പരമ്പരാഗതമായി ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി നടത്തുന്ന സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്ന് കഴിഞ്ഞമാസം റഷ്യ മുന്നിലെത്തി. ഉക്രെയ്നിലെ റഷ്യന്‍ പ്രത്യേക സൈനിക നടപടിയെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങളുയര്‍ത്തിയ എതിര്‍പ്പുകളെയും ഉപരോധങ്ങളെയും മറികടന്നാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചത്. എനര്‍ജി കാര്‍ഗോ ട്രാക്കറായ വോര്‍ടെക്സയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ ആകെ ആവശ്യമായ എണ്ണയുടെ 0.2 ശതമാനം മാത്രമായിരുന്നു ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. എന്നാൽ ഒക്ടോബറിൽ ഇന്ത്യയ്‌ക്ക് പ്രതിദിനം 935,556 ബാരൽ(ബിപിഡി) ക്രൂഡ് ഓയിൽ വിതരണം റഷ്യ ചെയ്തു . എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ഇന്ത്യ ആകെ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 22 ശതമാനവും ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്. ഇറാഖില്‍ നിന്ന് 20.5, സൗദി അറേബ്യയില്‍ നിന്ന് 16 ശതമാനവുമാണ് ഇറക്കുമതി ചെയ്യുന്നത്.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് ഇന്ധന വില്പനയ്ക്ക് വിലക്കിഴിവ് ആരംഭിച്ചതോടെയാണ് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ റഷ്യയില്‍ നിന്ന് പ്രതിദിനം 36,255 ബാരല്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തിരുന്നത്. ഈ സമയം ഇറാഖില്‍ നിന്ന് 1.05 ദശലക്ഷവും സൗദി അറേബ്യയില്‍ നിന്ന് 9,52,625 ബിപിഡി ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തിരുന്നതെന്ന് വോര്‍ടെക്സയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്നുള്ള രണ്ട് മാസങ്ങളില്‍ റഷ്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്തില്ല. മാര്‍ച്ചില്‍ ഇറക്കുമതി പുനരാരംഭിക്കുകയും ചെയ്തു. ഫെബ്രുവരി അവസാനത്തോടെയാണ് ഉക്രെയ്നില്‍ യുദ്ധസമാനമായ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
മാര്‍ച്ചില്‍ 68,600 ബിപിഡി ആയിരുന്നത് അടുത്തമാസങ്ങളില്‍ 2,66,617 ആയി വര്‍ധിച്ചു. ജൂണില്‍ ഇത് 9,42,694 ബിപിഡി എന്ന ഉയര്‍ന്ന അളവിലേക്ക് എത്തി. പക്ഷേ ജൂണ്‍ മാസത്തില്‍ ഇറാഖില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത്. 1.04 ദശലക്ഷം ബിപിഡിയായിരുന്നു ഇറാഖില്‍ നിന്നുള്ള ഇറക്കമതി. റഷ്യ രണ്ടാം സ്ഥാനത്തേയ്ക്ക് എത്തിച്ചേര്‍ന്നു. തുടർന്നുള്ള രണ്ട് മാസങ്ങളിൽ ഇറക്കുമതിയിൽ നേരിയ കുറവുണ്ടായി. വോർടെക്‌സയുടെ കണക്കനുസരിച്ച് സെപ്തംബറിൽ 876,396 ബിപിഡി ആയിരുന്നു ഇറക്കുമതി ചെയ്തത്. ഉക്രെയ്നിലെ യുദ്ധസാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിനെതിരെ ഇന്ത്യക്ക് നേരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സ്ഥലത്തുനിന്ന് വാങ്ങുകയെന്ന നയം മാത്രമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
English Summary: Russia became the largest partner in the oil trade
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.