22 November 2024, Friday
KSFE Galaxy Chits Banner 2

രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2022 12:19 pm

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച. ഡോളറിനെതിരേ എക്കാലത്തെയും താഴ്ന്ന നിരക്കായ 77.42 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിലും ഇടിവ് തുടർന്നു. സെൻസെക്സ് 1.34 ശതമാനം അഥവാ 736.07 പോയിന്റുകൾ ഇടിഞ്ഞ് 54,099.51 ൽ എത്തി. നിഫ്റ്റി ഇൻഡെക്സുകൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
ആഗോള വിപണിയിലെ മാന്ദ്യത്തിനിടയിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം തിങ്കളാഴ്ച രാവിലെ എക്കാലത്തെയും താഴ്ന്ന നിരക്കായ 77.42 എന്ന നിലയിലേക്ക് ഇടിഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ 77.17 ലാണ് രൂപയുടെ മൂല്യം ആരംഭിച്ചത്. വെള്ളിയാഴ്ചത്തെ ക്ലോസിങ് മൂല്യമായ 76.90 ൽ നിന്ന് 52 ​​പൈസയുടെ ഇടിവാണ് ഇന്നലെ തുടക്കത്തിൽ തന്നെ ഉണ്ടായത്. നാസ്ഡാക്ക്, എസ് ആന്റ് പി 500 എന്നിവയുൾപ്പെടെ അമേരിക്കൻ ഓഹരി വിപണികൾക്കും തിരിച്ചടി നേരിട്ടു. ടോക്കിയോയുടെ നിക്കി 225, ഹോങ്കോങ്ങിന്റെ ഹാങ് സാങ് എന്നിവയുടെ ഓഹരികളും ഇടിഞ്ഞു.

യുപിഎൽ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിൻസെർവ്, പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ എന്നിവ നഷ്ടത്തിലായി.
ഫെഡറൽ റിസർവിൽ നിന്നുള്ള നയങ്ങൾ കൂടുതൽ കർശനമാക്കുമെന്ന ഭയവും ഷാങ്ഹായിലെ കർശനമായ ലോക്ക്ഡൗണുമാണ് വിപണിയെ പിന്നിലേയ്ക്ക് വലിച്ചതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഇടിഞ്ഞതിനെ തുടർന്നാണ് ഏഷ്യൻ വിപണികൾ താഴ്ന്നത്. ഷാങ്ഹായിലെ കോവിഡ് ലോക്ക്ഡൗൺ കർശനമാക്കിയതാണ് ഏഷ്യൻ ഓഹരി വിപണികളെ ബാധിച്ചത്. ചൈനീസ് നടപടി ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന നിക്ഷേപകരുടെ ആശങ്കഓഹരി വിപണിയിൽ ഇടിവുണ്ടാക്കി. ഏഷ്യൻ ഓഹരികൾ ഇടിഞ്ഞതിനെത്തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും നഷ്ടം രേഖപ്പെടുത്തി. ആഘാതം രൂപയുടെ മൂല്യത്തേയും ബാധിച്ചു.

 

പണപ്പെരുപ്പം കൂട്ടും

ആഗോളതലത്തിൽ രൂപയുടെ വിലയിടിവ് തുടരുന്നത് രാജ്യത്ത് വലിയതോതിൽ പണപ്പെരുപ്പം ഉണ്ടാക്കുമെന്ന് ധനകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പണപ്പെരുപ്പം വർധിച്ചാൽ വിലക്കയറ്റം രൂക്ഷമാകുമെന്നും ജനജീവിതം ദുസ്സഹമാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘ഈസി മണി’ നയവുമായി മുന്നോട്ടുപോകാൻ ആർബിഐക്ക് പോലും കഴിയില്ലെന്നാണ് രണ്ടുദിവസം മുമ്പ് അപ്രതീക്ഷിതമായി റിപ്പോ-സിആർആർ നിരക്കുകൾ വർധിപ്പിച്ച നടപടി സൂചിപ്പിക്കുന്നത്. ജൂണിൽ അടിസ്ഥാന പലിശനിരക്കുകൾ 0. 25 ശതമാനം ഉയർത്തുമെന്നാണ് പൊതുവിൽ കണക്കുകൂട്ടിയിരുന്നത്. എന്നാൽ റിപ്പോ, സിആർആർ എന്നിവ ഒരുമിച്ച് ഉയർത്തുകയാണ് ആർബിഐ ചെയ്തത്. പണത്തിന്റെ ഒഴുക്ക് കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ പിടിവിട്ടുപോകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.

റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനെ പോലുള്ളവർ നേരത്തേ ഈ മുന്നറിയിപ്പ് നൽകിയിരുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും പിടിവിട്ട് മുന്നേറുമ്പോഴും വളർച്ചാ നിരക്ക് നിലനിർത്തുന്നതിനുവേണ്ടി സ്വീകരിച്ച ഉദാസീന നിലപാടിന് ഇപ്പോൾ കനത്തവില നൽകേണ്ടിവന്നിരിക്കുകയാണ്.
എന്നാൽ, പലിശ ഉയരുന്നത് സാമ്പത്തിക പ്രവർത്തനങ്ങളെ, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം വ്യവസായമേഖലയെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ഉയരുന്നതോടെ നിലവിൽ വായ്പ എടുത്തിട്ടുള്ളവരുടെ ബാധ്യത വർധിപ്പിക്കും. പുതിയ വായ്പകൾ കുറയുകയും ചെയ്യും.

Eng­lish sum­ma­ry; Rupee hits record low against dollar

You may also like this video;

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.