
ശബരിപാത സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെ കേന്ദ്രസർക്കാരിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു, അമ്പതു വർഷത്തിനകമെങ്കിലും ശബരിപാത യാഥാർത്ഥ്യമാവുമോ? റെയിൽ വികസനം സ്വപ്നം കാണുന്ന മലയാളികൾ ഒന്നാകെ ചോദിക്കുന്നതും ഇതുതന്നെയാണ്. എന്നാൽ പ്രതീക്ഷ കൈവെടിയാറായിട്ടില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശബരി പാതയ്ക്ക് പണം അനുവദിക്കുമെന്ന സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം തന്നെ ഇതിൽ മുഖ്യം.
കേന്ദ്ര ബജറ്റിൽ കേരളത്തിലെ റെയിൽവേ മേഖലയെ പൂർണമായും അവഗണിച്ചപ്പോഴാണ് സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. ശബരി റെയിൽ പദ്ധതിക്കായി ത്രികക്ഷി കരാർ സമർപ്പിക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മാത്രമായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പരാമർശം. കേന്ദ്രത്തിന്റെ അവഗണന കൊണ്ടുമാത്രം നിലച്ചുപോയ ഈ പദ്ധതിക്ക് മധ്യ കേരളത്തിന്റെ മലയോര മേഖലയുടെ മുഖച്ഛായ മാറ്റുവാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
1997ലെ റെയിൽവേ മന്ത്രി രാം വിലാസ് പാസ്വാന്റെ ബജറ്റിലൂടെയാണ് ശബരി പാതയെന്ന സ്വപ്നപദ്ധതി മലയാളികളുടെ മനസിൽ ഇടം നേടിയത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി — എരുമേലി ശബരി പാതയ്ക്ക് പലതവണ എസ്റ്റിമേറ്റ് പുതുക്കിയിട്ടുണ്ട്. ചെലവിന്റെ 50 ശതമാനം കേരളം വഹിക്കുമെന്ന് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ റിസർവ് ബാങ്കുമായുള്ള ത്രികക്ഷി കരാർ ഉണ്ടാക്കിയാൽ മാത്രമേ പാതയെ പരിഗണിക്കുവെന്നാണ് റെയിൽവേ മന്ത്രലയത്തിന്റെ നിലപാട്. 3,810 കോടി ചെലവു വരുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും റിസർവുബാങ്കുമായി ചേർന്ന് കരാർ വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഏതെങ്കിലും കാരണത്താൽ കേരളം റെയിൽവേക്ക് പണം നൽകിയില്ലെങ്കിൽ ആ തുക റിസർവ് ബാങ്ക് കേരളത്തിനുള്ള വിഹിതത്തിൽ കുറവ് ചെയ്യുന്നതാണ് ത്രികക്ഷി കരാർ. എന്നാൽ സംസ്ഥാനത്തിന് അധിക ബാധ്യത വരുന്നതിനാൽ കരാറിൽ ഒപ്പുവയ്ക്കേണ്ടതില്ല എന്നാണ് കേരളത്തിന്റെ നിലപാട്.
പദ്ധതിക്കുളള 50 ശതമാനം തുക കിഫ്ബി വഴി വഹിക്കാമെന്നും ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധിയിൽ നിന്ന് ഒഴിവാക്കണമെന്നുമുള്ള ആവശ്യമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. ഇത് അംഗീകരിക്കാതെ റെയിൽവേ മന്ത്രാലയം മുഖം തിരിച്ചതാണ് പദ്ധതി നീളാനുള്ള പ്രധാന കാരണം. ആദ്യഘട്ടത്തിൽ അങ്കമാലി — എരുമേലി — നിലയ്ക്കൽ പാത സിംഗിൾ ലൈനായി പൂർത്തീകരിച്ച് വികസന ഘട്ടത്തിൽ ഇരട്ടിപ്പിക്കൽ പരിഗണിക്കാമെന്നാണ് കേരളത്തിന്റെ നിലപാട്. ഇതിനായി 3,810 കോടി രൂപയുടെ എസ്റ്റിമേറ്റാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്. എന്നാൽ ഇരട്ടപ്പാതയാക്കണമെന്നും പമ്പ വരെ നീട്ടണമെന്നും റെയിൽവേ ആവശ്യപ്പെടുന്നു.
