സമ്പൂര്‍ണ നിരാകരണത്തിന്റെ തെളിവുകളായി ചരിത്രത്തില്‍ സ്ഥാനം പിടിക്കും. വോട്ടവകാശം എന്ന പൗരന്റെ മൗലികാവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കപ്പെടുത്തുന്ന 2021 ലെ തെരഞ്ഞെടുപ്പ് ഭേദഗതി നിയമം യാതൊരു പരിശോധനയ്ക്കും ചര്‍ച്ചയ്ക്കും ഇടനല്കാതെയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. ആധാര്‍ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് നിരക്കാത്ത നിയമഭേദഗതി രാജ്യത്തെ ഗണ്യമായ ഒരു വിഭാഗം പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാനുള്ള ഭരണകൂട അജണ്ടയുടെ ഭാഗമാണെന്ന സംശയത്തെ സാധൂകരിക്കുന്നതാണ്. ആധാര്‍ നമ്പര്‍ നല്കാത്തതുകൊണ്ട് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള ഒരപേക്ഷപോലും നിരാകരിക്കപ്പെടില്ല എന്ന് ഭരണകൂടം ആവര്‍ത്തിക്കുന്നു. എന്നാല്‍ പ്രായോഗിക തലത്തില്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന ഇതിനകമുള്ള അനുഭവപാഠങ്ങള്‍ അവഗണിക്കാവുന്നതല്ല. നിയമനിര്‍മ്മാണം അവയുടെ ഗുണഭോക്താക്കളായ സാമാന്യ ജനങ്ങള്‍ക്ക് എന്തു നല്‍കുന്നു എന്നതിലുപരി അവര്‍ക്ക് എന്തൊക്കെ നിഷേധിക്കാമെന്നതാണ് മോഡി ഭരണകൂടത്തിന്റെ ഏക പരിഗണന എന്നത് ആവര്‍ത്തിച്ചു തെളിയിക്കുകയാണ്. തങ്ങളുടെ നിക്ഷിപ്തവും ദുരുപദിഷ്ടവുമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിയമനിര്‍മ്മാണ പ്രക്രിയയെ ആയുധമാക്കി മാറ്റുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 2021 ലെ ശൈശവ വിവാഹ ഭേദഗതി നിയമം.

രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ ഏതാണ്ട് എല്ലാംതന്നെ സ്ത്രീപുരുഷ ഭേദമന്യേ വ്യക്തി 18 വയസോടെ ശൈശവദശ പിന്നിട്ട് പ്രായപൂര്‍ത്തി കൈവരിക്കുന്നതായി വ്യവസ്ഥ ചെയ്യുന്നു. വോട്ടവകാശമടക്കം അത്തരം പൗരാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന നിരവധി നിയമങ്ങള്‍ നിലനില്ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അവഗണിച്ചാണ് കേന്ദ്ര ഭരണകൂടം അവരുടെ വര്‍ഗീയ രാഷ്ട്രീയ അജണ്ട രാജ്യത്തിനുമേല്‍ അടിച്ചേല്പിക്കാന്‍ മുതിര്‍ന്നിരിക്കുന്നത്. ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിയമനിര്‍മ്മാണ പരമ്പരകള്‍ ഓരോന്നും നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മരണമണിയാണ് ഉയര്‍ത്തുന്നത്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.