November 23, 2023 Thursday

Related news

November 15, 2023
November 9, 2023
November 8, 2023
November 3, 2023
October 30, 2023
October 28, 2023
September 27, 2023
September 23, 2023
September 19, 2023
September 18, 2023

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ്: പ്രവീണ്‍ റാണയുടെ സ്വത്തുക്കൾ കണ്ടുകെട്ടും

Janayugom Webdesk
തൃശൂര്‍
November 15, 2023 3:13 pm

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ആദം ബസാറിലും പുഴയ്ക്കലിലും പ്രവര്‍ത്തിക്കുന്ന സേഫ് ആന്‍ഡ് സ്‌ട്രോങ് കണ്‍സള്‍ട്ടന്‍സ്/ സേഫ് ആന്‍ഡ് സ്‌ട്രോങ്നിധി ലിമിറ്റഡ് ആന്‍ഡ് അലൈഡ് ഫേംസ് എന്ന സ്ഥാപനത്തിന്റയും സ്ഥാപന ഉടമകളുടെയും മറ്റ് പ്രതികളുടെയും പേരിലുള്ള ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ബഡ്സ് ആക്ട് 2019 പ്രകാരം താല്‍ക്കാലികമായി കണ്ടുകെട്ടുന്നതിന് ആണ് കലക്ടര്‍ ഉത്തരവിട്ടത്. നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അമിതപലിശ വാഗ്ദാനം ചെയ്ത് ജനങ്ങളില്‍ നിന്നും നിക്ഷേപംസ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെ കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെയും മേല്‍നോട്ടം വഹിക്കുന്നതിന് സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍, തൃശൂര്‍, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.

സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൾസൽട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് പണമിടപാട് സ്ഥാപനങ്ങൾ വഴിയും ബിസിനസ് ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു തട്ടിപ്പ് നടത്തിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്നായിരുന്നു നിക്ഷേപകര്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനം.

പ്രവീണ്‍ റാണക്കെതിരെ 12 ജില്ലകളിലായി 260 കേസുകളാണുള്ളത്. മൊത്തം 300 കോടിയോളം രൂപ തട്ടിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയനാട് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചതോടെ പത്തുമാസത്തിനുശേഷം കഴിഞ്ഞയാഴ്ച വിയ്യൂര്‍ ജില്ല ജയിലില്‍നിന്ന് റാണ പുറത്തിറങ്ങി. ഈ വർഷം ജനുവരി 11നാണ് റാണ അറസ്റ്റിലാവുന്നത്. അതിന് ഒരുമാസം മുമ്പ് റാണക്കെതിരെ പൊലീസില്‍ പരാതിയെത്തിയിരുന്നു. പൊലീസും പിന്നീട് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഒരു കേസില്‍ ജാമ്യം നേടുമ്പോൾ അടുത്തത് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു രീതി.

Eng­lish Sum­ma­ry: Safe and Strong Invest­ment Fraud: Praveen Rana’s assets to be confiscated

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.