കേന്ദ്രം നിർദേശിച്ച അങ്കമാലി മുതൽ ചെങ്ങന്നൂർ വഴി പമ്പയിലേക്കുള്ള റെയിൽപ്പാതയ്ക്ക് 201 കിലോമീറ്റർ ദൈർഘ്യം വരും. ആലപ്പുഴ, പത്തനംതിട്ട വഴിയാണ് പാത പോകുന്നത്. എന്നാൽ കേരളം നിർദേശിക്കുന്ന അങ്കമാലി — എരുമേലി — പമ്പ പാതയുടെ ദൈർഘ്യം 145 കിലോമീറ്റർ മാത്രമാണ്. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പാതയാണ് ഇത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായ സാഹചര്യത്തിൽ എരുമേലിയിൽ നിന്നും നിലയ്ക്കലിലേക്കും അവിടെ നിന്നും റെയിൽവേ കടന്നുപോകാത്ത മേഖലകളെ കൂടി ഉൾപ്പെടുത്തി തിരുവനന്തപുരത്തേക്കും പാത നീട്ടണമെന്ന നിർദേശങ്ങളും സംസ്ഥാനത്തിന്റെ സജീവ പരിഗണനയിലാണ്.
കേന്ദ്രം നിർദേശിക്കുന്ന ഇരട്ടപ്പാതയാകുമ്പോൾ ചെലവ് 9,600 കോടിയായി ഉയരും. ഇതിന്റെ പകുതി വിഹിതമായി 4,500 കോടിയിലേറെ കേരളത്തിന് കണ്ടെത്തേണ്ടിവരും. ഇത്രയും ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പദ്ധതിക്കായി എട്ട് കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായിരുന്നു. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള ഏഴ് കിലോമീറ്റർ പാതയുടെ നിർമ്മാണം വളരെ മുമ്പുതന്നെ പൂർത്തീകരിച്ചിരുന്നു. ഈ ഭാഗത്ത് രണ്ട് മേൽപ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമ്മാണവും വിഭാവനം ചെയ്തിരുന്നു. അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2019 ൽ റെയിൽവേ ബോർഡ് പദ്ധതി മരവിപ്പിക്കുകയാണെന്നറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. ഇതോടെ പദ്ധതി പാതിവഴിയിൽ നിലച്ചു.
പദ്ധതിക്കായി കല്ലിട്ട 70 കിലോമീറ്റർ ദൂരത്തിലുള്ള ജനങ്ങളാണ് ഏറെ പ്രതിസന്ധിയിലായത്. ഈ പ്രദേശത്തെ സ്ഥലം വിൽക്കുവാനോ ബാങ്ക് വായ്പ എടുക്കുവാനോ സാധിക്കില്ല. ചികിത്സയ്ക്കോ കടം വീട്ടാനോ മക്കളുടെ വിവാഹത്തിനോ വിദ്യാഭ്യാസത്തിനോ പണം കണ്ടെത്താൻ കഴിയാത്ത ഗുരുതര പ്രതിസന്ധിയിലാണ് സ്ഥലമുടമകളിൽ പലരും.
പദ്ധതി നടപ്പിലായാൽ അതു ഗുണകരമാവുന്നത് ശബരിമല തീർത്ഥാടകർക്ക് മാത്രമല്ല, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളുടെ മലയോര മേഖലകൾക്കു കൂടിയാണ്. ചരക്കുനീക്കത്തിലൂടെ റെയിൽവേക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്ന പാത കൂടിയാണിത്. തടിവ്യാപാരത്തിന്റെ കേന്ദ്രവും അരിമില്ലുകളുടെ കേന്ദ്രവും പൈനാപ്പിൾ, ഏലം, കുരുമുളക്, റബ്ബർ തുടങ്ങിയ കാർഷികോല്പന്നങ്ങളുടെ കേന്ദ്രങ്ങളുമെല്ലാം ഈ പാതയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. വിനോദ സഞ്ചാര മേഖലയ്ക്കും പാത ഗുണകരമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.