സാധാരണമായ മനുഷ്യജീവിതത്തെ, ചിന്തകളെ കലയുടെ അസാധാരണമായ സൗന്ദര്യസങ്കല്പങ്ങളിലേക്ക് പരിവർത്തിപ്പിച്ച എഴുത്തുകാരനാണ് വിനോദ് കുമാർ ശുക്ല. ഭാരതത്തിന്റെ 59 -ാമത്തെ ജ്ഞാനപീഠം അവാർഡ് ഹിന്ദിയിലെ ഈ പ്രശസ്തനായ എഴുത്തുകാരനാണ് ലഭിച്ചത്. കവി, ലേഖകൻ, കഥാകാരൻ എന്നീ നിലകളിൽ അദ്ദേഹം അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നു. ഹിന്ദി സാഹിത്യത്തിലെ സമകാലിക എഴുത്തുകാരൻ എന്ന നിലയിൽ മുൻ നിരയിലാണ് അദ്ദേഹം. ഹിന്ദി സാഹിത്യത്തിൽ ഈ അവാർഡ് ലഭിക്കുന്ന പന്ത്രണ്ടാമത്തെ ആൾ. ഛത്തീസ്ഗഡിൽ നിന്നും ആദ്യമായി ജ്ഞാനപീഠ അവാർഡിന് അർഹനാകുന്ന എഴുത്തുകാരനും വിനോദ് കുമാർ ശുക്ലയാണ്. ഹിന്ദി സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവനകളാണ് അദ്ദേഹത്തെ ജ്ഞാനപീഠ അവാർഡിന് അർഹനാക്കിയത്. 1999 ൽ അദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാർഡിന് അർഹനായിട്ടുണ്ട്. 2023 ൽ പെൻ നബക്കോഫ് അവാർഡും ലഭിച്ചിട്ടുണ്ട്.
‘വിനോദ് കുമാർ ശുക്ലയുടെ കലയിൽ ലഘുത്വമാണ് കാണാൻ കഴിയുക. അവയിൽ അന്തർലീനമായി കിടക്കുന്ന കഥകൾ സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ ഉജ്വലമായ ആന്തരിക സംഘർഷങ്ങളുടെ ഘനമേറിയ അവതരണമാണ്. സാധാരണത്വത്തിന്റെ അസാധാരണമായ എഴുത്ത്. നാം കാണാത്ത ഭാവനയുടെ അസാധാരണ തലങ്ങളിലേക്ക് ഒരു പ്രതിഭാശാലിയുടെ കാവ്യപ്രയാണം.
അയൽക്കാരും സുഹൃത്തുക്കളും വിനോദ് കുമാർ ശുക്ലയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഓരോ ദിവസത്തെയും ശൂന്യതകളെയും വിരസതയെയും ഒഴിവാക്കി തന്റെ ചിന്തകളെ സമ്പുഷ്ടമാക്കാൻ അവരുടെ സാന്നിധ്യം അദ്ദേഹം ഇഷ്ടപ്പെടുന്നു. അവരുടെ സന്ദർശനങ്ങളെയും ചർച്ചകളെയും പോലും കവി തന്റെ സൃഷ്ടികൾക്ക് വിഷയമാക്കുന്നു. ‘ആ മനുഷ്യൻ ഒരു പുതിയ വൂളൻകോട്ട് ധരിച്ചു എന്നിട്ട് ഒരു ചിന്തയെപ്പോൽ ഇറങ്ങിപ്പോയി’,
‘ബസ് എത്തിയപ്പോൾ ഞാൻ ഒരു മരം ആദ്യം കയറാൻ വേണ്ടി കാത്തു നിന്നു’ എന്നൊക്കെയാണ് വിനോദ് കുമാർ ശുക്ല തന്റെ കവിതകളിൽ എഴുതുന്നത്. അവ വായനക്കാരന് പകർന്നു തരുന്ന ചിന്തയുടെ ആഴങ്ങൾ എത്ര അഗാധമായുള്ളതാണ്.
‘ഇതുവരെയും മഴ പെയ്തില്ല
ഞങ്ങളുടെ വീടിനു മുന്നിലെ മരം മുറിക്കാൻ തീരുമാനിച്ചു
അതാണോ കാരണം?’ മറ്റൊരു കവിതയിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു. തന്റെ രചനകളിൽ അദ്ദേഹം നിർമ്മിക്കുന്ന ഇമേജുകൾ ശക്തമാണ്. ചലച്ചിത്രകാരൻമാർക്ക് അത് വായിക്കുമ്പോൾ ചലച്ചിത്ര കാഴ്ചകൾ മനസിൽ സൃഷ്ടിക്കാറുണ്ടത്രേ. അതുകൊണ്ടാണ് മണി കൗളിനെ പോലെയുള്ള സംവിധായകർ അദ്ദേഹത്തിന്റെ കഥകൾ സിനിമയാക്കിയത്.
