എൻ എൻ കക്കാട് എന്ന കവിയും സഫലമീ യാത്ര എന്ന കവിതയും ഇഴ ചേർന്ന് കിടക്കുന്നുവെങ്കിൽ അത് ആസ്വാദക മനസിൽ വേറിട്ട് നില്കുന്ന ഒന്നായതുകൊണ്ടാണ്. രോഗാവസ്ഥയുടെ കാഠിന്യത്തിൽ പോലും തന്റെ ജീവിതയാത്രയുടെ തിരനോട്ടത്തിൽ യാത്ര സഫലമായി എന്നു വിലയിരുത്താൻ കവിക്ക് കഴിയുന്നു. സുന്ദരമായ മനസോടെ ജീവിതത്തെ നോക്കിക്കാണാൻ മരണാസന്നനായിട്ടും കവിക്ക് സാധിക്കുന്നു. ജീവിതത്തിന്റെ ദുരിതങ്ങൾ താണ്ടിയിട്ടും തന്റെ ജീവിതം സഫലമായിരുന്നു എന്ന് കവി ധൈര്യപൂർവം പറയുകയാണ്. കാലത്തെക്കുറിച്ച് കവിക്ക് വ്യക്തമായ ധാരണയുണ്ട്. കാലത്തിന്റെ സഞ്ചാര പഥത്തിൽ തടസങ്ങളുണ്ടാകില്ല. വിഷു വരും, തിരുവോണം വരും, ഓരോ തളിരിലും പൂവും, കായും വരും അക്കാര്യത്തിൽ കവിക്ക് ഉറപ്പുണ്ട്. ഉറപ്പില്ലാത്തതായി ഒന്നു മാത്രം. അപ്പോൾ ആരെന്നും, എന്തെന്നും ആർക്കറിയാം.
ജീവിതത്തിന്റെ നിസാരതയെ കവി ബോധ്യപ്പെടുത്തുന്നുണ്ട്. മരണമെന്നത് യാഥാർത്ഥ്യമെന്ന തിരിച്ചറിവ് ഈ കവിതയിലും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. കവിയുടെ മനസ് അസ്വസ്ഥമാണ്. അതുപോലെ രോഗാവസ്ഥയിൽ ശരീരവും. ഏകാന്തത കവിയെ മരണ ചിന്തയിൽ എത്തിക്കുന്നു. ഓരോ രാത്രി പുലരുമ്പോഴും ജീവിതത്തിന്റെ പുത്തൻ പ്രതീക്ഷകളാണ് കവിക്ക് സമ്മാനിക്കുന്നത്.
വാർധക്യം ബോധത്തെ ക്ഷയിപ്പിച്ചു കളയുന്നു.
ആകാശത്തിന്റെ വിദൂരതയിൽ നിഴലിക്കുന്ന നക്ഷത്രങ്ങളെ ഓർമ്മയുമായി ചേർത്തു വയ്ക്കുന്നു കവി. മരണത്തിനു ശേഷം ആത്മാക്കൾ നക്ഷത്രങ്ങളായി മാറുന്നു എന്ന ചിന്ത അദ്ദേഹത്തിൽ രൂപപ്പെട്ടോ എന്ന് സന്ദേഹിക്കുന്നു. ശരീരത്തെ പഴങ്കൂടായി കവി സങ്കല്പിക്കുന്നു. എപ്പോൾ വേണമെങ്കിലും ഈ കൂട് തകർന്നു പോയേക്കാം. രോഗാവസ്ഥയിൽ കഴിയുമ്പോഴാണ് തിരുവാതിരയുടെ കടന്നു വരവ്. സഖിയെ ചേർത്തു നിർത്തി തിരുവാതിരയെ സ്വീകരിക്കാൻ കവി മനസ് വെമ്പൽ കൊള്ളുകയാണ്. ശേഷിക്കുന്ന ജീവിതത്തിന്റെ നിമിഷങ്ങളെ സുന്ദരമാക്കിത്തീർക്കാൻ കവി വെമ്പൽ കൊള്ളുന്നു. പ്രിയ സഖിയോടൊപ്പം ജീവിച്ച് കൊതി തീരാത്തതിന്റെ ദുഃഖവും ഈ കവിതയിലെ വരികളിൽ വായിച്ചെടുക്കാം. ആർദ്രമായ ധനുമാസ രാത്രികളിൽ ഒന്നിൽ തിരുവാതിര വരും. പോകും. അല്ലേ സഖീ.
ഞാനീ ജനലഴിയിൽ പിടിച്ചു നിൽക്കുമ്പോ നീ എന്റെ മുന്നിൽ നില്ക്കുക. സഫലമാകട്ടെ എന്റെ യാത്ര…
എൻ എൻ കക്കാടിന്റെ സഫലമീ യാത്ര എന്ന കവിതയെ വിലയിരുത്തുമ്പോൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.