21 May 2024, Tuesday

Related news

May 20, 2024
May 19, 2024
May 19, 2024
May 9, 2024
May 8, 2024
May 8, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024

സിബിഐ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഭരണകക്ഷിയുടെ ചട്ടുകം

Janayugom Webdesk
ന്യൂഡൽഹി
September 20, 2022 11:02 pm

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ സിബിഐ എന്ന ഇന്ത്യയിലെ പ്രധാന അഴിമതി വിരുദ്ധ ഏജൻസി കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. കോടതി രേഖകളുടെയും ഔദ്യോഗിക രേഖകളുടെയും ഏജൻസി റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന 2004–14 ഘട്ടത്തില്‍ 72 രാഷ്ട്രീയ നേതാക്കളാണ് സിബിഐ അന്വേഷണ പരിധിക്ക് കീഴിൽ വന്നത്. അവരിൽ 43 പേർ (60 ശതമാനം) പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവരായിരുന്നു. മോഡിയുടെ നേതൃത്വത്തിലുള്ള എട്ട് വർഷത്തെ ഭരണത്തിലാകട്ടെ 124 പ്രമുഖ നേതാക്കളെങ്കിലും സിബിഐ അന്വേഷണം നേരിട്ടു. അതിൽ 118 പേർ അഥവാ 95 ശതമാനം പ്രതിപക്ഷത്തുനിന്നുള്ളവരാണ്. യുപിഎ കാലത്തും എൻഡിഎ കാലത്തും കാണുന്ന സമാനത ഏതെങ്കിലും നേതാവ് ഭരണപക്ഷത്തേക്ക് മാറുമ്പോൾ അയാള്‍ക്കെതിരായ സിബിഐ കേസ് ഇല്ലാതാകും എന്നതാണ്.

കോമൺവെൽത്ത് ഗെയിംസ്, കൽക്കരിപ്പാടം അനുവദിക്കൽ ടുജി സ്പെക്ട്രം തുടങ്ങിയ അഴിമതികൾ യുപിഎ ഭരണത്തെ പിടിച്ചുലച്ച 2004–14 കാലത്ത് സിബിഐ അന്വേഷണവിധേയമാക്കിയ 72 പ്രധാന നേതാക്കളിൽ 29 പേരും കോൺഗ്രസിൽ നിന്നോ സഖ്യകക്ഷികളിൽ നിന്നോ ഉള്ളവരാണ്. എന്നാല്‍ മോഡി ഭരണത്തില്‍ എൻഡിഎ ഇതര കക്ഷികളെ വേട്ടയാടുമ്പോള്‍ ബിജെപിയുടെ വെറും ആറ് നേതാക്കൾക്കെതിരെ മാത്രമാണ് സിബിഐ അന്വേഷണം.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് തുടങ്ങിയ പ്രമുഖ കോൺഗ്രസ് രാഷ്ട്രീയക്കാരുടെ അടുത്ത ബന്ധുക്കളും സിബിഐയുടെ അന്വേഷണ പരിധിയിൽ വന്നു. അമരീന്ദര്‍ സിങ് കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നു. സ്കൂൾ ജോലിക്ക് പണം വാങ്ങിയെന്ന കേസിൽ തൃണമൂല്‍ മന്ത്രി പാർത്ഥാ ചാറ്റർജിയെ അറസ്റ്റ് ചെയ്തത് രണ്ട് മാസം മുമ്പാണ്. അതിർത്തി കടന്നുള്ള പശുക്കടത്ത് റാക്കറ്റിലെ പങ്ക് ആരോപിച്ച് തൃണമൂൽ നേതാവ് അനുബ്രത മൊണ്ടലിനെയും അറസ്റ്റ് ചെയ്തു.

ആർജെഡിയിൽ നിന്നും ബിജെഡിയിൽ നിന്നും 10 പേർ വീതം അന്വേഷണം നേരിടുന്നു. ഈ രണ്ട് പ്രതിപക്ഷ പാർട്ടികള്‍ യഥാക്രമം ബിഹാറിലും ഒഡിഷയിലും ഭരണം നടത്തുന്നു. 2013ൽ ഡിഎംകെ യുപിഎ വിട്ട് രണ്ട് ദിവസത്തിനകം ആഡംബര കാറുകൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി നേതാവ് എം കെ സ്റ്റാലിന്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തി. കഴിഞ്ഞ മാസം ബിജെപി ബന്ധം ഉപേക്ഷിച്ച് ആർജെഡിയുമായി ചേർന്ന് രൂപീകരിച്ച ജെഡിയു സർക്കാർ വിശ്വാസവോട്ട് തേടുന്ന ദിവസം ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി ബന്ധമുള്ള നേതാക്കളുടെ കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.

എട്ടുവര്‍ഷത്തിനിടെ 118 പ്രതിപക്ഷ നേതാക്കള്‍

മോഡി ഭരണത്തിലെത്തിയ 2014 മുതൽ സിബിഐ അന്വേഷണം നേരിടുന്ന 118 പ്രതിപക്ഷ നേതാക്കളിൽ തൃണമൂൽ കോൺഗ്രസ് (30), കോൺഗ്രസ് (26) എന്നിവരാണ് മുന്നിൽ. ആർജെഡി (10), ബിജെഡി (10), വൈഎസ്ആർസിപി (6), ബിഎസ്‌പി (5), ടിഡിപി (5), എഎപി (4). ), എസ്‌പി (4), എഐഎഡിഎംകെ (4), സിപിഎം (4), എൻസിപി (3), എൻസി (2), ഡിഎംകെ (2), പിഡിപി (1), ടിആർഎസ് (1), മറ്റുള്ളവര്‍ (1) എന്നിങ്ങനെയാണ് ബിജെപി സര്‍ക്കാര്‍ സിബിഐയെ കൊണ്ട് കേസെടുപ്പിച്ച നേതാക്കള്‍. യുപിഎ കാലത്ത് സിബിഐ അന്വേഷണം നേരിട്ട 43 പ്രതിപക്ഷ നേതാക്കളിൽ 12 പേര്‍ ബിജെപിക്കാരായിരുന്നു.

Eng­lish Summary:Ruling par­ty’s shov­el against CBI oppo­si­tion leaders
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.