യാത്രകൾ ധാരാളം ചെയ്യുമായിരുന്ന ഈ എഴുത്തുകാരന് ഒരുപാട് രാജ്യങ്ങളിൽ സഞ്ചരിക്കാൻ അവസരം ഉണ്ടായിട്ടും പറയാനുള്ളത്, ‘നമ്മൾ കാണാൻ ആഗ്രഹിക്കുന്നത് കിട്ടുന്നത് നമ്മുടെ നാട്ടിൽ നിന്ന് തന്നെയാണ്’ എന്നാണ്. തന്റെ നാടായ ഛത്തീസ്ഗഢിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന ആദിവാസി ജനതയുടെ ജീവിതവ്യഥകളെ അദ്ദേഹം തന്റെ കവിതയിലൂടെ പുറംലോകത്തെ അറിയിച്ചിട്ടുണ്ട് പലപ്പോഴും. അതുകൊണ്ടാവാം അദ്ദേഹം ഇങ്ങനെ എഴുതിയത്, ‘നിങ്ങൾ ഒരു ശബ്ദം കേട്ടോ, അത് ഒരു ആദിവാസി തന്റെ ജീവൻ രക്ഷപ്പെടുത്താൻ വേണ്ടി ഒളിച്ച ശബ്ദമാകാം’ എന്ന്.
എഴുത്തുകാർ തങ്ങളുടെ കൃതികളുടെ കാര്യത്തിൽ വലിയ ജാഗ്രത പുലർത്തണമെന്നാണ് ഈ എഴുത്തുകാരന്റെ അഭിപ്രായം. സമൂഹത്തിൽ സാഹിത്യത്തിന് ഇടമില്ലെന്ന് കരുതുന്നവരുടെ ഒരു തലമുറ ഇന്നുണ്ട്. അത് ഒരു പരിധിവരെ ശരിയാകാം. എന്നാലും അതിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം എഴുതുന്നു. യുവാക്കളെ കുറ്റപ്പെടുത്തുന്നതിനോട് അദ്ദേഹം യോജിക്കുന്നില്ല. അദ്ദേഹത്തിൻറെ കൃതികൾ വായിക്കുന്നവരിൽ നല്ലൊരു പങ്കും യുവാക്കളാണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. പുതിയ ആസ്വാദകരെ സൃഷ്ടിക്കാനുള്ള ഉപായങ്ങൾ സ്വയം കണ്ടെത്താൻ ഓരോ എഴുത്തുകാരനും കഴിയണം എന്നാണ് അദ്ദേഹം പറയുന്നത്. സ്വന്തം രചനകൾ അദ്ദേഹത്തിന്റെ മനസിന് വളരെ സുഖമേകുന്നു. അവ സമൂഹത്തിൽ എന്തെങ്കിലും തരത്തിലുള്ള പരിഷ്കാരം സാധ്യമാക്കുമെന്നോ ഒന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. സമൂഹത്തിൽ വലിയ പരിവർത്തനങ്ങൾ സൃഷ്ടിക്കുവാൻ തനിക്ക് കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നില്ല. ‘ലോകത്ത് ജീവിക്കുന്ന അനേകം മനുഷ്യരിൽ ഒരാൾ മാത്രം താൻ’ എന്ന് തന്നെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നു. ബാക്കിയെല്ലാം അദ്ദേഹത്തിന് സ്വന്തം പ്രതിഭയുടെ സർഗ പ്രവർത്തനങ്ങൾ ആണ്. മുന്നേ പോയവരും സമകാലികരും എന്തെഴുതുന്നു എന്ന് നോക്കിയല്ല എഴുതേണ്ടത്. സ്വന്തം വഴി അവനവൻ കണ്ടെത്തണം. സ്വന്തം ഭാവനകളും ഭാവങ്ങളും അവരവർ തേടിപ്പിടിക്കണം. മറ്റുള്ളവർ യോജിക്കുന്നു അല്ലെങ്കിൽ വിയോജിക്കുന്നു എന്നത് എഴുതുന്ന വേളയിൽ വേവലാതിപ്പെടേണ്ട വിഷയമല്ല. ഇതൊക്കെയാണ് സ്വന്തം എഴുത്തിനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ഛത്തീസ്ഗഡിലെ റായിപൂരിൽ തന്റെ 88-ാം വയസിലും എഴുത്തിൽ സജീവമായി, സർഗാത്മകമായ ജീവിതം നയിക്കുന്ന വിനോദ് കുമാർ ശുക്ല ഇന്ത്യൻ സാഹിത്യത്തിന് തല ഉയർത്തിപ്പിടിക്കാവുന്ന അഭിമാനമാണ് സമ്മാനിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.